Monday, November 25, 2024

‘സ്വന്തം വീടും നാടും നല്‍കുന്ന സന്തോഷം മറ്റൊരിടത്തുമില്ല’ റഷ്യന്‍ ഭീഷണി നിലനില്‍ക്കുമ്പോഴും യുക്രൈനിയക്കാര്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു

റഷ്യയുടെ അധിനിവേശത്തിനു ശേഷം, 10 ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയിനില്‍ നിന്ന് വീടുവിട്ടുപോയതായി കരുതപ്പെടുന്നു. അവരില്‍ 4.3 ദശലക്ഷം പേര്‍ രാജ്യം തന്നെ വിട്ടിരുന്നു. എന്നാല്‍ യുക്രൈന്‍ സൈന്യനിരകള്‍ സ്ഥിരത കൈവരിക്കുകയും രാജ്യം യുദ്ധസമാനമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിരവധി യുക്രേനിയക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് പോലും മടങ്ങാന്‍ തുടങ്ങുന്ന സാഹചര്യമാണുള്ളത്. യുദ്ധം അതിന്റെ രണ്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ റഷ്യന്‍ ആക്രമണവും തകര്‍ച്ചയെക്കുറിച്ചുള്ള ഭയവും യുക്രെയ്‌ന് പരിചിതമായി എന്നു വേണം മനസിലാക്കാന്‍.

വിദേശത്ത് അഭയാര്‍ഥികളായുള്ള ജീവിതം മടുത്തതായി പോളിഷ് അതിര്‍ത്തിയില്‍ വച്ച് ഏതാനും യുക്രൈനിയക്കാര്‍ ബിബിസിയോട് പറഞ്ഞു. വേറെചിലര്‍ മറ്റുപല കാരണങ്ങളാല്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. ഉപേക്ഷിച്ചുപോന്ന വസ്തുവകകളും രേഖകളും വീണ്ടെടുക്കാനും, ബന്ധുമിത്രാദികളേയും സുഹൃത്തുക്കളേയും വീണ്ടും കാണാനും പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാനും ഈസ്റ്റര്‍ ആഘോഷിക്കാനും അങ്ങനെ പലതിനും വേണ്ടി..

ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ പേര്‍ യുക്രൈനിലേയ്ക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നുമാണ്. പോളിഷ് അതിര്‍ത്തിയിലെ അധികാരികള്‍ ഇക്കാര്യം ശരിവയ്ക്കുന്നുമുണ്ട്. യുക്രെയ്‌നിലേക്കും പോളണ്ടിന് പുറത്തേക്കും പോകുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായി അവര്‍ പറയുന്നു.

‘എല്ലാവരും പലവിധത്തില്‍ സഹായിക്കുന്നുണ്ടെങ്കിലും പക്ഷേ അവിടം വീടാണെന്ന് തോന്നുന്നില്ല’. ഇതാണ് അഭയാര്‍ത്ഥികളായി വിദേശങ്ങളിലേയ്ക്ക് പോയ പല യുക്രൈനിയക്കാരും പറയുന്നത്.

പോളണ്ടുമായുള്ള യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മോസ്റ്റിസ്‌ക പട്ടണത്തിന് സമീപമുള്ള സ്വന്തം വീട്ടിലേയ്ക്ക് വിദേശ ജീവിതം കഴിഞ്ഞ് എത്തിയിരിക്കുകയാണ് ഒലീനയും മരിയയും. കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ സ്ലോവാന്‍സ്‌ക് സ്വദേശികളാണ് ഇവര്‍.  റഷ്യന്‍ സൈന്യം അടുത്തെത്തിയപ്പോള്‍, മകള്‍ മരിയയെ കൂട്ടിക്കൊണ്ട് രാജ്യം വിടാന്‍ ഒലീനയോട് ഭര്‍ത്താവ് പറഞ്ഞു.

അങ്ങനെയാണ് ഒലീനയും മരിയയും ജര്‍മ്മനിയുടെ അതിര്‍ത്തിയിലുള്ള പോളിഷ് നഗരത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ അവിടെ അവര്‍ക്ക് ധാരാളം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നു. സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഭാഷ അറിയാത്തതിനാല്‍ അവിടെ ജോലി കണ്ടെത്താനും പാടുപെടുകയായിരുന്നുവെന്ന് ഒലീന പറയുന്നു. അതിനാല്‍ ഇപ്പോള്‍, അവര്‍ കിഴക്കന്‍ യുക്രൈനിലേയ്ക്ക് തിരിച്ച് പോകുകയാണ്, റഷ്യന്‍ ആക്രമണത്തിന്റെ ഭീഷണി ഉണ്ടായിരുന്നിട്ടു പോലും.

ഒലീനയുടെ ഭര്‍ത്താവ് ആംബുലന്‍സ് ഡ്രൈവറാണ്. അദ്ദേഹവും ഭാര്യയ്ക്കും മകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ്. പ്രതിസന്ധിയും റഷ്യന്‍ ഭീഷണി അവസാനിക്കാത്ത സാഹചര്യത്തിലും മാതൃരാജ്യത്തേക്ക് മടങ്ങാന്‍ എങ്ങനെ തോന്നുന്നുവെന്ന ചോദ്യത്തിന് ഒലീന നല്‍കുന്ന മറുപടി ഇങ്ങനെയാണ്..’ എന്തുതന്നെയായാലും, യുക്രെയ്‌നിലേക്ക് മടങ്ങുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്’.

അറുപതുകാരിയായ ഒരു സ്ത്രീ, യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ പോളണ്ടിലേക്ക് പലായനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ കഴിഞ്ഞ ആഴ്ച യുക്രെയ്നിലേക്ക് മടങ്ങി. ‘എത്ര കാലം ജീവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ എന്റെ വീട്ടില്‍ വച്ചുതന്നെ മരിക്കും’. അവര്‍ പറഞ്ഞു.

ഐറിന എന്ന യുവതിയും മകള്‍ കാറ്റെറിനയും അമ്മ ലിനയും അമ്മായിയമ്മ യെവ്ജെനിയയും മധ്യ യുക്രെയ്നിലെ ക്രൈവി റിഹില്‍ നിന്നുള്ളവരാണ്. മോള്‍ഡോവയിലെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ആദ്യം രാജ്യം വിട്ട അവര്‍ ഇപ്പോള്‍ മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങള്‍ ഇതിലും നേരത്തെ വരുമായിരുന്നെന്നും എന്നാല്‍ എട്ടുവയസ്സുകാരിയായ മകള്‍ക്ക് അസുഖം ഭേദമാകാന്‍ കാത്തിരിക്കേണ്ടി വന്നെന്നും ഐറിന പറയുന്നു. യുക്രൈനില്‍ മകളുടെ സുരക്ഷിതത്വത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് സമ്മതിക്കുമ്പോഴും എന്തുകൊണ്ടാണ് തിരികെ പോകാന്‍ തീരുമാനിച്ചതെന്ന് ചോദിക്കുമ്പോള്‍ ‘സ്വന്തം വീട്, അതാണ് വീടെന്ന്’ അവള്‍ പറയുന്നു.

 

Latest News