തുര്‍ക്കിയിലെ എക്കാലത്തെയും വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്, തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന എര്‍ഡെമിനെ ഉറക്കത്തില്‍ നിന്ന് ഉലച്ചപ്പോള്‍ പ്രാദേശിക സമയം 04:17 ആയിരുന്നു.
‘ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ച 40 വര്‍ഷത്തിനിടയില്‍ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. തൊട്ടില്‍ ആടുന്നതുപോലെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഞാന്‍ കിടന്നിരുന്ന കട്ടില്‍ ശക്തമായി കുലുങ്ങി. പിന്നാലെ പല കെട്ടിടങ്ങളും നിലം പതിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ അവരുടെ കാറുകളിലേക്ക് ഓടി. ഗാസിയാന്‍ടെപ്പിലെ ഒരു വ്യക്തി പോലും ഇപ്പോള്‍ അവരുടെ വീടുകളില്‍ ഇല്ലെന്ന് ഞാന്‍ കരുതുന്നു’. ഭായാനകമായ നിമിഷങ്ങളെക്കുറിച്ച് എര്‍ഡെം പറഞ്ഞു.
ഗോക്‌സെ ബേ എന്ന സ്ത്രീ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഞായറാഴ്ച അവര്‍ സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങേണ്ടതായിരുന്നു. പകരം അവള്‍ക്ക് ചെയ്യേണ്ടി വന്നത് ഭൂകമ്പം ഉണ്ടായ സമയത്ത് സ്വന്തം കൈയില്‍ നിന്ന് ഡ്രിപ്പ് വലിച്ചെടുത്ത് കളഞ്ഞ് സ്വയം ഓടി രക്ഷപെടുകയും ആശുപത്രി കെട്ടിടത്തില്‍ നിന്ന് സഹ രോഗികളെ രക്ഷപെടാന്‍ സഹായിക്കുകയുമാണ്. ഇപ്പോള്‍ ബേയും വളരെ പ്രായമായ ചില രോഗികളും ജാക്കറ്റോ ഷൂസോ പോലുമില്ലാതെ മഴയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയേണ്ട അവസ്ഥയിലാണ്.
അദാനയില്‍ അഞ്ചാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റ് ഭൂകമ്പത്തില്‍ വിറച്ചപ്പോള്‍ നിലൂഫര്‍ അസ്ലാനും അവളുടെ കുടുംബവും തങ്ങള്‍ മരിക്കുമെന്ന് തന്നെയാണ് കരുതിയത്. ‘എന്റെ ജീവിതത്തില്‍ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല, ഞങ്ങള്‍ ഒരു മിനിറ്റിനടുത്ത് നേരത്തേയ്ക്ക് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ആടിയുലഞ്ഞു. ഇത് ഭൂകമ്പമാണെന്നും ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് മരിക്കുമെന്നും എന്റെ മനസ്സ് ഉറപ്പിച്ചു’. അസ്ലാന്‍ പറഞ്ഞു.
ഭൂകമ്പം താല്‍ക്കാലികമായി നിലച്ചപ്പോള്‍, അസ്ലാന്‍ പുറത്തേക്ക് ഓടി. ‘എനിക്ക് ഒന്നും കൈയ്യില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ധരിച്ചിരുന്ന വസ്ത്രവും കാലില്‍ ഉണ്ടായിരുന്ന സ്ലിപ്പറും മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കെട്ടിടത്തിന് ചുറ്റുമുള്ള നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായി പുറത്തെത്തിയപ്പോള്‍ മനസ്സിലായി’. അസ്ലാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു.
