എഴുത്തുസമ്പ്രദായം ആരംഭിച്ചതുമുതലേ കത്തുകളിലൂടെ സന്ദേശങ്ങൾ കൈമാറുന്ന പാരമ്പര്യം ലോകചരിത്രത്തിലുണ്ട്. എങ്കിലും ഔദ്യോഗികമായി തപാൽസംവിധാനങ്ങൾ ആരംഭിക്കുന്നത് 1874-ലാണ്.
150 വർഷങ്ങൾക്കുമുൻപ് 1874 ഒക്‌ടോബർ ഒമ്പതിനാണ് സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽ, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യു. പി. യു.) സ്ഥാപിതമായത്. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ രൂപീകരണദിനമായ ഒക്‌ടോബർ ഒമ്പതിന് എല്ലാ വർഷവും ലോക തപാൽദിനം ആഘോഷിക്കുന്നു. എന്നാൽ, തപാൽദിനം എന്ന ആശയത്തെ മുൻപോട്ടുവച്ചത് ഒരു ഭാരതീയനാണെന്ന് അധികമാർക്കും അറിയില്ല.
ആനന്ദ് മോഹൻ നരൂല എന്ന ഇന്ത്യക്കാരൻ, 1969-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന യു. പി. യു. കോൺഗ്രസിലാണ് ലോക തപാൽദിനം എന്ന ആശയം മുന്നോട്ടുവച്ചത്. തപാൽസേവന സംവിധാനങ്ങളുടെ പ്രാധാന്യത്തെ ഈ ദിനം ഉയർത്തിക്കാട്ടുന്നു.
“രാജ്യത്തുടനീളമുള്ള ആശയവിനിമയം പ്രാപ്തമാക്കുകയും ജനങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്ന 150 വർഷം’ എന്നതാണ് ഇത്തവണത്തെ ലോക തപാൽദിനത്തിന്റെ പ്രമേയം.
കഴിഞ്ഞ 150 വർഷങ്ങളിലെ നേട്ടങ്ങളെ അംഗീകരിക്കുകയും വരുംകാലഘട്ടങ്ങളിൽ എല്ലാ ജനങ്ങളെയും സേവിക്കാനുള്ള പ്രതിബദ്ധതയും ഈ ദിനം ഓർമ്മിപ്പിക്കുന്നു.