യുക്രെയ്‌നിലെ മുന്‍നിരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതും യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയവുമായ സപ്പോരിജിയയെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ ഭയാനകമായ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അവിടെ ഉണ്ടായേക്കാവുന്ന ഒരു വലിയ അപകടത്തിന്റെ സാധ്യതയെക്കുറിച്ചാണ് ലോകം ആശങ്കാകുലരാകുന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്, സപ്പോരിജിയ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായാല്‍ അത് ആത്മഹത്യാപരമാകും എന്നാണ്. യുക്രെയ്ന്‍ സോവിയറ്റ് ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ ലോകത്തിലെ ഏറ്റവും ഭീകരമായ ആണവ അപകടമായിരുന്നു ചെര്‍ണോബില്‍ ദുരന്തം. സമാനമായ മറ്റൊരു ദുരന്തത്തെക്കുറിച്ച് ആരും സങ്കല്‍പ്പിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല.
യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യ, ഡൈനിപ്പര്‍ നദിയുടെ ഇടത് കരയിലുള്ള ഈ സൈറ്റ് പിടിച്ചെടുത്തു. എന്നാല്‍ ഈ മാസം ഇരുപക്ഷവും ആവര്‍ത്തിച്ച് അവിടെ ഷെല്ലാക്രമണം നടത്തുകയാണ്. പരസ്പരം പ്രകോപനം ആസൂത്രണം ചെയ്യുകയാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു.
ആണവ ദുരന്തം ഉണ്ടായാല്‍ യുക്രെയ്‌നില്‍ നിന്ന് ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നിവയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് റേഡിയോ ആക്ടീവ് മേഘം എങ്ങനെ പടരുമെന്ന് വ്യക്തമാക്കുന്ന ഒരു ഭൂപടം റഷ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ആണവ നിലയത്തിന്റെ അപകടസാധ്യത എത്രത്തോളമെന്ന് അത് വെളിപ്പെടുത്തുന്നു.
എന്നാല്‍ ന്യൂക്ലിയര്‍ എനര്‍ജി ഫ്യൂച്ചേഴ്‌സിലെ ഡോക്ടറല്‍ പരിശീലന കേന്ദ്രത്തിന്റെ തലവന്‍ മാര്‍ക്ക് വെന്‍മാന്‍ പറയുന്നത് തനിക്ക് ഈ ആണവ നിലയത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ്. ‘1980-കളില്‍ നിര്‍മ്മിച്ചതാണ് സപ്പോരിജിയ. അത് താരതമ്യേന ആധുനികമാണ്. ഇതിന് ഒരു സോളിഡ് കണ്ടെയ്ന്‍മെന്റ് കെട്ടിടമുണ്ട്. 1.75 മീറ്റര്‍ [5.75 അടി] കനമുണ്ട്. കൂടാതെ ഭൂകമ്പങ്ങളെ ചെറുക്കാന്‍ തക്ക കനത്തില്‍ ഉറപ്പിച്ച കോണ്‍ക്രീറ്റുമാണ്. അതുകൊണ്ട് അവയെല്ലാം ഭേദിക്കാന്‍ പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല’. വെന്‍മാന്‍ പറയുന്നു.
1986-ലെ ചെര്‍ണോബിലുമായോ 2011-ലെ ഫുകുഷിമയുമായോ സാപ്പോരിജിയയെ താരതമ്യപ്പെടുത്താനും വെന്‍മാന്‍ ഒരുക്കമല്ല. ‘കാരണം ചെര്‍ണോബിലിന് ഗുരുതരമായ ഡിസൈന്‍ പിഴവുകള്‍ ഉണ്ടായിരുന്നു. ഫുകുഷിമയില്‍ ഡീസല്‍ ജനറേറ്ററുകള്‍ വെള്ളത്തിനടിയിലായിരുന്നു. ജനറേറ്ററുകള്‍ കണ്ടെയ്‌നര്‍ കെട്ടിടത്തിനുള്ളില്‍ ഉള്ളതിനാല്‍ യുക്രെയ്‌നില്‍ ഇത് സംഭവിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’. വെന്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
പീരങ്കി ഷെല്ലുകളില്‍ നിന്നോ റോക്കറ്റുകളില്‍ നിന്നോ പ്ലാന്റിന് തീപിടിക്കുന്നതിനെക്കുറിച്ചാണ് ആളുകളുടെ പ്രധാന ഉത്കണ്ഠ. ന്യൂക്ലിയര്‍ റിയാക്ടറുകളിലേക്കും ബാക്ക്-അപ്പ് ജനറേറ്ററുകളിലേക്കും വൈദ്യുതി വിതരണം നഷ്ടപ്പെടുകയും ശീതീകരണം നഷ്ടമാവുകയും ചെയ്താല്‍ കൂടുതല്‍ ഗുരുതരമായ അപകടമുണ്ടാകാം. കാരണം ചൂടുള്ള റിയാക്ടര്‍ കോറിന് ചുറ്റുമുള്ള പമ്പുകള്‍ക്ക് വൈദ്യുതി ലഭിക്കാതായാല്‍ ഇന്ധനം ഉരുകാന്‍ തുടങ്ങും.
