റഷ്യന്‍ സൈന്യം, യുക്രെയ്നിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മരിയുപോളിലെ ജനങ്ങളെ മാസങ്ങളോളം നീണ്ട ഉപരോധത്തിന് വിധേയമാക്കിയ ശേഷം കഴിഞ്ഞ മെയ് മാസത്തില്‍ അത് പിടിച്ചെടുത്തിരുന്നു. റഷ്യ നിയോഗിച്ച പ്രാദേശിക അധികാരികളില്‍ നിന്നുള്ള പ്രതികാര നടപടികളെ ഭയന്ന് മരിയുപോള്‍ നിവാസികള്‍ ആരും തന്നെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറാവുന്നില്ല.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം അരലക്ഷത്തോളം ആളുകള്‍ ഈ നഗരത്തില്‍ താമസിച്ചിരുന്നു. യുഎന്‍ കണക്കുകള്‍ പ്രകാരം, യുദ്ധത്തില്‍ 90% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 2022 ഫെബ്രുവരിയില്‍ റഷ്യ ആക്രമിച്ചതിനെത്തുടര്‍ന്ന് 350,000 ആളുകള്‍ നഗരം വിട്ടുപോകാനും നിര്‍ബന്ധിതരായി. മരിയുപോളിലെ നിരന്തരമായ ഷെല്ലാക്രമണത്തിന്റെ ഫലമായി കൊല്ലപ്പെട്ട ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ പ്രയാസമാണ്. എന്നാല്‍ 20,000-ത്തിലധികം പേര് അവിടെ മരിച്ചുവെന്ന് യുക്രേനിയന്‍ അധികൃതര്‍ പറയുന്നു.
മരിയുപോളിലെ റഷ്യന്‍ അധികാരികള്‍ പറയുന്നത് ഏകദേശം 300,000 ആളുകള്‍ ഇപ്പോള്‍ അവിടെ താമസിക്കുന്നുണ്ടെന്നാണ്. എന്നാല്‍ മരിയുപോളില്‍ നിന്നുള്ള ആളുകള്‍ പറയുന്നത്, അവരുടെ നഗരം റഷ്യയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ള തൊഴിലാളികളാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ്. നിലവില്‍ നഗരത്തിലുള്ളവരില്‍ 70,000-ത്തോളം പേര് നിര്‍മാണത്തൊഴിലാളികളും റഷ്യന്‍ സൈന്യത്തിലെ അംഗങ്ങളുമാണെന്ന് മരിയുപോളിലെ മേയര്‍ ഒലെഗ് മോര്ഗന് പറയുന്നു.
പുനര്‍നിര്‍മ്മാണം
ബോംബാക്രമണത്തില്‍ തകര്‍ന്ന നിരവധി കെട്ടിടങ്ങള്‍ ഇല്ലാതായപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഉദാഹരണത്തിന്, റഷ്യന്‍ സൈന്യം മരിയുപോളിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒരു ഡസന്‍ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ജില്ല നിര്‍മ്മിച്ചു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സ്വന്തം നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്ഥിതി ചെയ്യുന്ന നെവ നദിയുടെ പേരിലാണ് ഇതിനെ നെവ്സ്കി എന്ന് വിളിക്കുന്നത്. റഷ്യന്‍ സ്റ്റേറ്റ് മീഡിയ പറയുന്നതനുസരിച്ച്, സെന്റ് പീറ്റേഴ്സ്ബര്‍ഗാണ് മരിയുപോളിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രധാന സ്പോണ്സര്.
മാസങ്ങള്‍ നീണ്ട കടുത്ത പോരാട്ടത്തിന് ശേഷം താരതമ്യേന പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട വീടുകളില്‍ റഷ്യക്കാര്‍ ജനാലകളും റേഡിയേറ്ററുകളും മലിനജല പൈപ്പുകളും മാറ്റിസ്ഥാപിക്കുന്നു. ഹീറ്റിംഗ്, വെള്ളം, വൈദ്യുതി വിതരണം എന്നിവ മിക്കവാറും എല്ലായിടത്തും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ട്രോളി ബസ്, ട്രാം ശൃംഖലകള്‍ തുടങ്ങിയവ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണെങ്കിലും ബസുകള്‍ ഓടുന്നുണ്ട്. നിരവധി സ്കൂളുകളും ആശുപത്രികളും കടകളും തുറന്നിട്ടുണ്ട്. എന്നിരുന്നാലും നിരവധി വ്യാപാരികള്‍ നടപ്പാതയില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വില്‍ക്കുന്നു. അധിനിവേശ പ്രദേശങ്ങളിലെ സ്കൂളുകളില്‍ റഷ്യന്‍ ഭാഷാ പാഠ്യപദ്ധതി അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അത് കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു.
