കിയെവിനടുത്തുള്ള യുക്രേനിയന്‍ പട്ടണമായ ബോറോഡിയങ്കയിലായിരുന്നു 26കാരനായ പോലീസുകാരന്‍, ഇവാന്‍ സിമോറോസിന്റെ വീട്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ജീവിച്ചിരുന്ന ആ വീടിന്റെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. വീടിനോട് സാമ്യമുള്ള ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ അതിനുണ്ടായ നാശനഷ്ടങ്ങള്‍ വിവരണാതീതമാണ്.
‘ഫെബ്രുവരി 26 ന് ഞാന്‍ പോലീസ് സ്റ്റേഷനിലായിരുന്നു, അപ്പോള്‍ ഞങ്ങള്‍ ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ടു. നിലം കുലുങ്ങുന്നതുപോലെ തോന്നി. ഞാന്‍ എന്റെ ഓരോ ബന്ധുക്കളെയും വിളിക്കാന്‍ ശ്രമിച്ചു. എന്റെ ഭാര്യ, സഹോദരന്‍, അമ്മ, അച്ഛന്‍, മുത്തശ്ശി – പക്ഷേ അവരെയൊന്നും ഫോണില്‍ കിട്ടിയില്ല. മോശമായത് എന്തോ സംഭവിച്ചതായി ഞാന്‍ മനസ്സിലാക്കി’. ഇവാന്‍ ഓര്‍മ്മിക്കുന്നു.
ഇവാന്‍ ഉടനെ തന്റെ പോലീസ് മേധാവിയോടും നിരവധി സഹപ്രവര്‍ത്തകരോടും ഒപ്പം ത്സെന്‍ട്രാള്‍ന സ്ട്രീറ്റിലെ തന്റെ വീട്ടിലേക്ക് പാഞ്ഞു. വലിയ വിനാശത്തെയാണ് അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.
‘അതിഭയങ്കരമായിരുന്നു ആ നിമിഷം…യുദ്ധം…അത് വളരെ ഭയാനകവും മനസ്സിലാക്കാന്‍ പ്രയാസവുമായിരുന്നു. വീട്ടിലെ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു, ഒരുപക്ഷേ അവര്‍ നിലവറയില്‍ ഒളിച്ചിരിക്കാമെന്ന് ആശ്വസിച്ചു…ഉടന്‍ തന്നെ അയല്‍വാസികളും ബന്ധുക്കളും തിരച്ചിലില്‍ സഹായത്തിനെത്തി’. ഇവാന്‍ പറഞ്ഞു.
ഫ്രിഡ്ജിന് മുകളില്‍ മരിച്ച് കിടക്കുന്ന അമ്മയെയാണ് ഇവാന്‍ ആദ്യം കണ്ടെത്തിയത്. തൊട്ടടുത്തു തന്നെ അനുജന്റെ മൃതദേഹം കണ്ടെത്തി. അവന്റെ രണ്ടു കാലുകളും കൈകളും നഷ്ടപ്പെട്ടിരുന്നു. ഇഷ്ടികക്കൂമ്പാരത്തിന് അടിയിലാണ് മുത്തശ്ശിയെ കണ്ടെത്തിയത്. ഇവാന്റെ ഒരു വയസ്സുള്ള മകള്‍ പോളിനയെ സോഫയില്‍ കണ്ടെത്തി. കുഞ്ഞിന് അപ്പോള്‍ ശ്വാസം ഉണ്ടായിരുന്നു. പക്ഷേ ആശുപത്രിയില്‍ വച്ച് മരിച്ചു. തുടര്‍ന്ന് ഇവാന്റെ ഭാര്യയെ കണ്ടെത്തി. പിന്നെ അയാളുടെ അച്ഛനേയും. അന്ന് ആ ദുരന്തത്തില്‍ ഇവാന്റെ കുടുംബത്തിലെ ആറുപേരെ നഷ്ടപ്പെട്ടു.
ബോറോഡിയങ്കയില്‍ ഇവാന്റെ വീട്ടിലാണ് ആദ്യം ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ യുദ്ധത്തില്‍ ഏറ്റവുമധികം ഷെല്ലാക്രമണം നടന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഈ നഗരം.
എങ്കിലും ഈ ദുരന്തത്തിനുശേഷം ഇവാന്‍ ജോലിയില്‍ നിന്ന് മൂന്ന് ദിവസത്തെ അവധി മാത്രമാണ് എടുത്തത്. അതിനുശേഷം അടുത്തുള്ള ഒരു സൈനിക ചെക്ക്പോസ്റ്റില്‍ അദ്ദേഹം ജോലി ചെയ്യുകയും ആളുകളെ ബസുകളില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സഹായിക്കുകയും ചെയ്തു. മനസ്സാന്നിധ്യത്തിനും സേവനത്തിനും ധൈര്യത്തിനും ഇവാന് രാജ്യം മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു.
തന്റെ സങ്കടം മറക്കാനും സഹിക്കാനും ജോലി തന്നെ സഹായിക്കുന്നുവെന്നാണ് ഇവാന്‍ പറയുന്നത്. ബോറോദ്യങ്കയിലെ നിവാസികളും പോലീസ് സേനയും നഗരം പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍, സമാനമായ ദുരന്തങ്ങളിലൂടെ കടന്നുപോയ ആളുകളെ കണ്ടുമുട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നല്‍കുന്ന പിന്തുണയും ധൈര്യവും വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറയുന്നു.
‘ഇവാന്‍ ഒരു തുറന്നമനസുള്ള, സൗഹാര്‍ദ്ദപരമായ, കഴിവും ശ്രദ്ധയുമുള്ള വ്യക്തിയാണ്,’ ബോറോഡിയങ്കയുടെ പോലീസ് യൂണിറ്റിന്റെ തലവനായ ഇവാന്‍ ബോസ് വ്യാസെസ്ലാവ് സിലിയൂറിക് പറയുന്നു. ആറു വര്‍ഷത്തെ ജോലിയ്ക്കിടയില്‍ ഒരിക്കല്‍ പോലും ഇവാന്‍ അവധി എടുത്തിട്ടില്ലെന്നും ഇത്ര വലിയ ദുരന്തം ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെ അതിജീവിച്ച് വീണ്ടും സേവന മനോഭാവത്തോടെ ജോലിയിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്ന ആരേയും ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എങ്കിലും അടുത്തടുത്തായി അന്ത്യവിശ്രമം കൊള്ളുന്ന തന്റെ പ്രിയപ്പെട്ടവരുടെ ശവക്കല്ലറകള്‍ കാണുമ്പോള്‍ ഇവാന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയും വിവരണാതീതമായ ഒരു വേദന അദ്ദേഹത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. സ്‌നേഹിച്ചു കൊതിതീരാത്ത ഒരു കുടുംബം തന്നില്‍ നിന്ന് അകന്നുപോയല്ലോ എന്നുള്ള വേദന..