Monday, November 25, 2024

‘ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്, പക്ഷേ എപ്പോഴും നാടിനെക്കുറിച്ചുള്ള ചിന്തയിലുമാണ്’; യുകെയിലെ യുക്രേനിയക്കാര്‍ പറയുന്നു

യുദ്ധത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്ന് പലായനം ചെയ്യുന്ന യുക്രേനിയന്‍ പൗരന്മാര്‍ക്ക് ആറ് മാസം വരെ യുകെയില്‍ ഒരു സ്പോണ്‍സറുടെ കൂടെ താമസിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ്, 2022 മാര്‍ച്ചില്‍ ആരംഭിച്ച ഗവണ്‍മെന്റിന്റെ ഹോംസ് ഫോര്‍ യുക്രെയ്ന്‍ പദ്ധതി. ഏകദേശം 1,00,000 അഭയാര്‍ത്ഥികള്‍ ഈ വാഗ്ദാനം സ്വീകരിച്ചു. പത്ത് മാസങ്ങള്‍ക്ക് ശേഷം, ഈ പദ്ധതി അവരുടെ ജീവിതങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നും ആ അനുഭവം അവരെ എങ്ങനെ ബാധിച്ചുവെന്നും പുതിയ ജീവിതം അവര്‍ക്ക് എങ്ങനെ ജീവിതത്തില്‍ പ്രത്യാശ നല്‍കിയെന്നും അറിയാന്‍ കേംബ്രിഡ്ജ്‌ഷെയറിലെ ബക്ക്ഡനില്‍ ഒരു കുടുംബവുമായി ബിബിസി വാര്‍ത്താ ചാനല്‍ ബന്ധപ്പെട്ടു.

‘എല്ലാം വളരെ വ്യത്യസ്തമാണ്’

37 കാരിയായ നതാലിയ റൂഡിക് യുക്രെയ്‌നിലെ മനുഷ്യാവകാശ അഭിഭാഷകയായിരുന്നു. കൂടാതെ പ്രത്യേക പരിഗണ വേണ്ട വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ഏപ്രിലില്‍ 12 വയസ്സുള്ള മകള്‍ വ്ലാഡയ്ക്കും എട്ട് വയസ്സുള്ള മകന്‍ ബോഗ്ദാനുമൊത്ത് യുകെയില്‍ വരുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. അവളുടെ ഭര്‍ത്താവ് വാഡിം പിന്നീട് അവരോടൊപ്പം എത്തിച്ചേര്‍ന്നു.

ഏഴ് മാസത്തോളം ഗോഡ്മാഞ്ചസ്റ്ററില്‍ ഒരു ആതിഥേയ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഈ കുടുംബം ഇപ്പോള്‍ സ്വന്തമായി വീട് വാടകയ്ക്ക് എടുത്തിരിക്കുകയാണ്.

തെക്ക്-പടിഞ്ഞാറന്‍ യുക്രെയ്‌നിലെ തങ്ങളുടെ വീടിന് സമീപം റഷ്യന്‍ റോക്കറ്റ് ആക്രമണം ഉണ്ടായതിനുശേഷം, വീണ്ടും അവിടെയുള്ള ജീവിതം തനിക്കും തന്റെ കുടുംബത്തിനും വളരെ അപകടകരമായിരുന്നു എന്ന് വാഡിം പറയുന്നു. ‘എത്രയും വേഗം മറ്റൊരു രാജ്യത്തേക്ക് പോകണമെന്ന് ഞാന്‍ മനസ്സിലാക്കി’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് ഞങ്ങള്‍ക്ക് ശരിക്കും ഒരു പുതിയ ജീവിതമാണ്. കാരണം ഇവിടെ എല്ലാം വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്, ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതമായ സ്ഥലത്താണ് ജീവിക്കുന്നത്. എങ്കിലും എല്ലായ്പ്പോഴും ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്റെ അമ്മ, എന്റെ അച്ഛന്‍, ഒരു കുഞ്ഞുള്ള എന്റെ സഹോദരി, അവരുടെ ഭര്‍ത്താവ്…അങ്ങനെ എല്ലാവരും അവിടെയുണ്ട്’.

‘യുക്രേനിയന്‍ ജനങ്ങള്‍ ഇപ്പോഴും പോരാടുകയാണ്. ഇപ്പോഴും അവര്‍ക്ക് സഹായം ആവശ്യമാണ്. എനിക്ക് ലോകത്തോട് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ക്ക് അവരെ സഹായിക്കണമെങ്കില്‍, അത് ഇപ്പോഴും സാധ്യമാണ്. കാരണം ഏത് സഹായവും അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്’.

