Monday, November 25, 2024

താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങള്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക താലിബാന്‍ ജയിലില്‍ നേരിട്ട കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ സ്ത്രീകളുടെ ദുരിത ജീവിതം അടയാളപ്പെടുത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ പതിവാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍ പുറത്തുവിട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന നേരിട്ടുള്ള ആദ്യ തെളിവാണ് വീഡിയോ എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

താലിബാനെതിരെ പരസ്യമായ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ അഫ്ഗാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നേരിട്ട അതിക്രമങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. തടങ്കലില്‍ കഴിയവെ തന്നെ താലിബാന്‍ പ്രവര്‍ത്തകര്‍ ബലാത്സംഗത്തിന് ഇരയാക്കിയതായും, ഇതിന്റെ വീഡിയോ പകര്‍ത്തി പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും മനുഷ്യാവകാശ പ്രവര്‍ത്തക പറയുന്നു. താലിബാന്‍ യുവതിക്ക് അയച്ചു നല്‍കിയ വീഡിയോ ഗാര്‍ഡിയന്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ വീഡിയോ പരസ്യപ്പെടുത്തുമെന്നായിരുന്നു താലിബാന്റെ ഭീഷണിയെന്നും യുവതി പറയുന്നു.

തടങ്കലില്‍ കഴിയവെ രണ്ടുപേര്‍ ചേര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകയെ പീഡിപ്പിച്ചത്. കൈകൊണ്ട് മുഖം മറച്ച യുവതിയെ, തോക്കുധാരിയായ ഒരാള്‍ ബലംപ്രയോഗിച്ച് കൈപിടിച്ചു മാറ്റുന്നത് ദൃശ്യത്തില്‍ കാണാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഇത്രയും കാലം നിങ്ങളെ അമേരിക്കക്കാര്‍ നശിപ്പിച്ചു, ഇനി ഞങ്ങളുടെ ഊഴം’ എന്ന് താലിബാന്‍ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായും മനുഷ്യാവകാശ പ്രവര്‍ത്തക പറയുന്നു.

എന്നാല്‍, ജയില്‍ മോചിതയായ ശേഷവും താലിബാന്‍ തന്നെ പിന്തുര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മനുഷ്യാവകാശ പ്രവര്‍ത്തക ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ വച്ച് പകര്‍ത്തിയ വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. താലിബാന്‍ സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിച്ചാല്‍ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ജയിലിന് പുറത്തിറങ്ങിയതിന് ശേഷവും യുവതി താലിബാന് എതിരായ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഫോണിലേക്ക് ഭീഷണി സന്ദേശമായി താലിബാന്‍ ഈ വീഡിയോ അയച്ചുനല്‍കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിലെ സ്ത്രീകളെ അതിക്രമിക്കുകയും ഇതിന് ശേഷം അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമുള്ള ശ്രമങ്ങളാണ് താലിബാന് നടത്തുന്നത് എന്നും ഗാര്‍ഡിയനോട് മനുഷ്യാവകാശ പ്രവര്‍ത്തക വ്യക്തമാക്കുന്നു. താലിബാന്‍ ഭരണത്തിന് കീഴില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായതായി സ്ത്രീകളും പെണ്‍കുട്ടികളും വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ച ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവതിയുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ യുവതിയും ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

നേരത്തെ, താലിബാന്‍ ഭരണകൂടത്തിന് കീഴില്‍ പീഡനം നേരിട്ട നിരവധി സ്ത്രീകള്‍ ഇത്തരം വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. 2022 നവംബറില്‍ അറസ്റ്റ് ചെയ്ത തന്നെ 41 ദിവസം താലിബാന്‍ തടവില്‍ പീഡിപ്പിച്ചെന്നും ഇലക്ട്രിക് ഷോക്ക് നല്‍കിയെന്നും മുപ്പതുകാരിയായ സരീഫ യാകൂബി പറഞ്ഞിരുന്നു. ”എനിക്കവര്‍ ഇലക്ട്രിക് ഷോക്ക് തന്നു. സ്വകാര്യ ഭാഗങ്ങളില്‍ കേബിളുകള്‍ കൊണ്ട് അടിച്ചു”, സരീഫ ദി ഗാര്‍ഡിയനോട് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു താലിബാന്‍ ഇവരെ അറസ്റ്റ് ചെയ്തത്.

ഇരുപത്തിമൂന്നുകാരിയായ പര്‍വണ നെജരാബിക്കും സമാന രീതിയില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍ക്കേണ്ടിവന്നു. ഒരുമാസമാണ് ഇവരെ താലിബാന്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചത്. കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട്, കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചതിന് ശേഷമാണ് ജയില്‍ മോചിതയാക്കിയത്. തുടര്‍ന്ന് അഫ്ഗാന്‍ വിട്ട ഇവര്‍, ഇക്കാര്യങ്ങള്‍ ഗാര്‍ഡിയനോട് തുറന്നുപറയുകയായിരുന്നു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് താലിബാന്‍ രംഗത്തെത്തി. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന രീതി താലിബാന്‍ കുറച്ചിട്ടുണ്ടെന്നും ജയിലുകള്‍ക്കുള്ളിലേക്ക് ഇത് മാറ്റിയിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ വനിതാ വിഭാഗം മേധാവി ഹെതര്‍ ബര്‍ പറയുന്നു. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ ഇത് പുറത്തുപറയില്ലെന്ന ബോധ്യത്തിലാണ് ഇത്തരം നടപടികള്‍ താലിബാന്‍ തുടരുന്നെന്നും ഹെതര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ ആശങ്കയുണ്ടെനന് യുഎന്‍ പ്രതികരിച്ചു.

Latest News