ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 11 -ന് അന്താരാഷ്ട്ര തലത്തിൽ ബാലികാ ദിനമായി ആചരിച്ചു പോരുന്നു. 2012 ഒക്ടോബർ പതിനൊന്നിനാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നത്. ഇത്തവണ പത്താംവാർഷികം ആഘോഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ദിനത്തിന്.
“പെൺകുട്ടികളുടെ അവകാശങ്ങളിൽ നിക്ഷേപിക്കുക: നമ്മുടെ നേതൃത്വം, നമ്മുടെ ക്ഷേമം” എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെൺകുട്ടികൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയും ഈ ദിനത്തിന്റെ ലക്ഷ്യങ്ങളാണ്.
ലോകജനസംഖ്യയുടെ പകുതിയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം ഉറപ്പുവരുത്തുന്നത് സുസ്ഥിരവികസനം വേഗത്തിലാക്കുന്നതിന് നിർണായകമാണ്. അതിനാൽ, ഇത് കൈവരിക്കുന്നതിനുള്ള സുപ്രധാനപാതയാണ് അന്താരാഷ്ട്ര ബാലികാ ദിനമെന്ന് കണക്കാക്കപ്പെടുന്നു.
ചെറുപ്പക്കാരായ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ സംബോധന ചെയ്യുക ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന ഒരു സർക്കാരിതര പരിപാടിയാണ് ഈ ദിനത്തിനു തുടക്കം കുറിച്ചത്. കനേഡിയൻ മന്ത്രിയായിരുന്ന റോണ അംബ്രോസ് ആണ് പെൺകുട്ടികൾക്കുവേണ്ടി അന്താരാഷ്ട്രതലത്തിൽ ഒരു ദിനം വേണമെന്ന പ്രമേയം ആദ്യമായി യു.എൻ. പൊതുസഭയിൽ അവതരിപ്പിച്ചത്. അതിനു ശേഷം യു എൻ ഇത് അംഗീകരിക്കുകയും എല്ലാവർഷവും ഒക്ടോബർ മാസം 11 -ന് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഓരോ വർഷവും ഈ ദിനത്തിൽ പ്രത്യേക തീം അവതരിപ്പിക്കാറുണ്ട്. ആദ്യത്തെ തവണ അത് ‘ബാലവിവാഹം അവസാനിപ്പിക്കുക’ എന്നതായിരുന്നു.