ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. എന്നാൽ ദീർഘദൂര യാത്രകൾ ഇവയ്ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. നമ്മുടെ ആന്തരിക ശരീരഘടികാരത്തെ മാറ്റിമറിക്കുന്ന രീതിയിൽ സമയമേഖലകൾ കടക്കുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക ഉറക്കത്തകരാറാണ് ജെറ്റ് ലാഗ് എന്നത്. ഇത് സംഭവിക്കുമ്പോൾ ഉറക്കമില്ലായ്മ, ക്ഷോഭം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരിക, ദഹനനാളത്തിന്റെ അസ്വസ്ഥത തുടങ്ങി വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടാം. സ്ലീപ്പ് മെഡിസിൻ വിദഗ്ധർ ജെറ്റ് ലാഗിനെ ഒരു സർക്കാഡിയൻ റിഥം അഥവാ ജൈവഘടികാര ഡിസോർഡർ ആയി കണക്കാക്കുന്നു.
പതിവായി യാത്ര ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ജെറ്റ് ലാഗിനെക്കുറിച്ച് അറിയുന്നത് നിങ്ങളുടെ ദീർഘദൂരയാത്രകളെ ഇത് കൂടുതൽ സുഖകരവും സന്തുലിതവുമാക്കാൻ സഹായിക്കും.
എന്തുകൊണ്ട് ജെറ്റ് ലാഗ് സംഭവിക്കുന്നു
നമ്മൾ ഒരു പുതിയ സമയമേഖലയിൽ എത്തുമ്പോഴും നമ്മുടെ ജൈവഘടികാരം നാം പുറപ്പെട്ട സ്ഥലത്തെ സമയവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. നമ്മുടെ സർക്കാഡിയൻ താളങ്ങൾ പുതിയ സമയമേഖലയുമായി പൊരുത്തപ്പെടുന്ന വേഗത, നമ്മൾ കടന്നുപോയ സമയമേഖലകളുടെ എണ്ണത്തെയും നമ്മുടെ യാത്രയുടെ ദിശയെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, കിഴക്കോട്ട് യാത്രചെയ്യുന്നത് ജെറ്റ് ലാഗിനെ കൂടുതൽ വഷളാക്കുന്നു. കിഴക്കോട്ടുള്ള യാത്ര നമ്മുടെ ജൈവഘടികാരത്തിനു നേർവിപരീതമാണെന്നും പടിഞ്ഞാറോട്ടു പറക്കുന്നത് നമ്മളെ കൂടുതൽ പകൽവെളിച്ചത്തിലേക്കു നയിക്കുന്നുവെന്നും ചില വിദഗ്ധർ അനുമാനിക്കുന്നു. പടിഞ്ഞാറോട്ടുള്ള യാത്രയുമായി നമ്മുടെ ശരീരം എളുപ്പത്തിൽ പൊരുത്തപ്പെടുത്താൻ കാരണം ഈ പകൽവെളിച്ചമായിരിക്കും, പ്രത്യേകിച്ചും നമ്മുടെ ആന്തരിക ശരീരഘടികാരം പ്രകാശവുമായുള്ള സമ്പർക്കവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാൽ.
ജെറ്റ് ലാഗിന്റെ ലക്ഷണങ്ങൾ
ജെറ്റ് ലാഗിന്റെ ലക്ഷണങ്ങൾ ഓരോരുത്തർക്കും വ്യത്യാസപ്പെടുമെന്നു മാത്രമല്ല, ഓരോ വിമാനയാത്രയ്ക്കു ശേഷവും ഒരു വ്യക്തിക്ക് വ്യത്യസ്ത ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. ഇത് ആരോഗ്യസംരക്ഷണ ദാതാക്കൾക്ക്, ജെറ്റ് ലാഗുമായി ബന്ധപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് നിർണ്ണയിക്കാൻ ബുദ്ധിമുട്ടാക്കുന്നു. എന്നിരുന്നാലും, ജെറ്റ് ലാഗുള്ള മിക്ക ആളുകളും മൂന്നോ, അതിലധികമോ സമയമേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ താഴെപ്പറയുന്ന ലക്ഷണങ്ങളിൽ ഒന്നിൽ കൂടുതൽ അനുഭവിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ഉത്കണ്ഠ, വിഷാദം, ക്ഷീണം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരിക, ക്ഷോഭം, ജോലിയിൽ മോശം പ്രകടനം, കിഴക്കോട്ടുള്ള വിമാനയാത്രകൾക്കുശേഷം ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അതിരാവിലെ ഉണരൽ (പടിഞ്ഞാറോട്ടുള്ള വിമാനയാത്രകൾക്കുശേഷം).
