Saturday, November 23, 2024

ലോക രക്തദാന ദിനം

ഇന്ന് ലോക രക്തദാന ദിനം (World Blood Donor Day). ജീവന്‍ രക്ഷിക്കാനുള്ള ഉപാധിയായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു.

ലക്ഷ്യം

സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായി പ്രതിഫലമില്ലാതെ സന്നദ്ധ രക്തംദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും രക്തദാന ദിനം ആചരിക്കുന്നത്.

ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം

ജീവന്‍ രക്ഷിക്കാന്‍ രക്തദാനം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്, മാത്രമല്ല ഇത് ദാതാവിന് ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങളുടെ ഒരു നിര വാഗ്ദാനം ചെയ്യുന്നു. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ അഭിപ്രായത്തില്‍ 18നും 65നും ഇടയില്‍ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്.

സ്ത്രീകള്‍ പ്രസവത്തിനുശേഷം ഒരു വര്‍ഷത്തിന് മുമ്പും ഗര്‍ഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാന്‍ പാടില്ല. മുലയൂട്ടുന്ന അമ്മമാരും ആര്‍ത്തവത്തിലായിരിക്കുന്ന സ്ത്രീകളും രക്തം ദാനം ചെയ്യുരുത്.

ആരൊക്കെ രക്ത ദാനം ചെയ്യരുത്?

ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവര്‍, വൃക്കമാറ്റിവെച്ചവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ളവര്‍ ഗര്‍ഭച്ഛിദ്രം സംഭവിച്ച സ്ത്രീകള്‍ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാന്‍ പാടില്ല), മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂര്‍ത്തിയാകാത്തവര്‍, ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ (അടുത്ത ഒരുമാസത്തേക്ക്), മദ്യം കഴിച്ചവര്‍ (അടുത്ത 24 മണിക്കൂര്‍), എച്ച്.ഐ.വി. പോസിറ്റീവായവര്‍

എപ്പോഴൊക്കെ രക്തം ദാനം ചെയ്യാം

പുരുഷന്മാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകള്‍ക്ക് നാല് മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം. രക്തം ദാനം ചെയ്യുന്നത് ഐക്യദാര്‍ഢ്യമാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാല്‍ ഇന്ന് ധാരാളം പെണ്‍കുട്ടികളും രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്.

 

Latest News