‘ലളിതമായ കാര്യങ്ങള്‍ പോലും – ഷാംപൂ, ടൂത്ത് പേസ്റ്റ്, ഭക്ഷണം, വസ്ത്രങ്ങള്‍ – എല്ലാം യുക്രേനിയന്‍ ജനങ്ങള്‍ക്ക് വളരെ സഹായകരമാകും. അവിടെ ഇപ്പോള്‍ ഭക്ഷണം വളരെ ചെലവേറിയതാണ്, ഇരട്ടി വിലയാണ് എല്ലാത്തിനും. നിലവില്‍ അവിടെ എല്ലാത്തരത്തിലും കഠിനമായ സാഹചര്യമാണ്. ഭയങ്കരമായ യുദ്ധമാണ് അവിടെ അരങ്ങേറുന്നത്’.

‘ഞാന്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു’

നതാലിയയുടെ 12 വയസ്സുള്ള മകള്‍ വ്‌ലാഡയ്ക്ക് ഇപ്പോള്‍ ഒരു സലൂണില്‍ ജോലി ലഭിച്ചു. ‘എനിക്ക് ഇവിടെ വളരെ ഇഷ്ടമാണ്. എല്ലാവരും നല്ല ആളുകളാണ്, എനിക്ക് ധാരാളം സുഹൃത്തുക്കളുമുണ്ട്’. ഗ്രീന്‍ ഹെയര്‍ഡ്രെസ്സേഴ്‌സിലെ സലൂണില്‍ നിന്ന് വ്‌ലാഡ പറയുന്നു.

സലൂണ്‍ ഉടമ ജൂലി ചരലംബസ് പറയുന്നത്, വ്ലാഡ മിടുമിടുക്കിയാണെന്നാണ്. ‘ആദ്യമായി വന്നപ്പോള്‍ അവള്‍ക്ക് വളരെ നാണമായിരുന്നു. എന്നാല്‍ ഉപഭോക്താക്കളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്ത് ശീലമായപ്പോള്‍ അവള്‍ ആക്ടീവായി. യുക്രൈനിലെ അവളുടെ ഒരു ദിവസം, സ്‌കൂളിലെ വിശേഷങ്ങള്‍, യുക്രെയ്‌നും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങി എല്ലാത്തിനെക്കുറിച്ചും അവള്‍ ഞങ്ങളോട് സംസാരിക്കാറുണ്ട്. അവള്‍ വളരെ നന്നായി ജോലി ചെയ്യുകയും ചെയ്യുന്നു’.

‘പുതിയ ആളുകളെ പരിചയപ്പെടുന്നതിനാലും പുതിയ സുഹൃത്തുക്കളേയും പുതിയ ആളുകളേയും കണ്ടുമുട്ടുന്നതിനാലും ഞാന്‍ കൂടുതല്‍ ഭാഷയും ഉപയോഗിക്കാന്‍ ശീലിക്കുന്നുണ്ട്’. വ്‌ലാഡ പറയുന്നു.

‘സാധാരണ ജീവിതം’

അഭിഭാഷകന്‍ കൂടിയായ നതാലിയയുടെ ഭര്‍ത്താവ് വാദിമിനെ സെന്റ് നിയോറ്റ്‌സ് റഗ്ബി ക്ലബ് സ്വാഗതം ചെയ്തു. യുക്രൈനിലേയ്ക്കുള്ള ജനറേറ്ററുകള്‍ക്കായുള്ള ധനസമാഹരണത്തിനും അവ അയച്ചു നല്‍കുന്നതിനുള്ള സഹായത്തിനും ക്ലബ് സഹായിക്കുന്നുണ്ട്.

ക്ലബ് സെക്രട്ടറി പോള്‍ ബേക്കര്‍ പറയുന്നു: ‘യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്നുള്ള ആളുകള്‍ ഇവിടെയായിരിക്കുമ്പോള്‍ ഇവിടെ കൂടുതല്‍ സാധാരണ ജീവിതത്തിലേക്ക് അവരെ സംയോജിപ്പിക്കാന്‍ കഴിയുന്നത് വളരെ സന്തോഷകരമാണ്. അവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്’.

 

 

Latest News