Sunday, November 24, 2024

യുക്രെയ്ന്‍ യുദ്ധം: മോചിപ്പിക്കപ്പെട്ട ഗ്രാമങ്ങളില്‍ ഞെട്ടലും സന്തോഷവും

തന്റെ വിമോചനത്തിന്റെ നിമിഷം ഓര്‍ക്കുമ്പോള്‍ അമ്പതുകാരിയായ നതാലിയയുടെ മുഖം പ്രകാശിക്കുകയാണ്. വെറുക്കപ്പെട്ട റഷ്യന്‍ അധിനിവേശക്കാര്‍ അവരുടെ ഗ്രാമമായ കെര്‍സണിന്റെ തെക്കന്‍ പ്രദേശമായ നോവോവോസ്നെസെന്‍സ്‌കെയില്‍ നിന്ന് പിന്തിരിഞ്ഞ നിമിഷത്തെക്കുറിച്ചാണ് അവര്‍ സന്തോഷിക്കുന്നത്.

മാര്‍ച്ച് 29 ന് റഷ്യക്കാര്‍ എത്തുന്നതുവരെ നതാലിയ അവിടെ വളരെ ശാന്തമായി കൃഷി ചെയ്തു പോരുകയായിരുന്നു. പക്ഷേ അവിടെ എത്തിയ റഷ്യക്കാര്‍ നശിപ്പിക്കാത്തതായി ഇനിയൊന്നുമില്ലെന്ന് അവര്‍ പറയുന്നു. ഫോര്‍ക്കുകളും സ്പൂണുകളും ആളുകളുടെ കാലില്‍ നിന്നുള്ള ഷൂസും ഉള്‍പ്പെടെ അവര്‍ കൊണ്ടുപോയി. ‘അവര്‍ കൊള്ളക്കാരായിരുന്നു’. നതാലിയ പറഞ്ഞു.

ഒടുവില്‍ സെപ്റ്റംബര്‍ 2 ന് ആ പ്രദേശത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ‘ഞങ്ങളുടെ സായുധ സേന എത്തുമ്പോള്‍ ഞങ്ങള്‍ ബേസ്മെന്റിലായിരുന്നു’. നതാലിയ പറഞ്ഞു. ‘ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? എന്നാണ് സേനാംഗങ്ങള്‍ യുക്രേനിയന്‍ ഭാഷയില്‍ ആദ്യം ചോദിച്ചത്. അവരോട് എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു. അവരെ കെട്ടിപ്പിടിക്കണോ അവരുടെ കൈകള്‍ പിടിക്കണോ എന്നൊന്നും അറിയില്ല. എങ്കിലും ഞാന്‍ അവരെ തൊട്ടു. ആ നിമിഷം ഞങ്ങളെല്ലാം വളരെ സന്തോഷിച്ചു’. ആ അവര്‍ണ്ണനീയ നിമിഷത്തെ നതാലിയ ഓര്‍ത്തെടുക്കുന്നു.

യുക്രേനിയന്‍ സൈന്യം മുന്നേറുമ്പോള്‍ ഖാര്‍കിവിന്റെ കിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം തിടുക്കത്തില്‍ പിന്‍വാങ്ങുകയാണ്. നിര്‍ണായക ലോജിസ്റ്റിക്സ് ഹബ്ബായ കുപിയാന്‍സ്‌ക് നഗരങ്ങളും ആക്രമണത്തിനുള്ള ലോഞ്ച്പാഡായ ഇസിയവും അവര്‍ക്ക് നഷ്ടപ്പെട്ടു. പ്രത്യാക്രമണത്തിന്റെ വേഗതയും വ്യാപ്തിയും അധിനിവേശക്കാരെയും ഒപ്പം നിരവധി യുക്രേനിയക്കാരെയും അത്ഭുതപ്പെടുത്തുകയാണ്. വിദേശ സഹായവും ആയുധങ്ങളും ഉപയോഗിച്ചാണ് യുക്രൈന്‍ സൈന്യം ഈ നേട്ടം കൈവരിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യം മുതല്‍ തന്റെ രാജ്യത്തിന്റെ സായുധ സേന ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ (770 ചതുരശ്ര മൈല്‍) വീണ്ടെടുത്തതായി ശനിയാഴ്ച പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. എങ്കിലും റഷ്യക്കാര്‍ ഇപ്പോഴും യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭാഗവും കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ റഷ്യയുടെ മുന്‍നിരകള്‍ പൂര്‍ണ്ണമായും തകരുകയും സൈന്യം പലായനം ചെയ്യുകയും ചെയ്തു. അത് വെറുമൊരു തോല്‍വിയല്ല. അതൊരു അപമാനമാണ്. യുക്രൈനിയക്കാര്‍ക്ക് പ്രതീക്ഷയും.

 

 

Latest News