ചൈനയുടെ ഏറ്റവും പുതിയ സമുദ്ര കണ്ടുപിടുത്തം പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇതിന്റെ അസാധാരണമായ നിർമ്മിതി തന്നെയാണ് അതിനു കാരണം. ചൈനീസ് കടൽത്തീരത്തേക്കു നീണ്ടുകിടക്കുന്ന കൂറ്റൻ പത്തേമാരികളുടെ ശൃംഖല മുതൽ റെക്കോർഡ് ആഴത്തിൽ കടലിനടിയിലെ കേബിളുകൾ മുറിക്കുന്നതിനുള്ള ശക്തമായ ഒരു പുതിയ രൂപകൽപന വരെ പ്രത്യേക നിർമ്മിതിയാണെന്ന് നിരീക്ഷകർ പറയുന്നു. ഭാവിയിൽ തായ്‌വാനിൽ അധിനിവേശം നടത്തുന്നതിൽ ഈ സംവിധാനങ്ങൾക്ക് ഉണ്ടാകാൻപോകുന്ന പങ്കിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്.
ഈ പുതിയ ഉപകരണങ്ങൾ പൊതുവെ സിവിലിയൻ ഉപയോഗങ്ങൾ ഉള്ളതായി തോന്നാമെങ്കിലും, ചൈന പല കാര്യങ്ങളും കണക്കുകൂട്ടിയിരിക്കുന്നതിന്റെ ആദ്യപടിയാണ് ഇതെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതിനകംതന്നെ ചൈന, ദ്വീപിനടുത്ത് എല്ലാ ദിവസവും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയയ്ക്കുകയും ഭയപ്പെടുത്തുന്ന തരത്തിൽ കൂടുതൽ സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നു.
ഈ മാസം ചൈനീസ് സോഷ്യൽ മീഡിയയിലാണ് ലാൻഡിംഗ് കപ്പലുകളുടെ (ബാർജുകൾ) ദൃശ്യങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് പെട്ടെന്ന് അത് അപ്രത്യക്ഷമാകുകയായിരുന്നു. മൂന്നു ബാർജുകളും വെള്ളത്തിനു മുകളിൽ ബലമായി നിലയുറപ്പിച്ചു നിൽക്കുന്നു. അവ പാലങ്ങൾകൊണ്ടു ബന്ധിപ്പിച്ച് കടൽത്തീരത്തുനിന്ന് കരയിലേക്ക് 800 മീറ്ററിലധികം നീളത്തിൽ ഒരു ഭീമൻ ക്രോസ്‌വേ പോലെ രൂപപ്പെട്ടുനിൽക്കുന്നു. ഇതായിരുന്നു ദൃശ്യങ്ങളിൽ കണ്ടത്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് സഖ്യകക്ഷികൾ നോർമാണ്ടി ആക്രമിക്കുന്നതിനുവേണ്ടി നിർമ്മിച്ച ബ്രിട്ടനിലെ മൾബറി ഹാർബറുകളെ അനുസ്മരിപ്പിക്കുന്നതു പോലെയെന്നാണ് ഇവയെ നിരീക്ഷകർ വിശേഷിപ്പിച്ചത്. അവ പ്രാഥമികമായി സൈനിക ആവശ്യങ്ങൾക്കായി നിർമ്മിച്ചതെന്നാണ് തായ്‌വാനിലും പുറത്തുമുള്ള നിരവധി വിദഗ്ധർ വിശ്വസിക്കുന്നത്.