Monday, November 25, 2024

ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി, ഉഗാണ്ടയിലെ അവയവമാറ്റ വിപ്ലവം

വിവിധ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ സാധ്യമാക്കുന്ന നിര്‍ദ്ദിഷ്ട നിയമം ഉഗാണ്ടയുടെ പാര്‍ലമെന്റ് സൂക്ഷ്മമായി പരിശോധിക്കുന്നു.

അനിറ്റ ടുങ്യെര്‍വെ പോലുള്ളവരുടെ ജീവിതത്തില്‍ ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മൂന്ന് വര്‍ഷം മുമ്പ് അനിറ്റയുടെ വൃക്ക തകരാറിലായതാണ്. 2018-ല്‍ അവളുടെ ശരീരം മുഴുവനും വീര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് സുഖമില്ലെന്ന് അവള്‍ ആദ്യം മനസ്സിലാക്കിയത്. ശരിയായ രോഗനിര്‍ണയം ലഭിക്കുന്നതു വരെ വിവിധ ക്ലിനിക്കുകള്‍ അവള്‍ കയറിയിറങ്ങി. അതോടെ അവളുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.

നിയമ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെയ്തിരുന്ന ജോലിയും. ഇപ്പോള്‍ സ്ഥിരമായി ഡയാലിസിസിന് വിധേയയാവുകയാണ് ഈ ഇരുപത്തെട്ടുകാരി. ആഴ്ചയില്‍ രണ്ടുതവണ ആശുപത്രിയില്‍ പോകണം. അതുകൊണ്ട് പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കുടുംബവീട്ടില്‍ നിന്ന് കമ്പാലയിലേക്ക് ആശുപത്രിക്ക് സമീപത്തേക്ക് അവള്‍ താമസം മാറി. ഡയാലിസിസിന്റെ ഓരോ സെഷനും ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കും. സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും സഹായം കൊണ്ടാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്.

‘ഞാന്‍ ഏറെ ആഗ്രഹങ്ങളുള്ള പെണ്‍കുട്ടിയായിരുന്നു. പഠനവുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. വിവാഹിതയാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ സ്വപ്‌നങ്ങളെല്ലാം ചുരുങ്ങിപ്പോയി. ഈ രോഗം എന്റെ എല്ലാ സ്വപ്നങ്ങളെയും കവര്‍ന്നു’. അനിറ്റ പറഞ്ഞു.

എന്നാല്‍ വൃക്ക മാറ്റിവയ്ക്കാനായാല്‍ അവളുടെ ജീവിതം പഴയതുപോലെയാകും. പക്ഷേ ഉഗാണ്ടയില്‍ നിയമം അനുവദിക്കാത്തതിനാല്‍ വിദേശത്ത് പോയി ഓപ്പറേഷന്‍ നടത്തേണ്ടി വരും. അതിന് വലിയ തുകയും വേണ്ടിവരും. അനിറ്റയെ പോലെയുള്ള ഉഗാണ്ടക്കാര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിനാല്‍ കഴിയുന്നത്ര കാലം ഡയാലിസിസ് ചെയ്തു ജീവിക്കുന്നു. എന്നാല്‍ ചികിത്സയ്ക്കും മരുന്നുകള്‍ക്കുമായി ആഴ്ചയില്‍ നല്ലൊരു തുക ചിലവാകുന്നുമുണ്ട്.

തലസ്ഥാനമായ കമ്പാലയുടെ അരികിലുള്ള കിരുദ്ദു നാഷണല്‍ റഫറല്‍ ഹോസ്പിറ്റലിലെ വാര്‍ഡാണ് ഈ സേവനം നല്‍കുന്ന രാജ്യത്തെ ഏക പൊതുജനാരോഗ്യ കേന്ദ്രം. 200 ഓളം രോഗികള്‍ പതിവായി ക്ലിനിക്കില്‍ എത്തുന്നു. അവരില്‍ പലരും ദീര്‍ഘദൂര യാത്ര ചെയ്താണ് എത്തുന്നത്. ചിലര്‍ യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കുടുംബങ്ങളെയും ഉപജീവനമാര്‍ഗങ്ങളെയും ഉപേക്ഷിച്ച് ആശുപത്രിക്ക് സമീപം താമസിക്കുന്നു.

