കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലുള്ള മോചിപ്പിക്കപ്പെട്ട നഗരമായ ലൈമാന്‍ റഷ്യന്‍ മിസൈലുകളില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. എങ്കിലും മഞ്ഞിനും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ യുദ്ധത്തെ അതിജീവിച്ച് ഇപ്പോഴും കഴിയുന്നവരുടെ ഇടയില്‍ കൂട്ടായ ചെറുത്തുനില്‍പ്പും ശക്തമായ ഒരു ചൈതന്യവും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം റഷ്യന്‍ സൈന്യം തകര്‍ത്ത ലൈമാനില്‍, ഏകദേശം 13,000 നിവാസികള്‍ കഠിനമായ ശൈത്യത്തേയും നേരിട്ടുകൊണ്ട് കഴിയുന്നുണ്ട്. ലിമാനില്‍ ഏകദേശം 700 കുട്ടികളും താമസിക്കുന്നുണ്ട്.
വിരമിച്ച വ്യവസായിയും ഒരു വലിയ കെട്ടിടത്തിലെ അവശേഷിക്കുന്ന ഏക താമസക്കാരനുമായ അലക്‌സാണ്ടര്‍ റോഗോവിറ്റ്‌സ് എന്ന 73 കാരന്‍ താമസിക്കുന്ന ഏഴാം നിലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ റോക്കറ്റ് പതിച്ചു.
തൊട്ടടുത്ത മുറ്റത്ത്, ഒരു ഭീമന്‍ ബോംബ് ഗര്‍ത്തത്തിന് സമീപം, 45-കാരനായ വലേരി ദിമിട്രെങ്കോ എന്ന റെയില്‍വേ ടെക്‌നീഷ്യനും അയല്‍ക്കാരും ചേര്‍ന്ന്, തങ്ങള്‍ കഴിഞ്ഞ ഏതാനും നാളുകളായി അഭയം പ്രാപിച്ചിരിക്കുന്ന നിലവറ ചൂടാക്കാനുള്ള വിറക് ശേഖരിക്കാന്‍ മരം മുറിക്കുന്ന തിരക്കിലാണ്.
ഡോണ്‍ബാസില്‍ കനത്ത പോരാട്ടം തുടരുന്നുണ്ടെങ്കിലും, പ്രാദേശിക അധികാരികളുടെ ഉപദേശം വകവയ്ക്കാതെ വിമോചിത യുക്രേനിയന്‍ പട്ടണങ്ങളിലേക്ക് സിവിലിയന്മാര്‍ തിരികെ എത്തുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ റഷ്യയുടെ സൈന്യം ലൈമനെ സമീപിച്ചപ്പോള്‍, 41,000 സാധാരണക്കാര്‍ പലായനം ചെയ്തിരുന്നു. അവരില്‍ പലരും പ്രായമായവരോ ദരിദ്രരോ ഒക്കെയായിരുന്നു. നഗരം വിട്ടു പോകാത്തവര്‍ നിലവറകളില്‍ തിങ്ങിഞെരുങ്ങി ജീവിച്ചു.
‘നിലവറയിലെ ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ആളുകള്‍ വ്യത്യസ്തരാണ്. ചിലര്‍ അക്രമാസക്തരായി. ഞങ്ങള്‍ ഇതുപോലെ ഒരുമിച്ച് ജീവിക്കാന്‍ ശീലിച്ചിട്ടില്ല’. വലേരി ദിമിട്രെങ്കോയുടെ ഭാര്യ ഇറ പറയുന്നു. ഇറ പറഞ്ഞതനുസരിച്ച്, നിലവറയില്‍ താമസിക്കാന്‍ എത്തിയവരില്‍ മൂന്നിലൊന്ന് പേരും റഷ്യന്‍ അനുകൂലികളായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍. യുക്രൈന്‍ അനുകൂലികളായ തങ്ങള്‍ക്ക് അവരോടൊപ്പമുള്ള ജീവിതം വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇറ കൂട്ടിച്ചേര്‍ക്കുന്നു.
ഒക്ടോബര്‍ 3-ന്, ലൈമാന്‍ നഗരത്തെ യുക്രേനിയന്‍ സൈന്യം മോചിപ്പിച്ചു. ആ സമയം കൊണ്ട് നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി നഗരത്തിന്റെ മേയര്‍ അലക്‌സാണ്ടര്‍ ഷുറാവ്‌ലോവ് വെളിപ്പെടുത്തി. പട്ടണത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ലൈനുകള്‍ ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്.
സമീപ മാസങ്ങളില്‍, നഗരത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. പെന്‍ഷനുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ട്. ചില കടകളും വീണ്ടും തുറന്നു. സര്‍ക്കാരും മനുഷ്യാവകാശ സംഘടനകളും ചേര്‍ന്ന് വിറക് അടുപ്പുകളും വിറകുകളും വിതരണം ചെയ്തു. എല്ലാ ദിവസവും ഒരു സഹായ സംഘം സൗജന്യമായി വിതരണം ചെയ്യുന്നതിനായി നൂറുകണക്കിന് പായ്ക്ക് ചെയ്ത ഉച്ചഭക്ഷണങ്ങള്‍ കൊണ്ടുവരുന്നു.
‘നഗരം മോചിപ്പിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ ആളുകളെ ഇവിടേക്ക് മടങ്ങാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. നേരെമറിച്ച്, അവര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും നഗരങ്ങളുമാണ് നല്ലത്. ഇപ്പോള്‍ ഇവിടെ സുഖപ്രദമായ താമസ സ്ഥലങ്ങളില്ല. അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ പലതും തകര്‍ന്നു കിടക്കുകയാണ്’. മേയര്‍ പറഞ്ഞു.
‘ബോംബാക്രമണം അവസാനിച്ചിട്ടില്ല. ഷെല്ലുകള്‍ ഇപ്പോഴും പട്ടണത്തില്‍ പതിക്കുന്നു. ആരാണ് വെടിവെക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എങ്കിലും അത് റഷ്യക്കാരായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അതെ, സംശയമില്ല’. 62 കാരിയായ വാലന്റീന എന്ന സ്ത്രീ പറയുന്നു.
‘ഞങ്ങള്‍ യുക്രേനിയക്കാരാണ്. ഇതൊരു യുക്രേനിയന്‍ പട്ടണമാണ്. ഭരണകൂടം ഞങ്ങളെ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്’. അവര്‍ കൂട്ടിച്ചേര്‍ത്തു. ‘