പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ ‘വന്ദേമാതരം’ എന്ന് എഴുതിയ പോസ്റ്റ്കാർഡ് ബഹിരാകാശത്തേക്ക് കുതിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ‘വിക്രം-1’ റോക്കറ്റിന്റെ ആദ്യ ഭ്രമണപഥ പരീക്ഷണ പറക്കലിലാണ് ഈ കത്ത് ബഹിരാകാശത്ത് എത്തിക്കുക.
ഇന്ത്യയുടെ വളർന്നു വരുന്ന സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വലിയൊരു നാഴികക്കല്ലാകുന്ന വിക്രം-1 ടെസ്റ്റ് ഫ്ലൈറ്റ്-1-ന്റെ ‘മിഷൻ ആഗമൻ’ എന്ന ദൗത്യത്തിലാണ് ഈ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ പോസ്റ്റ്കാർഡിന് പുറമെ, സ്കൈറൂട്ട് ടീം അംഗങ്ങൾ, നിക്ഷേപകർ, ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾ എന്നിവർ എഴുതിയ സന്ദേശങ്ങളും ഈ റോക്കറ്റിൽ യാത്ര തിരിക്കുന്നുണ്ട്. തങ്ങളുടെ ബഹിരാകാശ യാത്രയെ പിന്തുണച്ചവർക്കുള്ള ആദരമായാണ് കമ്പനി ഈ കാമ്പയിൻ സംഘടിപ്പിച്ചത്.

