Monday, November 25, 2024

ഇന്ത്യൻ ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ്

2008 നവംബർ 26. ഇന്ത്യയുടെ ചരിത്രത്തിൽ ഭീതിയുടെ കരിനിഴലും രക്തക്കറയും പടർത്തിയ ദിനം. മുംബൈ ഭീകരാക്രമണം നടന്ന ദിവസം. ഇന്നേക്ക് 14 വർഷങ്ങൾ പിന്നിടുന്നു എങ്കിലും ഈ ഭീകരാക്രമണത്തിന്റെ ഓർമ്മകൾ ഇന്ത്യൻ ജനതയുടെ മനസ്സിൽ ഒരു ഭീകര സ്വപ്നമായി അവശേഷിക്കുകയാണ്. നാല് ദിവസം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.

മുംബൈ നഗരത്തിന് ഈ നാല് ദിവസങ്ങളിൽ ചോരയുടെ മണമായിരുന്നു. തെരുവുകളിൽ മുഴങ്ങിക്കേട്ടത് വെടിയൊച്ചകൾ മാത്രവും. ഭീതിയോടെ പ്രിയപ്പെട്ടവർ അല്ലാതിരുന്നിട്ടും ഇന്ത്യൻ ജനത തങ്ങളുടെ സ്വന്തക്കാരെന്നപോലെ പലർക്കും ആയി പ്രാർത്ഥിച്ച ദിനങ്ങൾ ആയിരുന്നു അത്.

മുംബൈ പോലീസ് ആസ്ഥാനത്തിനടുത്തുള്ള ലിയോപോൾ കഫെയായിരുന്നു ഭീകരർ ആദ്യം ലക്ഷ്യമിട്ടത്. അഞ്ച് തീവ്രവാദികൾ കഫെയെ ലക്ഷ്യമാക്കി വെടിയുതിർത്തു. നിമിഷങ്ങൾക്കകം തന്നെ നരിമാൻ ഹൗസിനടുത്തുള്ള കൊളാബയിലെ പ്രെട്രോൾ പമ്പിന് നേരെയും ആക്രമണം നടന്നു. തുടർന്ന് നരിമാൻ ഹൗസിലും താജ് ഹോട്ടലിലും ആക്രമണങ്ങൾ അരങ്ങേറി. നരിമാൻ ഹൗസ് ആക്രമണത്തിൽ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെടുകയും ബേബി മോഷെ എന്ന രണ്ടുവയസുകാരനായ ഇസ്രായേലി ബാലൻ അനാഥനാക്കപ്പെടുകയും ചെയ്തു. ബേബി മോഷെ പിന്നീട് മുംബൈ ആക്രമണത്തെ അതിജീവിച്ചവരുടെ പ്രധാന മുഖമായി മാറി.

പിന്നിടങ്ങോട്ട് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും ദൈർഘ്യമേറിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. ഭീകരരുമായുള്ള പോരാട്ടത്തിൽ സ്‌ക്വാഡ് മേധാവി ഹേമന്ത് കർക്കറെയും മലയാളിയായ എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണനടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും കൊല്ലപ്പെട്ടു. എങ്കിലും ജീവൻവെടിഞ്ഞും അവർ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഒമ്പത് തീവ്രവാദികളെയും ഇന്ത്യൻ സേനയുടെ കമാൻഡോ ഓപ്പറേഷനിലൂടെ വധിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

ഭീകരർ സമുദ്രമാർഗം എത്തി ഇന്ത്യയിൽ നടത്തിയ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണത്തോടെ ഇന്ത്യയുടെ സുരക്ഷ സംവിധാനം ഏറെ വിമർശിക്കപ്പെടുകയും തുടർന്ന് കൂടുതൽ ശക്തമാക്കുകയും ചെയ്തു.

Latest News