സർക്കാരിന്റെ ഹിതത്തിനു വഴങ്ങാത്ത സമരക്കാരെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന നാടകമായിരുന്നു ഈ മത്സ്യത്തൊഴിലാളികളുടെ അറസ്റ്റും അവർക്കു നേരെ നടന്ന ആക്രമണവും എന്നുവേണം മനസിലാക്കാൻ. കല്ലെറിഞ്ഞത് പോലീസാണെന്നും അറസ്റ്റു ചെയ്യപ്പെട്ടവർ നിരപരാധികളാണെന്നും മത്സ്യത്തൊഴിലാളികൾ പറയുമ്പോൾ അവരുടെ ഭാഗത്തു സത്യവും ന്യായവും ഉണ്ടെന്നു നമുക്ക് മനസിലാകും.
“ഞങ്ങൾ മൽസ്യ തൊഴിലാളികൾക്ക് കല്ലോ വടിയോ ഒന്നും അവിടേയ്ക്കു കൊണ്ടുപോകാൻ പറ്റത്തില്ലല്ലോ. ആളുകൾ കൂട്ടം കൂടി നിന്നപ്പോ മുകളിൽ നിന്ന് കല്ലുകൾ തുരുതുരാ എത്തി. പെണ്ണുങ്ങൾ ചിതറി ഓടി. അപ്പോൾ പോലീസ് ലാത്തികൊണ്ട് അടിച്ചു” – വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുകയും ഇന്നലെ നടന്ന പോലീസ് അതിക്രമത്തിന് ഇരയാകുകയും ചെയ്ത മൽസ്യത്തൊഴിലാളിയുടെ വാക്കുകളാണ് ഇത്. അദ്ദേഹത്തിൻറെ ഒപ്പം പരിക്കേറ്റ, പ്രത്യേകിച്ച് തലയ്ക്കു പരിക്കേറ്റ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇത് കൂടാതെ എൺപതോളം ആളുകൾ മെഡിക്കൽ കോളേജിലും മറ്റു ആശുപത്രിയിലുമായി ചികിത്സയിലാണ്.
“വിഴിഞ്ഞത്ത് സംഘർഷാവസ്ഥ, സമരക്കാർ രണ്ടു പോലീസ് വാഹനങ്ങൾ കത്തിച്ചു, സ്റ്റേഷൻ ആക്രമിച്ചു” തുടങ്ങിയ തലക്കെട്ടുകളിൽ മലയാള മാധ്യമങ്ങളുടെ ബ്രേക്കിംഗ് ന്യൂസുകൾ കണ്ട മലയാളികൾക്ക് ഈ വാർത്തകളുടെ മറുവശം അറിയാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പറയുള്ളത് എന്താണെന്നോ, സത്യം എന്താണെന്നോ തിരക്കുവാൻ ആരും ശ്രമിച്ചില്ല. സത്യത്തിൽ എന്തായിരുന്നു ആദ്യം സംഭവിച്ചത്?
തങ്ങളുടെ കൂട്ടത്തിൽ നിന്ന് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു കൊണ്ടുപോയ ആളുകളെ തേടിയിറങ്ങിയ സ്ത്രീകളടക്കം ഉള്ള ജനങ്ങൾ പറയുന്നത് ഇപ്രകാരമാണ്:- “പോലീസ് ഇറങ്ങി വന്നപ്പോൾ ഞങ്ങളോട് ഓടാൻ പറഞ്ഞു. എല്ലാവരും ചിതറി ഓടി. കൂട്ടത്തിൽ രണ്ടു അച്ചൻമാരും ഉണ്ടായിരുന്നു. പോലീസ് അവരെ തല്ലിയപ്പോൾ അവർ കൈകൂപ്പി. അച്ചന്മാരെ തല്ലരുതെന്നു പറഞ്ഞപ്പോൾ പോലീസുകാർ പച്ചത്തെറിയാണ് വിളിച്ചത്. അച്ചന്മാരെ തല്ലരുതെന്നു പറഞ്ഞ എന്നെ അവർ കല്ലെറിഞ്ഞു. പിന്നെ കാണുന്നത് വഴിയിലിട്ടു അവരെ തല്ലുന്നതാണ്.”
സമാധാനപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമരക്കാരെ പ്രകോപിപ്പിച്ചതും അവർക്കു നേരെ കല്ലെറിഞ്ഞതും ഗൂഢാലോചനയുടെ ഭാഗമാണെന്നു മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കല്ലെറിഞ്ഞത് ആരെന്നു ഇവർക്ക് വ്യക്തമായി അറിയില്ല. പക്ഷെ കല്ലുകൾ സമരക്കാർക്കു നേരെ പാഞ്ഞു വന്നത് സ്റ്റേഷന്റെ ഭാഗത്തു നിന്നും മുകളിൽ നിന്നും ആണ്. പോലീസിന്റെ അനുമതി ഇല്ലാതെ ഈ ഭാഗത്ത് പ്രവേശിക്കുവാൻ മത്സ്യത്തൊഴിലാളികൾക്ക് പോലും കഴിയില്ല. എങ്കിൽ തന്നെയും മത്സ്യത്തൊഴിലാളികളാണ് പ്രശ്നങ്ങൾക്ക് കാരണക്കാരെന്നു വരുത്തി തീർക്കുവാൻ ഉള്ള ശ്രമങ്ങൾ ആണ് പിന്നീട് നടന്നത്.
സംഭവത്തെ കുറിച്ച് വിഴിഞ്ഞം ഇടവക വികാരി ഫാ. മിൽട്ടൺ ജെറോം പറയുന്നത് ഇപ്രകാരമാണ്: ‘ഇന്നലെ ഏതാണ്ട് രണ്ടു മണിയോടെ ഷെൽട്ടൺ എന്നുപറയുന്ന ഒരു മത്സ്യതൊഴിലാളിയെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയി. ഷാഡോ പോലീസ് ആയതുകൊണ്ട് ആളുകൾ പരിഭ്രാന്തരായി. അറസ്റ്റ് ചെയ്തുകൊണ്ടുപോയ ആളെ എവിടെയാണ് കൊണ്ടുപോയതെന്ന് ഇവർ പറയുന്നില്ല. ഞാൻ ആ സമയത്ത് തന്നെ കമ്മീഷണറെ വിളിച്ചു. ഫോൺ എടുത്തില്ല. ഡിസിപിയെ വിളിച്ചു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു. സ്റ്റേഷനിൽ വിളിച്ചെങ്കിലും അവരും ഫോൺ എടുത്തില്ല. യൂജിൻ അച്ചനെ വിളിച്ചു കാര്യം പറഞ്ഞു. ബിഷപ്പ് ഹൗസിലേക്ക് വിളിക്കുമ്പോഴാണ് ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തുകൊണ്ട് പോയതെന്ന് അറിയുന്നത്. പക്ഷെ, എവിടെയാണെന്ന് ആരും പറയുന്നില്ല.
അഞ്ചു മണിയായപ്പോഴേക്കും ഇടവകയുടെ അവസ്ഥ വളരെ മോശമായി. ഒരുപാട് ആളുകൾ തിങ്ങി കൂടുകയും അവർ ഷെൽട്ടനെ എങ്ങനെയെങ്കിലും ജാമ്യത്തിൽ എടുക്കണം, എന്തെങ്കിലും ചെയ്യണമെന്ന് എന്ന് ബഹളം ഉണ്ടാക്കി. അപ്പോൾ ഞാൻ നാല് കമ്മിറ്റി അംഗങ്ങളെ സ്റ്റേഷനിലേക്ക് അയച്ചു. ഷെൽട്ടന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാൻ പോയ നാല് കമ്മിറ്റി അംഗങ്ങളെ അവർ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി വേറെ എങ്ങോട്ടോ കൊണ്ടുപോയി. ആ നാലുപേരുടെയും തിരോധാനം ആളുകൾ ഒരുപാട് ആശങ്കാകുലരാകാൻ കാരണമായി.
ഈ നാലുപേർക്കും ശനിയാഴ്ച നടന്ന സംഘർഷവുമായി ഒരു ബന്ധവുമില്ല. അതിൽ രണ്ടുപേർ സ്ഥലത്തില്ലായിരുന്നു. മറ്റ് രണ്ടുപേർ മത്സ്യബന്ധനത്തിന് പോയിരിക്കുകയായിരുന്നു. അവർ അന്നത്തെ ദിവസം ആ പ്രദേശത്ത് പോലും വരാത്ത ആളുകളാണ്. അങ്ങനെയുള്ള വളരെ സാധുക്കളായ നാലുപേരെയാണ് സ്റ്റേഷനിലേക്ക് അയച്ചത്. പക്ഷെ, ഒരു പ്രകോപനവും കൂടാതെയാണ് അവരെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ‘ആര് പോയാലും അറസ്റ്റ് ചെയ്യും’ എന്ന തരത്തിലുള്ള ഒരു വാർത്ത ആളുകളുടെയിടയിൽ പരന്നു. അപ്പോഴാണ് സ്ത്രീകൾ സംഘടിച്ചതും അറസ്റ്റ് ചെയ്തവരെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് പോയതും. സ്ത്രീകളാണ് മുൻപിൽ നിന്നത്. സ്റ്റേഷന്റെ കോമ്പൗണ്ടിൽ കയറിയത് മുഴുവൻ സ്ത്രീകളാണ്.
