യുദ്ധത്തിനിടെ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിന് യുക്രെയ്നിലെ കോടതി റഷ്യന്‍ ടാങ്ക് കമാന്‍ഡറെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. റഷ്യന്‍ അധിനിവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിലാണ് റഷ്യന്‍ സൈനികനായ സര്‍ജന്റ് വാഡിം ഷിഷിമാരിനെ കോടതി ശിക്ഷിച്ചത്. നീലയും ചാരവും നിറത്തിലുള്ള ഹുഡ് ഷര്‍ട്ടും ധരിച്ച്, കോടതിമുറിയിലെ ഗ്ലാസ് ബോക്സില്‍ നിന്ന് നിശ്ശബ്ദമായി നടപടികള്‍ വീക്ഷിക്കുകയായിരുന്നു ഷിഷിമാരിന്. വിധി വായിച്ചപ്പോള്‍ ഒരു വികാരവും അയാള്‍ പ്രകടിപ്പിച്ചില്ല എന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 ന് വടക്ക് കിഴക്കന്‍ ഗ്രാമമായ ചുപഖിവ്കയില്‍ ഒലെക്സാണ്ടര്‍ ഷെലിപോവ് (62) എന്ന സിവിലിയനെ കൊലപ്പെടുത്തിയതിനാണ് സര്‍ജന്റ് വാഡിം ഷിഷിമാരിന് ശിക്ഷിക്കപ്പെട്ടത്. മിസ്റ്റര്‍ ഷെലിപോവിനെ വെടിവെച്ചുകൊന്നതായി ഷിഷിമാരിന് സമ്മതിച്ചു. സിവിലിയന്‍ കൊല്ലപ്പെടുന്ന സമയത്ത് ഷിഷിമാരിനും (21) മറ്റ് സൈനികരും അവരുടെ വാഹനവ്യൂഹത്തില്‍ യാത്ര ചെയ്യവേയാണ് ഷെലിപോവ് ഫോണില്‍ സംസാരിക്കുന്നത് കണ്ടത്. ഉടന്‍ ഷിഷിമാരിന് റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ താന്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മരിച്ച സിവിലിയന്റെ വിധവയോട് ക്ഷമ ചോദിക്കുന്നതായും ഷിഷിമാരിന് പറഞ്ഞു. യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ നടന്ന ഈ വിചാരണ, ഒരു റഷ്യന്‍ സൈനികന് യുദ്ധനിയമങ്ങള്‍ പരിഗണിക്കാതെ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയെന്ന് സംശയാതീതമായി തെളിയിക്കാനുള്ള യുക്രെയ്നിന്റെ അവസരമായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്.
വെടിവയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവ് നടപ്പാക്കാന്‍ രണ്ടുതവണ വിസമ്മതിച്ചതിന് ശേഷമാണ് ഷിഷിമാരിന് വെടിയുതിര്‍ത്തതെന്നും മൂന്നോ നാലോ റൗണ്ടുകളില്‍ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. സ്വന്തം സുരക്ഷയെ ഭയന്നാണ് ഷിഷിമാരിന് വെടിയുതിര്‍ത്തതെന്നും പ്രതി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയമായ മറ്റ് ഒന്നിലധികം യുദ്ധക്കുറ്റങ്ങള്‍ യുക്രെയ്ന് അന്വേഷിച്ചു വരികയാണ്. 11,000-ത്തിലധികം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്ന് യുക്രെയ്ന് പറയുമ്പോള്‍, അധിനിവേശ സമയത്ത് തങ്ങളുടെ സൈന്യം സിവിലിയന്മാരെ ലക്ഷ്യമിട്ടെന്ന ആരോപണം മോസ്കോ നിഷേധിക്കുകയാണ്. റഷ്യന്‍ സൈനികന്റെ വിധിയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാനുള്ള പഴുതുകള്‍ നോക്കുമെന്നും മോസ്കോ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ നിലവില്‍ കീവിലെ റഷ്യന്‍ എംബസി അടച്ചിട്ടിരിക്കുകയാണ്.
സൈനികന്റെ വിചാരണയ്ക്കിടെ നാടകീയമായ ഒരു രംഗവും അരങ്ങേറിയിരുന്നു. ഇരയുടെ വിധവ കാതറീന ഷെലിപോവ ഷിഷിമാരിനോട് ‘ദയവായി എന്നോട് പറയൂ, നിങ്ങള്‍ റഷ്യക്കാര്‍ എന്തിനാണ് ഇവിടെ വന്നത്? ശരിക്കും ഞങ്ങളെ സംരക്ഷിക്കാന്‍ ആണോ’ എന്ന് ചോദിച്ചു. യുക്രൈന് അധിനിവേശത്തിനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ന്യായീകരണം ഉദ്ധരിച്ചുകൊണ്ടായിരുന്നു അവരുടെ ചോദ്യം. പട്ടാളക്കാരന് അതിന് ഉത്തരമില്ലായിരുന്നു. ‘നിങ്ങള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ എന്ന് നേരത്തെ വിധവയോട് ക്ഷമ ചോദിച്ച് അയാള്‍ പറഞ്ഞിരുന്നു.
‘എനിക്ക് ഈ ചെറുപ്പക്കാരനായ സൈനികന്റെ അവസ്ഥയില്‍ ഖേദമുണ്ട്, പക്ഷേ അത്തരമൊരു കുറ്റകൃത്യത്തില്‍, എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യത്തില്‍, എനിക്ക് അവനോട് ക്ഷമിക്കാന്‍ കഴിയില്ല.’ ഷെലിപ്പോവ പറഞ്ഞു.