‘ഇതൊരു വല്ലാത്ത സാഹചര്യമാണ്’ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഏക വൃക്കരോഗ വിദഗ്ധന്‍ ഡോ. ഡാനിയല്‍ കിഗ്ഗുണ്ടു പറഞ്ഞു. ക്ലിനിക്ക് ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ഓരോന്നും ഏകദേശം 30 രോഗികളെ വീതം എടുക്കുന്നു. ഇത് ക്ലിനിക്കിന്റേയും അവിടുത്തെ ജോലിക്കാരുടേയും പരമാവധി ശേഷി ഉപയോഗിച്ചാണ്. പലപ്പോഴും സ്റ്റാഫിന് രാത്രിയും ആശുപത്രിയില്‍ ചിലവഴിക്കേണ്ടതായി വരുന്നു.

ഡയാലിസിസ് സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ മാത്രം സമ്മാനിക്കുന്നതിനാല്‍ ആരെങ്കിലും വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായി അനിറ്റയുടെ അന്വേഷണം. ഒരു കസിന്‍ തയ്യാറായെങ്കിലും പിന്നീട് അവരുടെ മനസ്സ് മാറിയെന്ന് അനിറ്റ പറയുന്നു. ആരെങ്കിലും വൃക്ക നല്‍കാന്‍ തയാറായാല്‍ പോലും ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകുന്നതിന് കൂടുതല്‍ പണം സ്വരൂപിക്കുകയും മെഡിക്കല്‍ അധികാരികളില്‍ നിന്ന് അംഗീകാരം നേടുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഉഗാണ്ടയില്‍ പുതിയ നിയമം പാസാക്കിയാല്‍ ആ തടസ്സം നീങ്ങും.

നിലവില്‍ ഇന്ത്യയും തുര്‍ക്കിയുമാണ് ഉഗാണ്ടയിലെ വൃക്കരോഗികള്‍ ശസ്ത്രക്രിയയ്ക്കായി ആശ്രയിക്കുന്ന സ്ഥലങ്ങള്‍. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ദാതാക്കളാകാന്‍ അനുവാദവുമുള്ളൂ. ശസ്ത്രക്രിയയ്ക്കായുള്ള യാത്രകള്‍ക്ക് ഉഗാണ്ട മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കേണ്ടതുണ്ട്. അവയവക്കടത്ത് തടയാന്‍ അല്ലെങ്കില്‍ ആളുകള്‍ നിര്‍ബന്ധിത അവയവ ദാനത്തിന് വിധേയരാവുന്നത് തടയാനാണത്.

എന്നാല്‍ ഉഗാണ്ടന്‍ പാര്‍ലമെന്റ് പുതിയ നിയമം അംഗീകരിക്കുകയാണെങ്കില്‍, ഈ പ്രക്രിയ കൂടുതല്‍ ലളിതവും ശസ്ത്രക്രിയയ്ക്കും പരിചരണത്തിനുമുള്ള ചെലവ് വലിയ രീതിയില്‍ കുറയുകയും ചെയ്യും. അതേസമയം ദുരുപയോഗം ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ നിയന്ത്രണത്തിന് കീഴില്‍ സുരക്ഷിതമായ ചട്ടക്കൂട് സൃഷ്ടിക്കാന്‍ ഉഗാണ്ടയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് അതിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

അവയവ സ്വീകര്‍ത്താക്കളുടെ വെയിറ്റിംഗ് ലിസ്റ്റ് സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തുടനീളം പ്രത്യേക ട്രാന്‍സ്പ്ലാന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും പുതിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. കമ്പാലയിലെ മുലാഗോയിലെ പ്രധാന ദേശീയ ആശുപത്രിയില്‍ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവയവ ബാങ്കുകള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. കണ്ണുകള്‍ക്കുള്ള കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റുകളെ കുറിച്ചും പൊള്ളലേറ്റ രോഗികള്‍ക്ക് സ്‌കിന്‍ ബാങ്കുകളെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്ന് ഉഗാണ്ട മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ശസ്ത്രക്രിയാ വിദഗ്ധര്‍, നഴ്സുമാര്‍, ശസ്ത്രക്രിയാനന്തര വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 100 ഉഗാണ്ടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനകം വിദേശത്ത് പരിശീലനം നേടിയിട്ടുണ്ട്.

‘പുതിയ നിയമം ഞങ്ങളെപ്പോലുള്ള രോഗികള്‍ക്ക് നവജീവിതം ലഭിക്കാന്‍ സഹായിക്കും. കൂടാതെ ശസ്ത്രക്രിയ സ്വന്തം രാജ്യത്ത് നടത്താനായാല്‍ അത് സമ്മര്‍ദ്ദവും ആശങ്കകളും കുറയ്ക്കും’. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രതിനിധിയെന്ന നിലയില്‍ അനിറ്റ കൂട്ടിച്ചേര്‍ക്കുന്നു.

Latest News