ഒന്നിലധികം സമയമേഖലകൾ കടക്കുന്നത് നമ്മുടെ പതിവുമരുന്നുകളുടെ സമയത്തെ ബാധിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ദിവസം ഒന്നിലധികം ഡോസുകൾ കഴിക്കേണ്ട മരുന്ന് നമുക്കുണ്ടെങ്കിൽ യാത്രയ്ക്കുമുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ജെറ്റ് ലാഗിനെ എങ്ങനെ നേരിടാം
ജെറ്റ് ലാഗ് ഒരു താൽക്കാലിക അവസ്ഥ ആയതിനാൽ ഇതിന് ദീർഘകാല ചികിത്സകളൊന്നുമില്ല. എന്നിരുന്നാലും, ജെറ്റ് ലാഗിനെ നേരിടാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. ദീർഘമായ യാത്ര കാരണം നമുക്ക് സ്ഥിരമായി ജെറ്റ് ലാഗ് അനുഭവപ്പെടുകയാണെങ്കിൽ, ഏതൊക്കെ തരത്തിലുള്ള മരുന്നുകളും സപ്ലിമെന്റുകളും നമുക്ക് സഹായകരമാകുമെന്ന് ഒരു ഡോക്ടറുമായി സംസാരിക്കുക. ഉദാഹരണത്തിന്, അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിനും യു എസ് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്തും സൂചിപ്പിക്കുന്നത്, ജെറ്റ് ലാഗിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ മെലറ്റോണിൻ ഉപയോഗിക്കാമെന്നാണ്. എന്നാൽ മറ്റുചില മരുന്നുകളുമായി സംയോജിപ്പിക്കുമ്പോൾ മെലറ്റോണിൻ സുരക്ഷിതമായിരിക്കില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ആദ്യം നമ്മുടെ ഡോക്ടറുമായി സംസാരിക്കേണ്ടത് പ്രധാനമാണ്.
വ്യത്യസ്ത സമയമേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ പ്രകാശത്തിലേക്കുള്ള നമ്മുടെ സമീപനം മാറുന്നതാണ് ജെറ്റ് ലാഗ് സംഭവിക്കുന്നതിന് ഒരു കാരണം. നമ്മുടെ യാത്രയുടെ ദിശയെ ആശ്രയിച്ച്, ഒരുപക്ഷെ പകലോ, രാത്രിയോ അടുത്തടുത്ത് അനുഭവപ്പെടാം. ഇത് നമ്മുടെ ജൈവഘടികാരത്തെ തടസ്സപ്പെടുത്തിയേക്കാം.
ദീർഘദൂര വിമാനയാത്രയ്ക്കുശേഷം നമ്മൾ ചിന്തിക്കാത്ത ഒരു കാര്യമായിരിക്കാം വ്യായാമം. എന്നാൽ, ദിവസത്തിലെ ചില സമയങ്ങളിൽ വ്യായാമം ചെയ്യുന്നത് നമ്മുടെ സർക്കാഡിയൻ താളങ്ങളെ മികച്ചതാക്കുമെന്ന് ഗവേഷകർ പറയുന്നു. യാത്രാക്ഷീണമകറ്റാനും, ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ പകലുറക്കം ലഘൂകരിക്കാനും ശാരീരികപ്രവർത്തനങ്ങൾ നമ്മളെ സഹായിക്കും. നടക്കാൻ പോകുക അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക ഒക്കെ ചെയ്യാം. നമ്മൾ എത്തിച്ചേർന്ന സ്ഥലത്ത് ഉറങ്ങുന്ന സമയം ആയിട്ടില്ലെങ്കിൽ, ആ സമയം വരെ ഉണർന്നിരിക്കാൻ ശ്രമിക്കുക.
