Sunday, November 24, 2024

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 27

ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.

1614 ഒക്ടോബർ 27 -നായിരുന്നു ജപ്പാനിലെ ക്രൈസ്തവർക്ക് അവരുടെ മിഷൻ വസ്തുവകകൾ അധികാരികളെ ഏല്പിക്കേണ്ട അവസാന തീയതി നിശ്ചയിച്ചിരുന്നത്. ക്രൈസ്തവ മതത്തിനു രാജ്യവ്യാപകമായി കർശനമായ നിരോധനം പുറപ്പെടുവിച്ചിരുന്നു. വിദേശ മിഷനറിമാരെ വേഗത്തിൽ രാജ്യത്ത് നിന്ന് പുറത്താക്കുകയും പോകാൻ വിസമ്മതിച്ചവരെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ മതം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയോ ചെയ്യുകയും ചെയ്തു. ഈ സമയത്ത് ജപ്പാൻ ഒറ്റപ്പെടലിൻ്റെ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരുന്നു.

1920 ഒക്ടോബർ 27നായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിച്ച കോച്ചേരിൽ രാമൻ നാരായണൻ എന്ന കെ. ആർ. നാരായണൻ ജനിച്ചത്.
കേരളത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ അദ്ദേഹം ആ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വംശജൻ കൂടിയാണ് അദ്ദേഹം.1997 മുതൽ 2002 വരെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രപതി സ്ഥാനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ നീണ്ടകാലം ജോലിചെയ്ത അദ്ദേഹം 1984ലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ക്യാബിനറ്റ് മന്ത്രിയായും മറ്റും സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തെ 1992ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 1997ൽ അദ്ദേഹം രാഷ്ട്രപതിയായി.

തലകൾ തമ്മിൽ യോജിച്ചിരുന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തിയ, വിജയകരമായ ആദ്യ ശസ്ത്രക്രിയ, ഇന്ത്യയിൽ നടന്നത് 2017 ഒക്ടോബർ 27നാണ്. 28 മാസം പ്രായമുള്ള ഒഡീഷയിൽ നിന്നുള്ള കുഞ്ഞുങ്ങളെയാണ് ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്. ഡൽഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. കട്ടക്കിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഇതിനായുള്ള ആദ്യ ശസ്ത്രക്രിയ നടത്തിയത് ഓഗസ്റ്റ് 28 നും ഒക്ടോബർ 27 നു നടത്തിയ ശസ്ത്രക്രിയയിൽ തലകൾ പൂർണ്ണമായും വേർപെടുത്തുകയും ചെയ്തു. ഇതിനാവശ്യമായ മുഴുവൻ ചെലവുകളും വഹിച്ചത് ഒഡീഷ സർക്കാരായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്ന ബുയാൻ കൻഹറിന്റെയും പുഷ്പാഞ്ജലിയുടെയും മക്കളായ ജഗ, കലിയ എന്നവരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്

Latest News