Sunday, November 24, 2024

അള്‍ഷിമേഴ്‌സിനെ അടുത്തറിയാം

ചിലര്‍ മറക്കാന്‍ ശ്രമിക്കുന്നു
ചിലര്‍ മറന്നെന്നു നടിക്കുന്നു
ചിലതൊക്കെ മറന്നിരിക്കുന്നു
ചിലപ്പോള്‍ മറവി അനുഗ്രഹമാകുന്നു
മറക്കുക നിന്‍ ദുഃഖങ്ങളെ
മറക്കാതിരിക്കുക നീ പിന്നിട്ട
വഴികളും താങ്ങായ കൈകളും

മുഖപുസ്തകത്തില്‍ ആരോ കുറിച്ചിട്ട വരികള്‍ മറവിയുടെ വ്യത്യസ്ത മാനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചിലര്‍ക്കെങ്കിലും മറവി ഒരു രോഗ പീഡയാണ്. പ്രിയപ്പെട്ട ഓര്‍മ്മകളത്രയും ഓര്‍ത്തെടുക്കാന്‍ കിണഞ്ഞുപരിശ്രമിച്ചാലും നിസ്സഹായരായി പോകുന്ന മനുഷ്യര്‍. അവരെ നോക്കി നെടുവീര്‍പ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ബന്ധുജനങ്ങളും സുഹൃത്തുക്കളും. ഒരു ദിനാചരണത്തില്‍ പറഞ്ഞൊതുക്കാനാവുന്നതല്ല മറവിരോഗവും അതിന്റെ വൈവിധ്യമാര്‍ന്ന സാമൂഹ്യ മാനങ്ങളും.

എന്താണ് മറവി രോഗം അഥവാ അള്‍ഷിമേഴ്‌സ്

മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളില്‍ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അല്‍ഷിമേഴ്സ് രോഗം (Alzheimer’s disease). അല്‍ഷിമേഴ്സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍, എച്ച്.ഐ.വി അണുബാധ, പാര്‍ക്കിന്‍സണ്‍സ് രോഗം, രക്താര്‍ബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായും മറവി രോഗം അനുഭവപ്പെടാറുണ്ട്.

മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്സ് രോഗിയായിത്തീരുന്നത്. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാന്‍ കഴിയില്ല.

ലക്ഷണങ്ങള്‍ തിരിച്ചറിയാം കാരണങ്ങളും

രോഗം വരുവാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടുേന്താറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അപൂര്‍വമായി ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് ബാധിതര്‍ കൂടുതലുള്ളത്. പെതുവെ പ്രായം കൂടിവരുന്നതിനനുസരിച്ച് രോഗസാധ്യതയും വര്‍ധിക്കുന്നു. വളരെ സാവധാനത്തില്‍ പുരോഗമിക്കുന്നതിനാല്‍ രോഗത്തെ പലപ്പോഴും തിരിച്ചറിയാനാവില്ല.

രോഗത്തിന്റെ ഗൗരവമല്ലാത്ത അവസ്ഥയെ സാധാരണ മറവിയായോ പ്രായത്തിന്റെ പ്രശ്‌നമായോ തെറ്റിധരിക്കപ്പെടുന്നു. പിന്നീട് കാലക്രമേണ ഓര്‍മശക്തി കുറഞ്ഞുവരുന്നതോടെ രോഗം തിരിച്ചറിയാന്‍ തുടങ്ങും. എറ്റവും ഒടുവിലെ സംഭവങ്ങളാണ് സാധാരണ ആദ്യം മറവിയിലേക്ക് മായുന്നത്. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലം പേരുകളും വസ്തുക്കളുടെ പേരുകളും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാതാവും.

രോഗം ഗുരുതരമാവുന്നതോടെ പ്രാഥമി കൃത്യങ്ങള്‍ നിര്‍വഹിക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതാവും. തുടര്‍ന്ന് ചലിക്കാന്‍പോലും കഴിയാതെ കിടപ്പിലാവുകയും ജീവിതം പൂര്‍ണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയും ചെയ്യും. ഇതിനുപുറമെ മാനസിക പ്രശ്‌നങ്ങളും കണ്ടുതുടങ്ങും. ഇല്ലാത്ത കാഴ്ചകള്‍ കാണുന്നതായും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും പരാതിപ്പെടും. സ്വന്തമല്ലെന്ന് കരുതി ചിലപ്പോള്‍ വീടുവിട്ട് പുറത്തേക്ക് പോകാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായി സന്ദര്‍ഭത്തിന് നിരക്കാത്ത രീതിയില്‍ ലൈംഗിക ചേഷ്ടകളും ഇവര്‍ കാണിക്കും.

കരുതിയിരിക്കാം

മറവി രോഗത്തിന് നൂറുശതമാനം ഫലപ്രദമായ ഔഷധങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. രോഗാവസ്ഥ വര്‍ധിക്കാതിരിക്കാനും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന ഔഷധങ്ങളാണ് ഇപ്പോള്‍ ചികിത്സക്കായി ഉപയോഗിക്കുന്നതു. എഴുത്ത്, വായന, ആശയവിനിമയം, കണക്കുകൂട്ടല്‍ തുടങ്ങിയ മാനസികക്ഷമത നിലനിര്‍ത്തനുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ ചെയ്യുകയും വ്യായാമത്തിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുകയും ചെയ്യണം. പാരമ്പര്യമായി രോഗ സാധ്യതയുള്ളവര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം.

പോഷകാഹാരങ്ങള്‍ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക, മാദ്യപാനം പുകവലി പോലുള്ള ദുശീലങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും. അല്‍ഷിമേഴ്‌സ് രോഗത്തിന്റ ചികിത്സയില്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും രോഗിയുടെ നിസ്സഹായതയെക്കുറിച്ചും രോഗിയോട് പെരുമാറേണ്ട വിധത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ബന്ധുക്കള്‍ മനസ്സിലാക്കണം. രോഗിക്ക് എല്ലാവിധത്തിലുമുള്ള മാനസിക -ശാരീരിക പിന്തുണ നല്‍കുകയാണ് രോഗ ശുശ്രൂഷയില്‍ പ്രധാനം.

അള്‍ഷിമേഴ്‌സ് ദിനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അല്‍ഷെമേഴ്‌സ് ഘകങ്ങളുടെ കൂട്ടായ്മയായ അല്‍ഷെമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (Alzheimer’s Disease International) ലിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോക അല്‍ഷെമേഴ്‌സ് ദിന മായി ആചരിക്കുന്നു. അള്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

Know Dementia, Know Alzheimer’s എന്ന കഴിഞ്ഞ വര്‍ഷത്തെ പ്രമേയം ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത്. മലയാളിയായ അന്തരിച്ച ഡോ.കെ. ജേക്കബ് റോയി തുടക്കം കുറിച്ച അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) എന്ന സന്നദ്ധ സംഘാടന ഈ മേഖലയില്‍ അനേകര്‍ക്ക് വെളിച്ചം നല്‍കിയ പ്രസ്ഥാനമാണ്.

ഡോ. സെമിച്ചന്‍ ജോസഫ്

Latest News