പുറപ്പെടുന്നതിനുമുമ്പ് നമ്മുടെ ഉറക്ക ഷെഡ്യൂൾ മാറ്റുക: യാത്രയ്ക്കു പുറപ്പെടുന്നതിന് കുറച്ചു ദിവസങ്ങൾക്കുമുൻപ്, ലക്ഷ്യസ്ഥാന ഷെഡ്യൂളുമായി നമ്മുടെ ഉറക്കസമയം ക്രമേണ അടുപ്പിക്കുന്നത് നന്നായിരിക്കും. ഭാഗികമായി മാത്രമേ നമുക്ക് മാറാൻ കഴിയൂ എങ്കിൽപോലും അത് നമുക്ക് സഹായകരമാകും. ഉദാഹരണത്തിന്, കിഴക്കോട്ട് യാത്രചെയ്യാൻ പോകുന്ന ഒരാളാണെങ്കിൽ, രാത്രികളിൽ പതിവിലും അര മണിക്കൂർ നേരത്തെ ഉറങ്ങുക. അതേസമയം പടിഞ്ഞാറോട്ട് യാത്ര ചെയ്യുകയാണെങ്കിൽ, രാത്രികളിൽ തുടർച്ചയായി അര മണിക്കൂർ വൈകി ഉറങ്ങുക.
പുതിയ സമയക്രമം ഉടനടി സ്വീകരിക്കുക: പുതിയ സ്ഥലത്ത് എത്തിക്കഴിഞ്ഞാലുടൻ തന്നെ നമ്മുടെ ഉറക്കസമയം അവിടുത്തെ സമയമേഖലയിലേക്കു മാറ്റുക. വേഗം ഉറങ്ങാൻ നമുക്ക് തോന്നിയേക്കാം. എന്നാൽ നമ്മുടെ പുതിയ സമയമേഖലയിൽ ഉറങ്ങുന്ന സമയം ആകുന്നതുവരെ നമ്മൾ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
യാത്ര ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക: യാത്ര ചെയ്യുമ്പോൾ നിർജലീകരണം സാധാരണമാണെങ്കിലും, അത് സംഭവിക്കുന്നത് ജെറ്റ് ലാഗിന്റെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും. നമ്മുടെ വിമാനയാത്രയ്ക്കുമുമ്പും യാത്രയ്ക്കിടയിലും ശേഷവും ധാരാളം പാനീയങ്ങൾ കുടിക്കുക; എന്നാൽ, കഫീനും മദ്യവും ഒഴിവാക്കുക. ഈ രണ്ട് തെരഞ്ഞെടുപ്പുകളും നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തിയേക്കാം.
ഭക്ഷണത്തിന്റെ അളവും സമയവും പരിഗണിക്കുക: ജെറ്റ് ലാഗ് അനുഭവപ്പെടുമ്പോൾ ചില സമയങ്ങളിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇക്കാരണത്താൽ, വിമാനയാത്രയ്ക്കുമുൻപും ശേഷവും ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ജെറ്റ് ലാഗ് കുറയ്ക്കാൻ സഹായകരമാകും.
ഭക്ഷണം വൈകിപ്പിക്കുക: അഞ്ച് മണിക്കൂർ ഭക്ഷണം വൈകിപ്പിക്കുന്നത് നമ്മുടെ സർക്കാഡിയൻ താളങ്ങളെ മാറ്റുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് ജെറ്റ് ലാഗിന്റെ ലക്ഷണങ്ങളെ തടയാനോ, കുറയ്ക്കാനോ സഹായിക്കും.
ജെറ്റ് ലാഗ് സംഭവിക്കുന്നത് തടയാൻ നമുക്ക് അധികമൊന്നും ചെയ്യാനാകില്ലെങ്കിലും നമ്മുടെ ഉറക്ക ഷെഡ്യൂൾ ക്രമീകരിക്കുക. കഠിനമായ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ, തടയുന്നതിനോ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മിക്ക കേസുകളിലും ജെറ്റ് ലാഗ് സ്വയം മാറും. എന്നാൽ ലക്ഷണങ്ങൾ നിലനിൽക്കുകയോ, കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുകയോ ചെയ്താൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.