അഗതാക്രിസ്റ്റിയുടെ ദി മൗസ്ട്രാപ്പ് എന്ന നാടകം ആദ്യമായി വേദിയിലെത്തിയത് 1952 നവംബർ 25നായിരുന്നു. നാടകം ആദ്യമായി പ്രവർത്തിച്ചത് ലണ്ടനിലെ അംബാസഡേഴ്സ് തിയേറ്ററിലായിരുന്നു. 1947ൽ അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ എൺപതാം പിറന്നാൾ ദിനത്തിൽ ത്രീ ബൈ്ലൻഡ് മൈസ് എന്ന പേരിൽ റേഡിയോ നാടകമായാണ് ഇത് ആദ്യം എഴുതിയതെങ്കിലും പിന്നീട് ദി മൗസ്ട്രാപ്പ് എന്ന പേരിൽ വേദികളിൽ എത്തിക്കുകയായിരുന്നു. 453 പേരാണ് ആദ്യ പ്രദർശനത്തിൽ കാണികളായുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ കാലം അവതരിപ്പിക്കപ്പെട്ട നാടകങ്ങളിലൊന്നാണ് ദി മൗസ് ട്രാപ്പ്. 2002ൽ നാടകം അതിന്റെ 50-ാം വാർഷികം ആഘോഷിച്ചു. അതിനോടനുബന്ധിച്ച് 2002 നവംബർ 25ന് ലണ്ടനിൽ നടന്നത് നാടകത്തിന്റെ ഇരുപതിനായിരത്തി എണ്ണൂറ്റി ഏഴാമത്തെ പ്രദർശനമായിരുന്നു. ഇത്രയും കാലത്തിനിടെ മുന്നൂറിലധികം നടീനടന്മാരാണ് എട്ട് വേഷങ്ങൾ അവതരിപ്പിക്കാൻ വേദിയിലെത്തിയത്. 4574 വേദികളിൽ ഒരേ വേഷം അവതരിപ്പിച്ച ഡേവിഡ് റാവൻ ഏറ്റവുമധികം കാലം ഒരേ വേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ആദ്യ ആണവവാഹിനി കപ്പൽ കടലിലിറക്കിയത് 1961 നവംബർ 25നായിരുന്നു. അമേരിക്കൻ സേനയുടെ എന്റർപൈ്രസ് ആയിരുന്നു ആണവവാഹിനി സജ്ജീകരണങ്ങളോടെ തയ്യാറാക്കിയ ആദ്യ കപ്പൽ. എഴുപത്തയ്യായിരം ടൺ ഭാരമുണ്ടായിരുന്ന കപ്പലിൽ 336 മീറ്റർ നീളവും, 77 മീറ്റർ വീതിയുമുള്ള ഫ്ളൈറ്റ് ഡെക്കും ഉണ്ടായിരുന്നു. നാലു പ്രൊപ്പെല്ലറുകളിൽ രണ്ടെണ്ണം വീതം എട്ട് ന്യൂക്ലിയർ റിയാക്ടറുകൾ കപ്പലിന് കരുത്ത് പകർന്നു. 30 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന എന്റർപൈ്രസ് അക്കാലത്തെ ഏറ്റവും വേഗതയേറിയ യുദ്ധക്കപ്പലായിരുന്നു. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി മുതൽ, 2003 മുതൽ 2011വരെ നീണ്ട ഇറാഖ് യുദ്ധത്തിലുൾപ്പെടെ നിരവധി പോരാട്ടങ്ങളിൽ എന്റർപൈ്രസ് പങ്കെടുത്തു. 2012ലാണ് കപ്പൽ, സേനയിൽ നിന്ന് പിൻവാങ്ങിയത്.
2020 നവംബർ 25നായിരുന്നു അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണ അന്തരിച്ചത്. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അർജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാനിയായിരുന്നു മറഡോണ. അർജന്റീനയ്ക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകളാണ് രാജ്യത്തിനു വേണ്ടി നേടിയത്. തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതത്തിൽ അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിക്കളത്തിലിറങ്ങി. മറഡോണയുടെ ഏറ്റവും പ്രശസ്തമായ രണ്ടു ഗോളുകളിൽ ഒന്ന് ദൈവത്തിന്റെ കൈ എന്ന പേരിലാണ് അറിയപ്പെടുന്നത്. മറ്റൊന്ന് നൂറ്റാണ്ടിന്റെ ഗോൾ എന്ന പേരിലും. ഫുട്ബോളിലെ നിരവധി ചരിത്രമുഹൂർത്തങ്ങൾ സ്വന്തം പേരിൽ കുറിച്ച അദ്ദേഹം അറുപതാം വയസിൽ ആരോഗ്യപ്രശ്നങ്ങൾ മൂലം അന്തരിക്കുകയായിരുന്നു.