കിഴക്ക് ദിയാര്‍ബക്കീറില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ആളുകള്‍ തെരുവിലിറങ്ങി. ‘എല്ലായിടത്തും നിലവിളി മാത്രമാണ് ഉണ്ടായിരുന്നത്’. 30 കാരനായ ഒരാള്‍ പറഞ്ഞു. ‘ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൈകൊണ്ട് കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് മാറ്റാന്‍ തുടങ്ങി. പരിക്കേറ്റ ധാരാളം ആളുകളെ ഞങ്ങള്‍ പുറത്തെടുത്തു, പക്ഷേ നിലവിളി അവസാനിച്ചില്ല. തുടര്‍ന്ന് ദുരന്തനിവാരണ സേന വന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ മറ്റൊരിടത്ത്, തങ്ങളുടെ കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി മുഹിത്തിന്‍ ഒറാക്സി എന്ന വ്യക്തി പറഞ്ഞു. ‘എന്റെ സഹോദരിയും ഭര്‍ത്താവും അവരുടെ മൂന്ന് കുട്ടികളും അവിടെയുണ്ടായിരുന്നു. കൂടാതെ അവളുടെ ഭര്‍തൃ മാതാപിതാക്കളും’.
സിറിയയില്‍, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന അലപ്പോയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തെത്തുടര്‍ന്ന് പരിക്കേറ്റവര്‍ ആശുപത്രിയിലേയ്ക്ക് ഇരച്ചെത്തിയതായി ഹെല്‍ത്ത് ഡയറക്ടര്‍ സിയാദ് ഹഗെ താഹ പറഞ്ഞു.
തുടര്‍ചലനങ്ങളും തണുത്തുറഞ്ഞ കാലാവസ്ഥയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതായി, തുര്‍ക്കിയിലെ മലത്യയില്‍ താമസിക്കുന്ന 25 കാരനായ ഒസ്ഗുല്‍ കൊണാക്സി പറഞ്ഞു. ‘ഇപ്പോള്‍ വളരെ തണുപ്പാണ്. മഞ്ഞ് പെയ്യുന്നുമുണ്ട്. എങ്കിലും എല്ലാവരും തെരുവിലാണ്. തണുപ്പ് കൂടുതലായതിനാല്‍ ചിലര്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നെങ്കിലും ശക്തമായ തുടര്‍ചലനങ്ങള്‍ അവരെ ആ സാഹസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ആളുകള്‍ ആശയക്കുഴപ്പത്തിലാണ്. ഞങ്ങളുടെ കണ്‍മുന്നില്‍ വച്ച് തുടര്‍ചലനങ്ങളില്‍ ഒരു കെട്ടിടത്തിന്റെ ജനാലകള്‍ പൊട്ടിത്തെറിച്ചു’. കൊണാക്‌സി പറഞ്ഞു.
തങ്ങള്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് പോകുമ്പോള്‍, വലിയ ശബ്ദത്തോടെ തുടര്‍ച്ചയായി രണ്ട് തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടര്‍ യുക്സെല്‍ അകലന്‍ വായുവില്‍ പറഞ്ഞു. ‘നൂറുകണക്കിനാളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകാണ്. മരണസംഖ്യ ഇനിയും ഉയരും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഭൂകമ്പത്തില്‍ തന്നെ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വിമതരുടെ കൈവശമുള്ള കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ചരിത്ര സ്മാരകങ്ങളും ഭൂചലനത്തില്‍ നിലംപൊത്തി.
തുര്‍ക്കിയിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 10 ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്ന് പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗന്‍ ട്വീറ്റ് ചെയ്തു.
നൂറുവര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കല്‍ സര്‍വേ അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
‘ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്. എന്തെങ്കിലും ചെയ്യാന്‍, ഞങ്ങളെ സഹായിക്കാന്‍, ഞങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണ്. വടക്ക്-പടിഞ്ഞാറന്‍ സിറിയ ഇപ്പോള്‍ ഒരു ദുരന്ത മേഖലയാണ്. ഞങ്ങളുടെ ആളുകളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാവരുടെയും സഹായം ആവശ്യമാണ്’. പ്രദേശത്തു നിന്നുള്ള ഒരാള്‍ വേദനയോടെ കേണപേക്ഷിച്ചു.