“കുറച്ചു വർഷങ്ങളായി ഞാൻ എല്ലാ വർഷവും രണ്ടുതവണ ബൈബിൾ വായിക്കുന്നു. ബൈബിളിനെ ഒരു വലിയ വൃക്ഷമായും ഓരോ വാക്കും ഒരു ചെറിയ ശാഖയായും നിങ്ങൾ ചിത്രീകരിക്കുന്നുവെങ്കിൽ, അത് എന്താണെന്നും അതിന്റെ അർഥമെന്താണെന്നും അറിയാൻ ആഗ്രഹിച്ച ഞാൻ ഈ ശാഖകളെല്ലാം കുലുക്കി” എന്ന് ജർമൻ പരിഷ്‌കർത്താവ് മാർട്ടിൻ ലൂഥർ പ്രഖ്യാപിച്ചത് 1532 ഒക്ടോബർ 21 -നാണ്.
ലോകം ചുറ്റിയുള്ള യാത്രയ്ക്കിടെ ഫെർഡിനാന്റ് മഗല്ലൻ പുതിയൊരു സമുദ്ര ഇടനാഴി കണ്ടെത്തിയത് 1520 ഒക്ടോബർ 21 നാണ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു ഈ കടലിടുക്ക്. ഭൂരിഭാഗവും ചിലിയിലൂടെ കടന്നുപോകുന്ന ഈ കടലിടുക്കിന് 560 കിലോമീറ്റർ നീളവും മൂന്നു മുതൽ 32 കിലോമീറ്റർ വരെ വീതിയുമുണ്ട്. മഗല്ലനായിരുന്നു ആദ്യമായി ഈ കടലിടുക്കിലൂടെ സഞ്ചരിച്ച യൂറോപ്പുകാരൻ. ഒക്ടോബർ 21 ന് കടലിടുക്കിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ സംഘം നവംബർ 28 നാണ് അതിലൂടെയുള്ള യാത്ര പൂർത്തിയാക്കിയത്. ഇന്ന് ‘മഗല്ലൻ കടലിടുക്ക്’ എന്നാണ് ഈ പാത അറിയപ്പെടുന്നത്. പനാമാ കനാലിന്റെ നിർമാണത്തിനുമുമ്പ് സുപ്രധാനമായ കപ്പൽപ്പാതയായിരുന്നു ഇത്.
1943 ഒക്ടോബർ 21 നായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഇന്ത്യയ്ക്കുപുറത്ത് താത്കാലിക സർക്കാർ രൂപംകൊണ്ടത്. പ്രവാസികളായ ഇന്ത്യക്കാർ ചേർന്ന് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ സിംഗപ്പൂരിലായിരുന്നു ഇപ്രകാരമൊരു സർക്കാർ രൂപീകരിച്ചത്. ആസാദ് ഹിന്ദ് എന്നറിയപ്പെട്ട ഈ സർക്കാരിന്റെ തലവൻ അദ്ദേഹം തന്നെയായിരുന്നു. ജപ്പാന്റെ സാമ്പത്തിക-രാഷ്ട്രീയ-സൈനിക സഹായത്തോടെയാണ് ഇത് രൂപീകരിച്ചത്. അച്ചുതണ്ട് ശക്തികളുടെ പിന്തുണയും ഈ സംവിധാനത്തിനുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ ആർമി, ആസാദ് ഹിന്ദിന്റെ ഔദ്യോഗിക സൈന്യമായിരുന്നു. പോർട്ട് ബ്ലെയറായിരുന്നു താത്കാലിക തലസ്ഥാനം. ഇന്ത്യയുടെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ ജപ്പാന്റെ സഹായത്തോടെ പിടിച്ചെടുത്തെങ്കിലും, ബ്രിട്ടൻ, ഇന്ത്യൻ നാഷണൽ ആർമിയെ പരാജയപ്പെടുത്തി. 1945 ൽ സുഭാഷ് ചന്ദ്രബോസിന്റെ മരണത്തോടെ ആസാദ് ഹിന്ദിന്റെ പ്രവർത്തനങ്ങൾ അവസാനിച്ചു.
1805 ഒക്ടോബർ 21 നാണ് ട്രഫഗാർ യുദ്ധം നടന്നത്. സ്പെയിനിൽ ജിബ്രാൾട്ടർ കടലിടുക്കിനു സമീപത്തായിരുന്നു യുദ്ധം. അഡ്മിറൽ പിയറി-ചാൾസ് വില്ലെനെവിന്റെ നേതൃത്വത്തിലുള്ള നെപ്പോളിയന്റെ സൈന്യവും അഡ്മിറൽ ഹൊറേഷ്യോ നെൽസൺന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമാണ് ഏറ്റുമുട്ടിയത്. 18 ഫ്രഞ്ച് കപ്പലുകളും 15 സ്പാനിഷ് കപ്പലുകളും ഉൾപ്പെട്ട 33 കപ്പൽപ്പടയാളികളാണ് നെപ്പോളിയന്റെ സൈന്യത്തിലുണ്ടായിരുന്നത്; ബ്രിട്ടീഷ് സൈന്യത്തിനാകട്ടെ 27 കപ്പലുകളും. ഉച്ചയോടെ ആരംഭിച്ച യുദ്ധം വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കുമ്പോൾ ബ്രിട്ടീഷ് സൈന്യം വിജയം നേടിയിരുന്നു. ഇംഗ്ലണ്ടിനെ കീഴടക്കാനുള്ള നെപ്പോളിയന്റെ പദ്ധതികൾ എന്നെന്നേക്കുമായി ഈ യുദ്ധത്തോടെ അവസാനിച്ചു.