പ്ലാന്റിന്റെ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഇതിനകം ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും പമ്പിന്റെയും ജനറേറ്ററിന്റെയും തകരാര്‍ റിയാക്ടര്‍ കോര്‍ അമിതമായി ചൂടാകുന്നതിനും പ്ലാന്റിന്റെ സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനും കാരണമാകുമെന്നും റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് പറഞ്ഞിരുന്നു.
ഇത് ചെര്‍ണോബില്‍ ദുരന്തം പോലെ ഗുരുതരമാകില്ലെങ്കിലും പക്ഷേ അത് റേഡിയോ ആക്റ്റിവിറ്റിയുടെ പ്രകാശനത്തിലേക്ക് നയിച്ചേക്കാമെന്ന് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂക്ലിയര്‍ മെറ്റീരിയല്‍ ഡിഗ്രേഡേഷന്‍ പ്രൊഫസര്‍ ക്ലെയര്‍ കോര്‍ഖില്‍ പറയുന്നു.
യുഎന്നിന്റെ ആണവോര്‍ജ്ജ അതോറിറ്റിയായ IAEA, ആണവ ദുരന്തത്തിന്റെ യഥാര്‍ത്ഥ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും എത്രയും വേഗം സാപ്പോരിജിയ സൈറ്റിലേക്ക് അധികൃതര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ റഷ്യയോട് തങ്ങളുടെ സൈന്യത്തെ സൈറ്റില്‍ നിന്ന് പിന്‍വലിക്കാനും ആവശ്യപ്പെട്ടു.
പ്ലാന്റിനെ യുക്രെയ്‌നുമായി ബന്ധിപ്പിക്കുന്ന നാല് പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ മൂന്നെണ്ണം ഇതിനകം റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നതായി യുക്രെയ്‌നിന്റെ ആണവ ഏജന്‍സി പറയുന്നു. അവസാനത്തെ ഊര്‍ജ്ജ സ്രോതസ്സും തകര്‍ന്നാല്‍, ആണവ ഇന്ധനം ഉരുകാന്‍ തുടങ്ങുമെന്ന് ഏജന്‍സി കരുതുന്നു. എന്നാല്‍ പ്ലാന്റിലെ ജീവനക്കാരുടെ വിവേകപൂര്‍ണമായ പ്രവര്‍ത്തനം വഴി ഇതുവരെയും ദുരന്ത സാധ്യതകള്‍ അകന്നു തന്നെയാണ് നില്‍ക്കുന്നത്.
വ്യാഴാഴ്ച പ്ലാന്റിലെ ഡസന്‍ കണക്കിന് ജീവനക്കാര്‍ ഒപ്പിട്ട ഒരു കത്ത് അന്താരാഷ്ട്ര സമൂഹത്തിന് ലഭിച്ചു. അതില്‍ സൂചിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ‘നമുക്ക് ആണവ വിഘടനം പ്രൊഫഷണലായി നിയന്ത്രിക്കാന്‍ കഴിയും. ഞങ്ങള്‍ അത് ചെയ്യുന്നുമുണ്ട്. എന്നാല്‍ ആളുകളുടെ നിരുത്തരവാദത്തിനും യുദ്ധ ഭ്രാന്തിനും മുന്നില്‍ ഞങ്ങള്‍ നിസ്സഹായരാണ്’.