Wednesday, November 27, 2024

യുക്രൈനിലെ ദുര്‍ബലമായ സ്വാതന്ത്ര്യം

റഷ്യന്‍ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിന്റെ അനന്തരഫലം വിക്ടര്‍ യുഷ്ചെങ്കോയെക്കാള്‍ നന്നായി അറിയാവുന്നവര്‍ വളരെ കുറവാണ്. 2004-ല്‍ മോസ്‌കോ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രചാരണം നടത്തുന്നതിനിടെ മുന്‍ യുക്രേനിയന്‍ പ്രസിഡന്റായ വിക്ടര്‍ യുഷ്ചെങ്കോയെക്ക് നേരെ വിഷ രാസവസ്തു പ്രയോഗമുണ്ടായി. കഷ്ടിച്ച് രക്ഷപെടുകയും വിജയിക്കുകയും ചെയ്ത അദ്ദേഹം അടുത്ത വര്‍ഷം അധികാരമേറ്റെടുക്കുകയും ചെയ്തു. അന്നത്തെ ആ ആക്രമണത്തിന്റെ പാടുകള്‍ മുന്‍ പ്രസിഡന്റിന്റെ മുഖത്ത് ഇപ്പോഴും കാണാം.

ഇപ്പോള്‍ കൈവിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടില്‍ ഇരുന്നുകൊണ്ട് യുഷ്‌ചെങ്കോ യുക്രെയ്‌നിന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോലായിരുന്ന ദേശീയ ചൈതന്യത്തിന്റെ ശക്തിയെ പ്രശംസിക്കുന്നു. ‘ഇന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. 42 ദശലക്ഷം യുക്രേനിയക്കാര്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നു. റഷ്യ ഉള്‍പ്പെടെ ഏത് ശത്രുവിനെയും നേരിടാന്‍ ഈ ആത്മവിശ്വാസം ഞങ്ങളെ സഹായിക്കുന്നു’.

റഷ്യന്‍ ആക്രമണത്തെ ചെറുക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ കഴിവില്ലായ്മയെയാണ് യുഷ്‌ചെങ്കോ പ്രധാനമായും കുറ്റപ്പെടുത്തുന്നത്. എന്നിരുന്നാലും, യുക്രെയ്‌നിന്റെ ചെറുത്തുനില്‍പ്പ്, ലോകത്തിലെ അതിന്റെ നിലയെ മാറ്റിമറിച്ചതായി അദ്ദേഹം കരുതുന്നു. ’50-ലധികം രാജ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടത്തിന്റെ ആശയങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ എല്ലാത്തരം പിന്തുണയും നല്‍കുന്നു. സൈനികവും, സാമ്പത്തികവും, മാനുഷികവുമായ പിന്തുണ. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ യുദ്ധത്തില്‍ യുക്രെയ്‌നിന് വിജയം കൊയ്യാന്‍ കഴിയുമെന്നാണ് തന്റെ സമ്പൂര്‍ണ്ണ വിശ്വാസമെന്നും മുന്‍ പ്രസിഡന്റ് പറയുന്നു.

യുക്രൈനെ കീഴടക്കാന്‍ റഷ്യ ശ്രമിക്കുന്തോറും യുക്രൈന്‍ ജനതയുടെ പോരാട്ട വീര്യവും ദേശീയതയും ഒന്നിനൊന്ന് വര്‍ധിക്കുകയാണ്. അതിന് ഉദാഹരണമാണ് നതാലിയ എന്ന സ്ത്രീ തന്റെ ബിസിനസില്‍ വരുത്തിയ മാറ്റം.

കൈവിലെ ഡൈനിപ്പര്‍ നദിയുടെ ഇടത് കരയിലുള്ള ഒരു ചെറിയ ഫാക്ടറിയില്‍, യൂണിഫോം നിര്‍മ്മാണമായിരുന്നു, നതാലിയ എന്ന സ്ത്രീയുടെ ബിസിനസ്സ്. എന്നാല്‍ ഇപ്പോള്‍ ആ ഫാക്ടറിയില്‍ യുക്രേനിയന്‍ പതാകകളാണ് നിര്‍മ്മിക്കുന്നത്.

ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ അവള്‍ക്ക് സൈനിക ചെക്ക്പോസ്റ്റുകളില്‍ നിന്ന് പതാകകള്‍ നിര്‍മിച്ചു നല്‍കാമോ എന്ന അഭ്യര്‍ത്ഥന ലഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവള്‍ക്ക് പ്രതിമാസം 2,500-ലധികം ഓര്‍ഡറുകള്‍ ലഭിക്കുന്നു. സൈന്യത്തില്‍ നിന്ന് മാത്രമല്ല, മറ്റ് ആളുകളില്‍ നിന്നും.

‘ഓരോ യുക്രേനിയനും ഈ നിറങ്ങള്‍ അനുഭവിക്കുന്നു, ആസ്വദിക്കുന്നു. ഞങ്ങള്‍ അവ ഇപ്പോള്‍ എല്ലായിടത്തും കാണുന്നു. പതാകനിര്‍മാണം ഞങ്ങള്‍ക്ക് സന്തോഷവും പോസിറ്റീവ് വികാരങ്ങളും നല്‍കുന്നു’. തയ്യല്‍ യൂണിറ്റിലെ സ്റ്റാഫും പറയുന്നു.

വ്ളാഡിമിര്‍ പുടിന്‍ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആറ് മാസം പിന്നിട്ട അവസരത്തില്‍, ഇന്ന്, ഓഗസ്റ്റ് 24 ന് യുക്രെയ്നിന്റെ സ്വാതന്ത്ര്യദിനം ആഗതമായിരിക്കുന്നു. പക്ഷേ രാജ്യത്തുടനീളം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് കടുത്ത വിലക്കുണ്ട്. കൂടാതെ കഴിഞ്ഞ ആറുമാസം കൊണ്ട് ഏകദേശം 9,000 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി യുക്രേനിയന്‍ സൈന്യം പറയുന്നു. ഏകദേശം 5,500 സിവിലിയന്‍ മരണങ്ങള്‍ യുഎന്നും സ്ഥിരീകരിച്ചു.

ഇപ്പോഴും സ്ഥിതി സാധാരണമാകാത്തതിനാലും യുദ്ധം നിലനില്‍ക്കുന്നതിനാലും തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിറുത്താന്‍, ഈ രാജ്യം ഇനിയും സഹായത്തിനായി പുറം ലോകത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു, യഥാര്‍ത്ഥ സ്വാതന്ത്ര്യാഘോഷത്തിനായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

 

 

Latest News