പോലീസ് സ്റ്റേഷന്റെ അകത്ത് നിന്നും പോലീസ് തന്നെ ഇവർക്ക് നേരെ കല്ലെറിയുകയായിരുന്നു. സ്ത്രീകൾ ഇതുകണ്ട് ചിതറിയോടി. പുരുഷന്മാരുടെ മേലെയായി പിന്നീട് കല്ലേറ്. അതുകഴിഞ്ഞിട്ടാണ് ലാത്തിച്ചാർജ് ആരംഭിച്ചത്. കല്ലേറിലാണ് കൂടുതൽ ആൾക്കാർക്കും പരിക്കേറ്റത്. ഒരാളുടെ തല കല്ലേറുകൊണ്ട് 38 സ്റ്റിച്ചുകളാണ് ഇട്ടത്. അയാളുടെ കയ്യും കാലും അടിച്ചു പൊട്ടിച്ചു. പതിനൊന്ന് പേർ അഡ്‌മിറ്റാറായിട്ടുണ്ട്. എൺപതോളം ആളുകളാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.” ഫാ. മിൽട്ടൺ പറഞ്ഞവസാനിപ്പിച്ചു.
ചുരുക്കത്തിൽ സർക്കാരിന്റെ ഹിതത്തിനു വഴങ്ങാത്ത സമരക്കാരെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന നാടകമായിരുന്നു ഈ മത്സ്യത്തൊഴിലാളികളുടെ അറസ്റ്റും അവർക്കു നേരെ നടന്ന ആക്രമണവും എന്നുവേണം മനസിലാക്കാൻ. അതിനായി അദാനിഗ്രൂപ്പിന് ശിങ്കിടികളായി പ്രവർത്തിക്കുന്ന പോലീസിനെയും ഭരണാധികാരികളെയും ആണ് ഇന്നലെ സത്യത്തിൽ സമൂഹം കണ്ടത്. എന്ത് വന്നാലും സാധാരണക്കാരനു അവകാശപ്പെട്ട നീതിയെക്കാൾ പണമുള്ളവന്റെ കീശയ്ക്കു വിലകല്പിക്കുന്ന സർക്കാരിന്റെ ദാർഷ്ട്യ മനോഭാവത്തിന്റെ പ്രകടനമായിരുന്നു പുറത്തുവന്ന കഥകളിൽ പലതും. പോലീസുകാർക്ക് നഷ്ടം, പോലീസ് വാഹനങ്ങൾ നശിച്ചു, പോലീസുകാർക്ക് പരിക്ക്… നഷ്ടങ്ങളുടെ നിര പോലീസുകാർക്ക് മാത്രം. തലപൊട്ടി, മാരകമായ പരിക്കുകളോടെ നൂറോളം മൽസ്യത്തൊഴിലാളികൾ കിടക്കുമ്പോൾ അവരുടെ വേദനകൾക്കു ഉത്തരവാദികൾ ആര്? സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം പോലും വിട്ടു ഇറങ്ങിക്കൊടുക്കേണ്ടി വന്ന, സിമന്റ് ഗോഡൗണുകളിൽ തറയിലും മറ്റും കഴിയേണ്ടി വന്ന ജനത്തിന്റെ വേദനകൾക്കു ആര് ഉത്തരം നൽകും? ചോദ്യങ്ങൾ നിരവധിയാണ്. എന്നാൽ വ്യക്തമായ ഉത്തരങ്ങൾ ഇല്ലതാനും.
അടിച്ചാൽ തിരിച്ചടിക്കാൻ കഴിയാതെ നിശബ്ദത പുലർത്തുവാൻ ഈ മൽസ്യത്തൊഴിലാളികൾ മിണ്ടാപ്രാണികൾ ഒന്നും അല്ലല്ലോ? മനുഷ്യരല്ലേ അവരും. അവർക്കും അവകാശപ്പെടാനുണ്ട് നഷ്ടങ്ങളുടെ നീണ്ട പട്ടിക. അതിൽ ന്യായമായ അവകാശങ്ങൾക്കാണ് ഈ പോരാട്ടം പോലും. അത് മനസിലാക്കുവാൻ അഭ്യസ്തവിദ്യരുടെ സമൂഹമായ കേരളമേ നിങ്ങൾ നിജസ്ഥിതികളുടെ നേർവഴികളിലൂടെ ഒരിക്കൽ കൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.
Courtesy: മനോരമ ന്യൂസ് ചാനലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തയാറാക്കിയത്.