റഷ്യയുമായുള്ള ഫിന്‍ലന്‍ഡിന്റെ അതിര്‍ത്തി കടന്നുപോകുന്ന വാലിമയില്‍, പാസ്‌പോര്‍ട്ട്, കസ്റ്റംസ് പരിശോധനകള്‍ക്കായി ബസുകളും കാറുകളും നിരനിരയായി കിടക്കുകയാണ്. യുക്രൈനിലെ യുദ്ധം കാരണം രാജ്യം വിടുന്നവരാണ് ഈ വാഹനങ്ങളില്‍. പക്ഷേ നാടുവിടുന്ന ഇവര്‍ യുക്രേനിയക്കാരല്ല, റഷ്യക്കാരാണ്. റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേയ്ക്ക് പോകുന്നവര്‍.
യുക്രെയ്ന്‍ അധിനിവേശത്തിനെതിരായി റഷ്യയില്‍ അരങ്ങേറുന്ന പ്രകടനങ്ങളെയും പ്രതിഷേധങ്ങളേയും നേരിടാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സര്‍ക്കാര്‍ ഉടന്‍ തന്നെ രാജ്യത്ത് പട്ടാള നിയമം കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതാണ് റഷ്യയില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ ആളുകള്‍ തിരക്കു കൂട്ടുന്നതിന് പ്രധാന കാരണം. യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്കുള്ള ഏക മാര്‍ഗങ്ങള്‍ റോഡും റെയിലുമാണ്. മിക്ക ട്രെയിനുകളും പൂര്‍ണ്ണമായും ബുക്കുചെയ്യപ്പെട്ടിരിക്കുകയാണ്.
ഇത്തരത്തില്‍ അതിര്‍ത്തി കടക്കാനായി കാത്തു നില്‍ക്കുന്ന ഒരു റഷ്യന്‍ യുവതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..’ യുക്രെയ്‌നിലെ ആളുകള്‍ ഞങ്ങളുടെ ആളുകളാണ്. ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ അവരെ കൊല്ലാന്‍ പാടില്ല. റഷ്യയില്‍ ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം ഇനി ഈ രാജ്യത്തേയ്ക്ക് ഞാന്‍ തിരിച്ചു വരില്ല. അത് ഭയാനകവും സങ്കടകരവുമാണ്’. ഭൂരിഭാഗം റഷ്യക്കാരും ഇങ്ങനൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പുടിനെതിരെ നിലകൊള്ളാന്‍ ശ്രമിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
ഫിന്‍ലന്‍ഡില്‍, ഇതുപോലുള്ള ആളുകളോട് വളരെയധികം സഹതാപമുണ്ട് – യുക്രെയ്‌നിനോടും അതിലെ നിവാസികളോടും ഉള്ളതുപോലെ. ഈ സഹതാപവും ഫിന്‍ലാന്‍ഡിനെപ്പോലുള്ള മറ്റ് അയല്‍രാജ്യങ്ങള്‍ക്കെതിരെ റഷ്യ ആഞ്ഞടിച്ചേക്കുമെന്ന ഭയവുമാണ് ഫിന്‍ലന്‍ഡിന്റെ നിഷ്പക്ഷതാ മനോഭാവത്തിന് മാറ്റം കൊണ്ടുവന്നത്. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച്, ഫിന്‍ലന്‍ഡിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത് തങ്ങളുടെ രാജ്യം നാറ്റോയില്‍ ചേരണമെന്നും സഖ്യത്തിന്റെ അംഗത്വം നല്‍കുന്ന സംരക്ഷണം നേടാനുമുള്ള സമയമാണിതെന്നുമാണ്.
റഷ്യ വിട്ട് ഇസ്താംബൂളിലേക്ക് പോകുന്ന മറ്റൊരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്..’സോവിയറ്റ് യൂണിയന്റെ കീഴിലെന്നതുപോലുള്ള ഒരു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഭയമാണ്. എനിക്ക് 30 വയസ്സാണ്. രാജ്യത്ത് ഇത്രയും മോശമായ അവസ്ഥ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഇപ്പോള്‍ ഇവിടുന്ന് രക്ഷപെട്ടില്ലെങ്കില്‍ പിന്നീട് ഒരിക്കലും ഇവിടെ നിന്ന് എനിക്ക് പുറത്ത് പോകാന്‍ കഴിഞ്ഞെന്ന് വരില്ല. അതേ സമയം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇനി കാണാനാകുമോ എന്ന ആശങ്കയുമുണ്ട്’.
റഷ്യയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍ കഴിയുന്ന പണം പരിമിതമാണ്. റൂബിള്‍ മൂല്യം തകര്‍ച്ചയുടെ അവസ്ഥയിലാണ്. റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും നിരവധി വലിയ പാശ്ചാത്യ കമ്പനികളുടെ പിന്‍വാങ്ങലുമാണ് തിരിച്ചടിയായത്.
പട്ടാള നിയമം കൊണ്ടുവന്നാല്‍, പുടിന് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകും, തെരുവിലെ പ്രതിഷേധങ്ങളെ ഭയക്കാതെ തന്നെ. യുക്രെയ്ന്‍ മുഴുവന്‍ പിടിച്ചടക്കുന്നതുവരെ താന്‍ യുദ്ധം നിര്‍ത്തില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പുടിന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ പരിണിത ഫലമായി തങ്ങളുടെ പട്ടണങ്ങളിലും നഗരങ്ങളിലും അരങ്ങേറുന്ന അസ്വസ്ഥതകളും അത് സൃഷ്ടിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളും കാണാനും കേള്‍ക്കാനും അനുഭവിക്കാനും ആഗ്രഹിക്കാത്ത റഷ്യക്കാര്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കാനും മറ്റെവിടെങ്കിലും തങ്ങള്‍ക്കുവേണ്ടി ജീവിക്കാനും ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നതില്‍ തെല്ലും അതിശയിക്കാനില്ല.