റഷ്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കുന്നതില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചതായാണ് യുക്രെയ്ന്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ 6,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം തിരിച്ചുപിടിച്ചതായി അവര്‍ അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ്, എങ്ങനെയാണ് അവര്‍ ഇത്ര വലിയ നേട്ടത്തിലേക്ക് എത്തിയതെന്ന് സൂക്ഷ്മമായി പരിശോധിക്കാം.
യുക്രേയ്‌ന്റെ കഴിവിനെ കുറച്ചുകാണരുതെന്ന് സെപ്റ്റംബര്‍ തുടക്കത്തില്‍ ഒരു മുതിര്‍ന്ന യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. വിസ്മയാവഹമായ പ്രകടനത്തിലൂടെ ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്താനുള്ള യുക്രെയ്‌നിന്റെ കഴിവ് ഈ യുദ്ധത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. കൈവില്‍ നിന്നുള്ള റഷ്യന്‍ പിന്‍വാങ്ങല്‍ മുതല്‍ ക്രിമിയയിലെ സമീപകാല ആക്രമണങ്ങള്‍ വരെ അതിന് തെളിവാണ്. ഇപ്പോഴിതാ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ മറ്റൊരു അത്ഭുതം കൂടി നടന്നിരിക്കുന്നു.
ഇതുവരെ, റഷ്യയാണ് ഇവിടെ ഭൂരിഭാഗം മുന്നേറ്റങ്ങളും നടത്തിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ചതുരശ്ര മൈല്‍ പ്രദേശം തിരിച്ചുപിടിച്ചുകൊണ്ട് ഇപ്പോള്‍ യുക്രെയ്നാണ് നേട്ടങ്ങള്‍ കൈവരിക്കുന്നത്. യുക്രെയ്ന്റെ ഏറ്റവും വലിയ നേട്ടം കിഴക്കന്‍ ഖാര്‍കിവ് നഗരത്തിന് ചുറ്റുമുള്ളതാണ്. യുക്രെയ്ന്‍ ഇപ്പോള്‍ ഗ്രേറ്റര്‍ ലണ്ടന്റെ ഇരട്ടി വലിപ്പമുള്ള ഒരു പ്രദേശം മോചിപ്പിച്ചതായി യുകെയുടെ ഏറ്റവും പുതിയ പ്രതിരോധ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള നഗരങ്ങളായ ഇസിയം, കുപിയാന്‍സ്‌ക് എന്നിവ പിടിച്ചെടുത്തതായി യുക്രെയ്ന്‍ പറയുന്നു. ഡോണ്‍ബാസില്‍ സൈന്യത്തെ പുനഃസ്ഥാപിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന സൈനിക കേന്ദ്രങ്ങളായിരുന്നു അവ. ആ നഷ്ടങ്ങള്‍ മാത്രം റഷ്യന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാകും.
പാശ്ചാത്യ ആയുധങ്ങളുടെ ബുദ്ധിപരമായ ഉപയോഗമാണ് ഈ ഞെട്ടിപ്പിക്കുന്ന നേട്ടത്തിലേക്ക് യുക്രൈനെ നയിച്ചത്. യുഎസ്, യുകെ ലോംഗ്-റേഞ്ച് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ അവര്‍ വിദഗ്ധമായി ഉപയോഗിച്ചു. മാത്രവുമല്ല ആറ് മാസത്തെ പോരാട്ടത്തില്‍ റഷ്യയുടെ സ്റ്റോക്കുകള്‍ വളരെയധികം കുറയുകയും ചെയ്തു. പാശ്ചാത്യ ആയുധങ്ങളുടെ വ്യക്തമായ ഉപയോഗവും പ്രദേശം തിരിച്ചുപിടിക്കാനുള്ള യുക്രെയ്‌ന്റെ ദൃഢനിശ്ചയവും ചേര്‍ന്നപ്പോള്‍ റഷ്യന്‍ സേനയ്ക്ക് പിന്‍വാങ്ങാതെ നിര്‍വാഹമില്ലാതായി.
ഈ യുദ്ധത്തില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന സൂചനയാണ് യുക്രെയ്ന്‍ ലോകത്തിന് നല്‍കുന്നത്. കൂടുതല്‍ പാശ്ചാത്യ ആയുധങ്ങള്‍ക്കായി തങ്ങളുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. റഷ്യയും വേഗത്തില്‍ വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ യുദ്ധം അവസാനിക്കുന്നില്ല. എന്നാല്‍ അത്ഭുതപ്പെടുത്താനും പ്രതിബന്ധങ്ങളെ മറികടക്കാനുമുള്ള കഴിവ് യുക്രെയ്ന്‍ വീണ്ടും ലോകത്തെ കാണിക്കുകയാണ്.