അടുത്തിടെ മോചിപ്പിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ ഇസിയത്തില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കി തിങ്കളാഴ്ച പതാക ഉയര്‍ത്തിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിക്കപ്പെട്ടെങ്കിലും നഗരത്തില്‍ വൈദ്യുതിയും വെള്ളവും ഇപ്പോഴും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ഇസിയത്തിലേക്ക് അടുക്കുന്തോറും റഷ്യയുടെ ദ്രുതഗതിയിലുള്ള പിന്‍വാങ്ങലിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കും. യുക്രേനിയന്‍ പട്ടാളക്കാര്‍ നഗരത്തിനടുത്തുള്ള റോഡരികുകളിലൂടെ, യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണ്.
റഷ്യന്‍ സേന ഉപേക്ഷിച്ചു പോയ രണ്ട് റഷ്യന്‍ ടാങ്കുകളിലൊന്നില്‍ യുക്രേനിയന്‍ പതാക ഇതിനകം ഇടം പിടിച്ചു. ഒരു ടാങ്ക് ഉപയോഗിച്ച് മറ്റൊന്ന് കുഴിയില്‍ നിന്ന് വലിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു കൂട്ടം യുക്രേനിയന്‍ സൈന്യം.
നഗരത്തിനകത്ത്, റഷ്യയുടെ പരാജയത്തിന്റെ സ്മാരകം പോലെ, മറ്റൊരു ഉപേക്ഷിക്കപ്പെട്ട ടാങ്ക് റോഡിന്റെ മധ്യത്തില്‍ ഇരിക്കുന്നു. ഒരു നാട്ടുകാരന് അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിക്ക് പോസ് ചെയ്യുന്നു.
61 കാരിയായ ലാറിസയും അവളുടെ സുഹൃത്ത് വിക്ടോറിയയും റഷ്യന്‍ അധിനിവേശത്തിനുശേഷം ആദ്യമായി നഗരത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കുറച്ച് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ ഒരുപിടി ചെറിയ ബാഗുകളുമായാണ് അവരുടെ തിരിച്ചു വരവ്.
യുദ്ധത്തിന്റെ തുടക്കത്തില്‍ തങ്ങള്‍ നഗരം വിട്ടുപോയതാണെന്നും ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ലാരിസ പറയുന്നു. എന്നാല്‍ നഗരമധ്യത്തിലുള്ള അവരുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സ്ഥിതി സങ്കീര്‍ണ്ണമാണ്.
നഗരത്തില്‍ ചുറ്റിക്കറങ്ങി നോക്കിയാല്‍ ഷെല്ലുകള്‍ നിറഞ്ഞ വഴികളും ചാരത്താല്‍ പൊതിഞ്ഞ കെട്ടിടങ്ങളുമാണ് കാണാനാവുന്നത്. വെള്ളമോ വൈദ്യുതിയോ ചൂടോ ലഭ്യമല്ലാത്ത നഗരമാണിപ്പോള്‍ ഇസിയം. മരിച്ചവരുടെ സംഖ്യ ഇപ്പോഴും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. പക്ഷേ പ്രാദേശിക ഉദ്യോഗസ്ഥര്‍ 47 പേരെന്നാണ് വിലയിരുത്തുന്നത്. അവരില്‍ കുട്ടികളുമുണ്ട്.
മാര്‍ച്ചില്‍ ഇവിടുത്തെ അഞ്ച് നിലകളുള്ള ഒരു ഫ്ലാറ്റില്‍ കനത്ത വ്യോമാക്രമണമുണ്ടായിരുന്നു. 22 വര്‍ഷമായി ആ കെട്ടിടത്തില്‍ താമസിച്ചിരുന്ന എഴുപതുകാരി ടാറ്റിയാന നടുക്കത്തോടെയാണ് ആ ദിവസം ഓര്‍ത്തെടുത്തത്. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് അവര്‍ പറയുന്നു. നേരത്തെ തന്നെ അഭയകേന്ദ്രത്തില്‍ പോയതിനാല്‍ അവര്‍ ആ സമയം അവിടെ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മധ്യഭാഗത്താണ് വ്യോമാക്രമണം ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ ഓര്ത്തെടുക്കാനുള്ളുവെങ്കിലും കഴിഞ്ഞതെല്ലാം ദുസ്വപ്നം പോലെ മറക്കാനാണ് ഇപ്പോള്‍ ഈ നഗരത്തിലെ ഓരോരുത്തരും ആഗ്രഹിക്കുന്നത്. സമാധാനപൂര്‍വവും ശാന്തവുമായ ജീവിതം ഇനിയെങ്കിലും തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണവര്‍.