റഷ്യ തന്റെ രാജ്യം ആക്രമിച്ചപ്പോള്‍, സ്‌ഫോടനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ വെറോണിക്ക അഹഫോനോവ എന്ന പതിനഞ്ചുകാരി യുക്രൈന്‍ പെണ്‍കുട്ടി പിയാനോ വായിക്കുകയാണ് ചെയ്തിരുന്നത്. സെപ്റ്റംബറില്‍ റഷ്യന്‍ സൈന്യത്തെ പുറത്താക്കുന്നത് വരെ മാസങ്ങളോളം കനത്ത ഷെല്ലാക്രമണം നടന്ന ഖാര്‍കിവിലാണ് വെറോണിക്കയുടെ ജന്മനാട്.
കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് വെറോണിക്കയ്ക്കും അമ്മയ്ക്കും ഖാര്‍കിവില്‍ നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടിയും വന്നു. റഷ്യന്‍ ബോംബര്‍ വിമാനങ്ങളുടെ കണ്ണുവെട്ടിച്ച്, ചുറ്റിലും കര്‍ട്ടനുകള്‍ ഇട്ട ഒരു മോട്ടലില്‍ ഇരുട്ടില്‍ ഏറെ നാള്‍ അവര്‍ കഴിഞ്ഞു.
ദശലക്ഷക്കണക്കിന് യുക്രൈനിയന്‍ കുട്ടികളെപ്പോലെ, ഈ യുദ്ധം ആരംഭിച്ചപ്പോള്‍ വെറോണിക്കയുടെ ജീവിതവും അടിമുടി മാറി. എങ്കിലും താനും തന്റെ കുടുംബവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഓരോ ദിവസം ഉറക്കമുണരുന്നതെന്ന് വെറോണിക്ക പറയുന്നു. റഷ്യന്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഓരോ തവണയും സൈറണുകള്‍ അലറുമ്പോഴെല്ലാം ഇടുങ്ങിയതും തണുപ്പുള്ളതുമായ ഒരു ബേസ്മെന്റിലേക്ക് ഓടുന്നത് ഒരു വിറയലോടെയാണ് ഓര്‍ക്കുന്നതെന്നും വലിയ രീതിയിലുള്ള ആഘാതമാണ് ആ അനുഭവങ്ങള്‍ പ്രദാനം ചെയ്തതെന്നും അവള്‍ പറയുന്നു.
പത്ത് മാസത്തെ ദുരിതപൂര്‍ണമായ ജീവിതത്തിനു ശേഷം, ഇപ്പോള്‍ അവര്‍ യുകെയിലാണ് താമസിക്കുന്നത്. ഒടുവില്‍ തനിക്ക് വീണ്ടും സുഖമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്ന് വെറോണിക്ക പറയുന്നു. ഒരു ആതിഥേയ കുടുംബത്തോടൊപ്പം താമസിച്ച് ചാര്‍ട്ടര്‍ഹൗസ് സ്‌കൂളില്‍ അവള്‍ സൗജന്യമായി പഠിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവള്‍ പിയാനോ വായിക്കുന്നത് സന്തോഷത്തോടെയാണ്.
‘ഇപ്പോള്‍ എനിക്ക് ഓരോ മണിക്കൂറിലും അലാറങ്ങള്‍ കേള്‍ക്കേണ്ടതില്ല. അടുത്ത സെക്കന്‍ഡില്‍ ഒരു ബോംബ് എന്റെ അടുത്ത് വീണാല്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ചും ഞാന്‍ ചിന്തിക്കേണ്ടതില്ല’. വെറോണിക്ക പറയുന്നു.
വെറോണിക്കയുടെ 28 സഹപാഠികളില്‍ എട്ട് പേര്‍ മാത്രമാണ് ഇപ്പോഴും ഖാര്‍കിവില്‍ ഉള്ളത്. അവരാകട്ടെ സുരക്ഷയെ കരുതി ഓണ്‍ലൈന്‍ ക്ലാസുകളിലാണ് പഠിക്കുന്നത്. അവരുടെ അധ്യാപികയായ മരിയയും നാട്ടില്‍ തന്നെയുണ്ട്. രാജ്യത്തുടനീളവും വിദേശത്തുമായി ചിതറിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്നു.
വെറോണിക്ക അതിശയകരമായ രീതിയില്‍ ഈ പ്രതിസന്ധികളെ നേരിടുന്നുണ്ടെന്ന് അവളുടെ അമ്മ നതാലിയ പറഞ്ഞു. യുദ്ധത്തെയും നാശത്തെയും കുറിച്ചുള്ള ചിന്തകളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ വ്യതിചലനം അവള്‍ക്ക് നല്‍കുന്നത് യുകെയിലെ സ്‌കൂളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നില്‍ നിന്നുള്ള വാര്‍ത്തകള്‍ നതാലിയ ഇപ്പോഴും പരിശോധിക്കുന്നുണ്ട്. കാരണം അവരുടെ സ്വന്തം അമ്മ ഖാര്‍കിവില്‍ താമസിക്കുകയാണ്. പല മുതിര്‍ന്ന ആളുകളെയും പോലെ സ്വന്തം വീട് വിട്ട് പോകാന്‍ അവര്‍ ആഗ്രഹിച്ചില്ല.
പക്ഷേ ഇംഗ്ലണ്ടിലെ ആജീവനാന്ത ജീവിതത്തെക്കുറിച്ച് ഇവരാരും തന്നെ ചിന്തിക്കുന്നില്ല. ‘എനിക്ക് എന്റെ വീട് തിരികെ വേണം, എന്റെ മുന്‍കാല ജീവിതം തിരികെ വേണം, യുക്രെയ്‌നില്‍ സമാധാനവും ശാന്തതയും ഉണ്ടാകണമെന്നും ആളുകള്‍ മരിക്കുന്നത് അവസാനിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അത് ഉടനേ സാധ്യമല്ലെന്ന് എനിക്കറിയാം. എങ്കിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ എനിക്ക് സ്ഥിരതയും ശാന്തതയും വേണം’. വെറോണിക്ക തന്റെ ഏറ്റവും വലിയ ആഗ്രഹം വിവരിക്കുന്നു.