ഡോണ്‍ബാസിലെ മുന്‍നിരയിലുള്ള യുക്രേനിയന്‍ സൈനികരില്‍ ചിലരെങ്കിലും ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. കാരണം റഷ്യന്‍ സൈന്യം എല്ലാ ദിവസവും തന്നെ യുദ്ധത്തിന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമായി പഠിക്കുകയും അവരുടെ തന്ത്രം അനുദിനം മാറ്റുകയും ചെയ്യുന്നു. അവര്‍ കനത്ത പോരാട്ടം നടക്കുന്ന ബഖ്മുട്ട് പട്ടണത്തിന് ചുറ്റും നിലയുറപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍, ഏതാണ്ട് ഒരു വര്‍ഷത്തെ യുദ്ധത്തിനു ശേഷവും വര്‍ദ്ധിച്ചുവരുന്ന ക്ഷീണം വകവയ്ക്കാതെ തന്നെ ഉയര്‍ന്ന മനോവീര്യം നിലനിര്‍ത്താനാണ് യുക്രൈന്‍ സൈനികര്‍ പരിശ്രമിക്കുന്നത്.
‘അവര്‍ ഞങ്ങളില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ മാത്രം അകലെയാണ്. എങ്കിലും ഞങ്ങള്‍ പിടിച്ചുനില്‍ക്കുകയാണ്, പക്ഷേ അത് വലിയ ബുദ്ധിമുട്ടുമാണ്’. ഓള്‍-വോളണ്ടിയര്‍ ഡിനിപ്രോ-1 ബറ്റാലിയനില്‍ നിന്നുള്ള സാര്‍ജന്റ് ഡെനിസ് കല്‍ചുക് പറഞ്ഞു. കാരണം റഷ്യന്‍ കാലാള്‍പ്പട, യുദ്ധവിമാനങ്ങള്‍, പീരങ്കി യൂണിറ്റുകള്‍ എന്നിവ ബഖ്മുത്തിന് ചുറ്റും ഏകോപനത്തോടും കാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വിമാനങ്ങളാണ് ഏറ്റവും അപകടകരം. അടുത്തെത്തുന്നത് വരെ ശബ്ദം കേള്‍ക്കാനാവില്ല. ടാങ്കുകളുടെ കാര്യത്തിലും ഇതുതന്നെയാണ്. പീരങ്കിപ്പടയെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. അവ വരുന്ന ശബ്ദം കേട്ടതിന് ശേഷം ഒന്നോ രണ്ടോ സെക്കന്‍ഡെങ്കിലും പ്രതിരോധത്തിനായി ലഭിക്കും’. സര്‍ജന്‍ കല്‍ചുക്ക് പറഞ്ഞു.
ഡോണ്‍ബാസിലുടനീളമുള്ള അവസ്ഥ വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അവിടേയ്ക്കുള്ള പ്രവേശനവും വെല്ലുവിളി നിറഞ്ഞതും അപകടകരവുമാണ്. ഡസന്‍ കണക്കിന് യുക്രേനിയന്‍ ബറ്റാലിയനുകളും ബ്രിഗേഡുകളും വെവ്വേറെ ടാസ്‌ക്കുകളിലായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തന മേഖല നൂറുകണക്കിന് മൈലുകളിലായി വ്യാപിച്ചും കിടക്കുന്നു.
റഷ്യയിലെ കുപ്രസിദ്ധ കൂലിപ്പടയാളി സംഘമായ വാഗ്നര്‍ ആണ് ആഴ്ചകളോളം ബഖ്മുട്ടിന് ചുറ്റുമുള്ള പോരാട്ടങ്ങളില്‍ ഭൂരിഭാഗവും നയിച്ചത്. സോളേഡാര്‍ പോലുള്ള ചെറിയ പട്ടണങ്ങളില്‍ ഈ കാലാള്‍പ്പട ആക്രമണം നടത്തി നിരവധി ആളപായങ്ങള്‍ സൃഷ്ടിച്ചു.
‘ഇത്തരം ആക്രമണങ്ങള്‍ നേരിടുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. റഷ്യ എല്ലാ ദിവസവും യുദ്ധമുഖത്തെക്കുറിച്ച് പഠിക്കുകയും അവരുടെ തന്ത്രം മാറ്റുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളും വേഗത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു’. ഡിനിപ്രോ-1 ലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ ഡിമിട്രോ പോഡ്വോര്‍ചാന്‍സ്‌കി പറഞ്ഞു.
കൂടാതെ റഷ്യന്‍ സേനകള്‍ ഇപ്പോള്‍ തങ്ങളുടെ വെടിമരുന്ന് ശേഖരം വളരെ നന്നായി ഉപയോഗിച്ചുകൊണ്ട് യുക്രേനിയന്‍ ലോജിസ്റ്റിക് റൂട്ടുകളെ ലക്ഷ്യമിടുന്ന രീതിയെക്കുറിച്ചും ഡിമിട്രോ പോഡ്വോര്‍ചാന്‍സ്‌കി സംസാരിച്ചു. എന്നാല്‍ റഷ്യന്‍ സൈന്യം തന്ത്രപരമായി നിര്‍ണ്ണായകമായ ഒരു മുന്നേറ്റം നടത്താന്‍ ഒരുങ്ങുന്നതായി ഇതുവരെ ഒരു സൂചനയും ഇല്ലെന്ന് ഒരു സീനിയര്‍ കമാന്‍ഡര്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഇപ്പോള്‍ യുദ്ധമുഖത്ത് ഒരു സന്തുലിതാവസ്ഥ കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ നീണ്ട സംഘട്ടനത്തിന് ശേഷം പല യുക്രേനിയന്‍ സൈനികരും മാനസികവും ശാരീരികവുമായ തളര്‍ച്ച അനുഭവിക്കുന്നതില്‍ അതിശയിക്കാനില്ലെങ്കിലും, പൊതുവേ, അവരുടെ മനോവീര്യം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് മനസിലാക്കാനാവുന്നത്.
ചില സൈനികര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ മരിക്കുന്നത് കണ്ടതിന്റെ ആഘാതത്തിലാണ്. ചിലരാകട്ടെ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ക്കിടയിലൂടെ നടന്നുള്ള പോരാട്ടം സൃഷ്ടിക്കുന്ന മാനസിക ആഘാതത്തിലുമാണ്. ‘റഷ്യ ഞങ്ങളെ തകര്‍ത്തുകളയും’ എന്ന തങ്ങളുടെ ഭയത്തെക്കുറിച്ച് മടികൂടാതെ സംസാരിക്കുന്നവരുമുണ്ട്. എന്നാല്‍ മിക്ക സൈനികരും അത്തരം സംശയങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ഭയമല്ല ശാരീരിക ക്ഷീണം മാത്രമാണ് തങ്ങളെ തളര്‍ത്തുന്നതെന്നാണ് ഭൂരിഭാഗവും പറയുന്നത്.