എല്ലാ വര്‍ഷവും ജൂലൈ 1 രാജ്യത്ത് ദേശീയ ഡോക്ടേഴ്സ് ദിനമായാണ് ആചരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധനും രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരാണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882, ജൂലൈ 1-നാണ് അദ്ദേഹം ജനിച്ചത്. 1962 ജൂലൈ 1ന് അന്തരിച്ചു.
ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കുന്ന ഡോക്ടര്‍മാരുടെ സ്ത്യുതര്‍ഹമായ സേവനങ്ങളെ ബഹുമാനിക്കാന്‍ കൂടിയാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. രോഗികളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങില്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ആളുകളാണ് ഡോക്ടര്‍മാര്‍.
ചരിത്രം
1991 മുതലാണ് ഇന്ത്യയില്‍ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ബിദാന്‍ ചന്ദ്ര റോയി എന്ന ബി.സി റോയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഇദ്ദേഹം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1948-62 കാലത്താണ് മുഖ്യമന്ത്രി പദവി വഹിച്ചത്. കൂടാതെ ക്വിറ്റ് ഇന്ത്യ സമര കാലത്ത് മഹാത്മാ ഗാന്ധിയെ പരിചരിച്ചതും ബി.സി റോയിയായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ആ സമയത്ത് വിദ്യാഭ്യാസം-സുരക്ഷ എന്നിവയോടുള്ള തന്റെ പ്രതിബദ്ധത വെളിവാക്കുന്ന ഒരു പരിഷ്‌കരണവും അദ്ദേഹം കൊണ്ടുവന്നിരുന്നു. 1942 കാലത്താണ് ജപ്പാന്‍ റംഗൂണില്‍ ബോംബാക്രമണം നടത്തുന്നത്. ഇക്കാലത്ത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി അദ്ദേഹം എയര്‍-റെയ്ഡ് ഷെല്‍ട്ടര്‍ ആരംഭിച്ചു. പിന്നീട് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1944ല്‍ അദ്ദേഹത്തിന് സയന്‍സില്‍ ഡോക്ടേറേറ്റ് ബിരുദവും ലഭിച്ചു. ഇന്ത്യയുടെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരത് രത്ന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1961 ഫെബ്രുവരി 4നാണ് ബി.സി. റോയിയ്ക്ക് ഭാരത രത്ന ലഭിച്ചത്.
പ്രാധാന്യം
സാധാരണക്കാരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ആളുകളാണ് ഡോക്ടര്‍മാര്‍. രോഗനിര്‍ണയം നടത്തി രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയകളും മറ്റ് ആവശ്യമായ പരിചരണങ്ങളും നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നു. അവര്‍ക്ക് ജീവിതത്തിലേക്കുള്ള പ്രതീക്ഷ നല്‍കുന്നു. സദാസമയവും സേവന സന്നദ്ധരായി നിലകൊള്ളുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവിതത്തേക്കാള്‍ വിലകൊടുക്കുന്നത് രോഗികളുടെ ജീവനാണ്. അത്തരത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡോക്ടര്‍മാരുടെ ബഹുമാനാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. സമൂഹത്തിലെ പോരാളികളും നായകന്‍മാരുമാണ് അവര്‍. അവരുടെ സേവനങ്ങള്‍ എല്ലാക്കാലത്തും അംഗീകരിക്കപ്പെടേണ്ടതാണ്. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സമര്‍പ്പണവും സംഭാവനകളും സ്മരിച്ചു കൊണ്ടാണ് ഈ പ്രത്യേക ദിനം ആചരിക്കുന്നത്.