Sunday, November 24, 2024

‘അവര്‍ നമ്മുടെ കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യും’; റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികളും അധ്യാപകരും

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികള്‍ സെപ്തംബര്‍ 1 ന് സ്‌കൂളില്‍ തിരിച്ചെത്തുകയാണ്. പക്ഷേ ഇത്തവണ അവര്‍ ചരിത്ര പാഠങ്ങള്‍ വളരെ വ്യത്യസ്തമായിട്ടാവും പഠിക്കാന്‍ പോകുന്നത്. കാരണം റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കുന്നതിന് യുക്രേനിയന്‍ അധ്യാപകരുടെ മേല്‍ സമ്മര്‍ദ്ദമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മാത്രവുമല്ല, യുക്രെയ്‌നിന്റെ തെക്ക് അധിനിവേശ പ്രദേശങ്ങളില്‍, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം റഷ്യന്‍ പതാകകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതായി കാണാം. അധിനിവേശ പ്രദേശങ്ങളില്‍ യുക്രേനിയന്‍ ചരിത്രം മായ്ച്ചുകളയുമെന്ന് റഷ്യന്‍ അനുകൂല സോഷ്യല്‍ മീഡിയ ചാനലുകളുടെ ഉപയോക്താക്കള്‍ പരസ്യമായി പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.

റഷ്യന്‍ നിയന്ത്രണത്തിലുള്ള മെലിറ്റോപോളില്‍, ഐറിന എന്ന സ്ത്രീയുടെ 13 വയസ്സുള്ള കുട്ടി എട്ടാം ക്ലാസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. പക്ഷേ ഐറിന ആശങ്കയിലാണ്. ‘റഷ്യന്‍ പാഠ്യപദ്ധതി സംബന്ധിച്ച് എന്നെ ശരിക്കും വിഷമിപ്പിക്കുന്നത് അവര്‍ ചരിത്രത്തില്‍ എന്താണ് പഠിപ്പിക്കാന്‍ പോകുന്നത് എന്നാണ്. അത് സത്യത്തിന്റെ മറുവശമായിരിക്കും പഠിപ്പിക്കുക’. അവര്‍ പറയുന്നു. യുക്രേനിയന്‍ ഭാഷയേക്കാള്‍ റഷ്യന്‍ ഭാഷയില്‍ നടക്കുന്ന പാഠ്യരീതിയും അവളെ രോഷാകുലയാക്കുന്നു. ‘ഇത് ഞങ്ങളുടെ പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിച്ചമര്‍ത്തലാണ്. കുട്ടികള്‍ ഈ സാഹചര്യത്തില്‍ ബന്ദികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ഐറിന കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍ നിയന്ത്രിത പ്രദേശങ്ങളിലേക്ക് മാറാന്‍ ഐറിന ആലോചിച്ചിരുന്നുവെങ്കിലും തന്റെ വീട് ഉപേക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കുട്ടികള്‍ക്ക് യുക്രേനിയന്‍ പാഠ്യപദ്ധതി ഓണ്‍ലൈനില്‍ പഠിക്കാന്‍ കഴിയുമെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്.

റഷ്യന്‍ സൈന്യം യുക്രേനിയന്‍ ചരിത്ര പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. യുക്രെയ്‌നിലെ നിരവധി അധിനിവേശ പ്രദേശങ്ങളില്‍ റഷ്യന്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും തുടങ്ങി. പ്രധാന സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിന് യുദ്ധത്തിനു മുമ്പ് ഇറക്കിയ 2016, 2022 പതിപ്പുകളുമായി നല്ല വ്യത്യാസമുണ്ട്. പല പുസ്തകങ്ങളിലും യുക്രെയ്നിനേയും കൈവിനേയും കുറിച്ചുള്ള മിക്ക പരാമര്‍ശങ്ങളും നീക്കം ചെയ്തിരിക്കുന്നു. കൂടാതെ പാഠപുസ്തകങ്ങളുടെ നിലവിലെ പതിപ്പില്‍, പുടിനെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ, യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലെ റഷ്യന്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ സമ്മതിക്കുന്ന മാതാപിതാക്കള്‍ക്ക് പാരിതോഷികവും നല്‍കും. സെപ്റ്റംബര്‍ 15-നകം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് 10,000 റൂബിള്‍സ് ഒറ്റത്തവണയായി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു.

യുക്രേനിയന്‍ അനുകൂല അദ്ധ്യാപകരും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ചിലരെ വീണ്ടും പരിശീലനത്തിന് അയച്ചു. സമ്മതിക്കാത്തവരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി. ചിലര്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. മെലിറ്റോപോളിലെ പ്രധാനാധ്യാപകനായ ഡിമിട്രോയ്ക്ക് അധിനിവേശത്തിന് മുമ്പ് 500-ലധികം വിദ്യാര്‍ത്ഥികളുള്ള ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. യുക്രേനിയന്‍ പാഠ്യപദ്ധതി ഓണ്‍ലൈനില്‍ പഠിക്കാന്‍ ശ്രമിച്ചതിന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. റഷ്യന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തീരുമാനിച്ച അധ്യാപകരുമുണ്ട്. ക്രെംലിന്‍ പ്രത്യയശാസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ വീണ്ടും പരിശീലിപ്പിക്കാന്‍ അവരെ ക്രിമിയയിലേക്കോ റഷ്യയിലേക്കോ അയച്ചിരിക്കുകയാണ്.

കെര്‍സണ്‍ മേഖലയിലെ നോവ കഖോവ്കയില്‍ നിന്നുള്ള അധ്യാപികയായ മറീന ജൂലൈ അവസാനം രാജ്യത്തു നിന്ന് പലായനം ചെയ്തു. അവരുടെ പ്രധാനാധ്യാപകന്‍ റഷ്യയുമായി സഹകരിക്കാത്തതിനാല്‍ അവരുടെ സ്‌കൂള്‍ അടച്ചുപൂട്ടുകയാണെന്ന് ആയുധധാരികളായ റഷ്യന്‍ സൈനികരും റഷ്യയിലെ ഒരു വിദ്യാഭ്യാസ മേധാവിയും പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മറീനയുടെ തീരുമാനം. റഷ്യയില്‍ സ്ഥാപിതമായ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ സ്വത്വബോധത്തിന് ഹാനികരമാകുമെന്നാണ് മറീനയുടെ ആശങ്ക.

42 വര്‍ഷമായി മോസ്‌കോയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിച്ച റഷ്യന്‍ എഴുത്തുകാരനാണ് ലിയോനിഡ് കാറ്റ്സ്വ. റഷ്യന്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം എങ്ങനെ തെറ്റായി ചിത്രീകരിക്കപ്പെടുന്നുവെന്ന് താന്‍ മനസിലാക്കിയതായി അദ്ദേഹം പറയുന്നു. ക്രെംലിന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഒരു പ്രചരണ ഉപകരണമായി ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് മെലിറ്റോപോളില്‍ നിന്നുള്ള ഡിമിട്രോ പറഞ്ഞു.

‘നമ്മുടെ സ്‌കൂളുകളില്‍ എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ പതാക ഉയര്‍ത്തിയിരിക്കുന്നതെന്ന് കുട്ടികള്‍ ചോദിക്കുന്നു. ഞാന്‍ എന്ത് പറയാന്‍… ഇത് സാധാരണ സംഭവമല്ലെന്ന് ആറ് വയസ്സുള്ള കുട്ടികള്‍ പോലും മനസ്സിലാക്കുന്നു’ ഡിമിട്രോ പറയുന്നു.

 

 

Latest News