മരിയുപോളില്‍ റഷ്യ അതിന്റെ മുദ്ര പതിപ്പിക്കാന്‍ പലരീതിയില്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രാദേശിക നിവാസികള്‍ റഷ്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ സമ്മര്‍ദ്ദത്തിലാണ്. കൂടാതെ, കര്‍ശനമായ പരിശോധനകളില്ലാതെ റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് സാധ്യമാക്കിയിരിക്കുകയാണ്. റഷ്യന്‍ പാസ്പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ നടക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ മാരിയുപോളും റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി മാറുകയാണ്. യുക്രേനിയന്‍ കറന്‍സിയായ ഹ്രീവ്നിയ, ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി. ഇപ്പോള്‍ റഷ്യന്‍ റൂബിള്‍ മാത്രമാണ് കടകളില്‍ സ്വീകരിക്കുന്ന ഏക കറന്‍സി. മാരിയുപോളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും റഷ്യന്‍ അനുകൂല അജണ്ട പ്രോത്സാഹിപ്പിക്കുന്നതില്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു.
മാരിയുപോളിലെ നിവാസികള്‍ക്കുള്ള പെന്ഷന് പേയ്മെന്റുകളിലേക്ക് റഷ്യ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നു. യുദ്ധത്തിന് മുമ്പ് യുക്രേനിയന്‍ അധികാരികളില്‍ നിന്ന് ലഭിച്ചതിനെ അപേക്ഷിച്ച് വലിയ തുകയാണിപ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ മരിയുപോളിലെ നിവാസികള്‍ക്ക് രണ്ട് പെന്‍ഷനുകള്‍ എടുക്കാന്‍ കഴിയും – ഒന്ന് റഷ്യയില്‍ നിന്ന്, മറ്റൊന്ന് യുക്രെയ്നില്‍ നിന്ന്. സ്വാഭാവികമായും, പല പ്രാദേശിക പെന്‍ഷന്‍കാരും സന്തോഷിക്കുന്ന ഒരു സാഹചര്യമാണിത്. അതുകൊണ്ടു തന്നെ റഷ്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ആളുകള്‍ കൂടുതലായി താത്പര്യപ്പെടുന്നുമുണ്ട്.
റഷ്യന്‍ അനുകൂല വികാരം
പുനര്‍നിര്‍മ്മാണത്തിന്റെ വേഗതയും അതിന്റെ ഫലമായി പുനഃസ്ഥാപിക്കപ്പെട്ട സേവനങ്ങളും ഉദാരമായ പെന്ഷന് പേയ്മെന്റുകളും മാരിയുപോളിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള തീവ്രമായ മാധ്യമ പ്രചാരണവും നഗരത്തില്‍ റഷ്യന്‍ അനുകൂല വികാരത്തിന്റെ വ്യാപനത്തെ ഉത്തേജിപ്പിക്കുന്നു.
‘നിര്‍ഭാഗ്യവശാല്‍, യുക്രെയ്നിന് മാരിയൂപോളിലെ ആളുകളുടെ ഹൃദയവും മനസ്സും നഷ്ടപ്പെടുകയാണ്’. സിറ്റി കൗണ്‍സിലര്‍ ഇവാന് പറഞ്ഞു. ഇപ്പോഴും മരിയുപോളില്‍ കഴിയുന്നവര്‍ തങ്ങളുടെ നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നത് കാണുന്നതില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം പിന്നില്‍ റഷ്യ ഗൂഢലക്ഷ്യങ്ങള്‍ പിന്തുടരുന്നുവെന്ന് സംശയിക്കുന്നവരുമുണ്ട്.
‘റഷ്യ നഗരത്തില്‍ സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ വീടുകള്‍ പണിയുന്നതെന്ന് പലരും കരുതുന്നു. അവര്‍ 10 ആശുപത്രികള്‍ നശിപ്പിക്കുകയും ഒരെണ്ണം പുനര്‍നിര്‍മ്മിക്കുകയും ചെയ്താല്‍ – അത് പുനര്‍നിര്‍മ്മാണമല്ല. അവര്‍ക്ക് നന്ദി പറയാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഒരു സ്കൂള്‍ അവര്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ സന്തോഷിക്കാം, പക്ഷേ റഷ്യ കൊന്നൊടുക്കിയ ആയിരക്കണക്കിന് ആളുകളെ എന്തുചെയ്യും? അവരെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല, അവരെ തിരികെ കൊണ്ടുവരാനും കഴിയില്ല’. ഇവാന് പറയുന്നു.