Monday, November 25, 2024

യുക്രൈന്‍ നഗരങ്ങള്‍ പിടിച്ചെടുക്കുകയെന്നത് പുടിന്റെ വ്യാമോഹം മാത്രമെന്ന് കിഴക്കന്‍ മുന്നണിയിലെ യുക്രേനിയന്‍ സൈനികര്‍

യുക്രേനിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതായി റഷ്യ പ്രഖ്യാപിക്കുകയും ആണവ ഭീഷണികള്‍ മുഴക്കുകയും ലക്ഷക്കണക്കിന് സൈനികരെ അണിനിരത്തുകയും ചെയ്യുമ്പോഴും അവസാന ഇഞ്ച് മണ്ണിനു വേണ്ടിയും പോരാടുമെന്ന ഉറച്ച നിലപാടിലാണ് കിഴക്കന്‍ മുന്നണിയിലെ യുക്രൈനിയന്‍ സേന.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിയമവിരുദ്ധമായി തന്റേതെന്ന് അവകാശപ്പെടുന്ന നാല് പ്രദേശങ്ങളിലൊന്നായ ഡൊനെറ്റ്‌സ്‌കിലെ ബഖ്മുട്ട് നഗരത്തിലെ മുന്‍നിരയിലെ ആളുകളാണ് അവസാന ശ്വാസം വരെയും സ്വന്തം മണ്ണിനുവേണ്ടി പോരാടുമെന്ന് ഉറക്കെ പറയുന്നത്.

‘ഇവിടെ ഇപ്പോഴും ഷെല്ലാക്രമണം പതിവാണ്. റഷ്യന്‍ സൈനികര്‍ ഇവിടെ ഉണ്ട്. ഇപ്പോള്‍ ഇവിടെ കാര്യങ്ങളെല്ലാം വളരെ ബുദ്ധിമുട്ടിലാണ്. എല്ലാവരും വളരെയധികം സമ്മര്‍ദ്ദം നേരിടുന്നു. കാരണം ശത്രു വളരെ അടുത്താണ്, പക്ഷേ ഞങ്ങള്‍ ഇവിടെ തന്നെ നില്‍ക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്നു’. 31 കാരനായ ഒലെക്സാണ്ടര്‍ പറയുന്നു. പ്രസിഡന്റ് പുടിന്റെ സമീപകാല റഫറണ്ടങ്ങളെ ‘വെറും വ്യാമോഹം’ എന്നാണ് ഒലെക്‌സാണ്ടര്‍ വിശേഷിപ്പിച്ചത്.

‘എന്റെ വീക്ഷണത്തില്‍, ആ ജനഹിതപരിശോധനകള്‍ കൊണ്ട് ഒരു ഗുണവും അവര്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. ഞങ്ങള്‍ ഇനിയും പുടിന്റെ സൈന്യത്തോട് യുദ്ധം ചെയ്യുകയും അവരെ ഞങ്ങളുടെ ഭൂമിയില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും’. അദ്ദേഹം പറയുന്നു.

യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍ ഒലെക്സാണ്ടറിന് നന്നായി അറിയാം. കാരണം ഈ യുദ്ധത്തില്‍ അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ടു. എങ്കിലും പൊരുതാനുള്ള മനസ്സ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ല.

6,000 ചതുരശ്ര കിലോമീറ്റര്‍ (2,317 ചതുരശ്ര മൈല്‍) പ്രദേശം യുക്രെയ്ന്‍ വീണ്ടെടുത്തപ്പോള്‍ ഉണ്ടായ അപമാനകരമായ തോല്‍വികള്‍ കാരണം റഷ്യക്കാര്‍ ബഖ്മുത്തില്‍ വിജയത്തിനായി കഠിനമായി പരിശ്രമിക്കുകയാണെന്ന് ഇവിടെയുള്ള സൈനികര്‍ വിശ്വസിക്കുന്നു. 70,000-ത്തോളം ആളുകള്‍ താമസിച്ചിരുന്ന സ്ഥലമാണ് ബഖ്മുത്ത്.

തല്‍ക്കാലം മുന്‍നിരയില്‍ പിടിച്ചുനില്‍ക്കുകയാണ് യുക്രൈന്‍ സൈന്യം. റഷ്യയുടെ മുന്നേറ്റം അവര്‍ പരമാവധി തടയുകയാണ്. റഷ്യയുടെ സൈനിക ശക്തി വളരെ വലുതാണ് എന്നത് യുക്രൈന് വെല്ലുവിളിയാണ്. പക്ഷേ മനക്കരുത്തിന്റെ കാര്യത്തില്‍ യുക്രൈന്‍ സേന വളരെ മുന്നിലുമാണ്.

യൂറോപ്പിലെ ഏറ്റവും പുതിയ യുദ്ധത്തിലെ അപകടകരമായ ഒരു പുതിയ ഘട്ടമാണിത്. ഈ സംഘര്‍ഷം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിന് സൈനിക വക്താവ് മറുപടി പറഞ്ഞതിങ്ങനെയാണ് ‘നീണ്ട, വളരെക്കാലം’.

 

Latest News