ക്രൈസ്തവ മതം സ്വീകരിച്ചത്തിന്റെ പേരിൽ ചൈനക്കാരനായ പീറ്റർ വു ഗൗഷെങിനെ തൂക്കിക്കൊന്നത് 1814 നവംബർ 7 നാണ്. സത്രം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം 128 കുടുംബങ്ങളെയും സുഹൃത്തുക്കളെയും ക്രിസ്തുവിലേയ്ക്ക് നയിച്ചു. 1814-ൽ, ജിയാകിംഗ് ചക്രവർത്തിയുടെ നയങ്ങളുടെ ഫലമായി ചൈനയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിൻ്റെ ഒരു പുതിയ തരംഗമുണ്ടായി. ആ വർഷം ഏപ്രിൽ 3-ന് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. കുരിശിൽ ചവിട്ടികൊണ്ട് ക്രൈസ്തവ മതത്തെ അവഹേളിക്കാനുള്ള മജിസ്‌ട്രേറ്റിൻ്റെ ഉത്തരവുകൾ നിരസിക്കുകയും മറ്റു തടവുകാരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് പീറ്ററിനെ കൊലചെയ്തത്. 1900 മെയ് 27-ന് ലിയോ പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും പിന്നീട് 2000 ഒക്ടോബർ 1-ന് ജോൺ പോൾ രണ്ടാമൻ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
1862 നവംബർ 07നായിരുന്നു മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും അവസാനത്തെ ചക്രവർത്തിയായ ബഹാദൂർ ഷാ സഫർ അന്തരിച്ചത്. ബഹദൂർ ഷാ രണ്ടാമൻ എന്നപേരിലും ഇദ്ദേഹം തന്നെയാണ് അറിയപ്പെട്ടിരുന്നത്. അക്ബർ ഷാ രണ്ടാമന്റെ രണ്ടാമത്തെ മകനായിരുന്നു ബഹദൂർഷാ. ബ്രിട്ടീഷുകാരുടെ കീഴിൽ, യഥാർത്ഥ അധികാരങ്ങളില്ലാതെയായിരുന്നു, ബഹദൂർഷാ തന്റെ ഭരണകാലത്തിന്റെ ഏറിയപങ്കും ചെലവിട്ടത്. മീററ്റിൽ നിന്ന് ഡൽഹി കീഴടക്കിയെത്തിയ സ്വതന്ത്ര്യ സമര സേനാനികളുടെ നിർബന്ധം മൂലം അദ്ദേഹം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. എന്നാൽ ബ്രിട്ടീഷുകാർ ബഹദൂർഷായെ തടവിലാക്കുകയും ബർമയിലേക്ക് നാടുകടത്തുകയും ചെയ്തു. 87-ാം വയസിലാണ് അദ്ദേഹം മരണപ്പെട്ടത്.
വന്ദേ മാതരം എന്ന ദേശഭക്തിഗാനം ബങ്കിം ചന്ദ്ര ചാറ്റർജി ചിട്ടപ്പെടുത്തിയത് 1876 നവംബർ 7നായിരുന്നു. ബംഗാളിലെ കണ്ടൽ പാഡ എന്ന ഗ്രാമത്തിലിരുന്നാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ഈ ഗാനം,1882ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തി. 1870കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിയമത്തോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. കോൺഗ്രസിന്റെ 1896ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണ ശബ്ദമായി വന്ദേമാതരം മാറി.