Sunday, November 24, 2024

ലോക ഉപഭോക്തൃ അവകാശ ദിനം; ചരിത്രവും പ്രാധാന്യവും

ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താവ് എന്ന നിലയില്‍ ചതിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്താല്‍ അത് തിരിച്ചറിയാനും ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഉള്ള പരാതികള്‍ ഉന്നയിക്കാനോ അവകാശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്തൃ മുന്നേറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ പൊതുവായ ആശങ്കകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാ വര്‍ഷവും ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്.

ദിനം

എല്ലാ വര്‍ഷവും മാര്‍ച്ച് 15-നാണ് ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്. ഈ ദിനത്തില്‍ ഉപഭോക്താക്കളുടെ എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നു. ഉത്പ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവത്തിനും ഉപഭോക്താവിന്റെ സാമൂഹ്യ പശ്ചാത്തലത്തിനുമൊക്കെ അതീതമായി എല്ലാവരുടെ കാര്യത്തിലും ഈ അവകാശങ്ങള്‍ പാലിക്കാനുള്ള സന്ദേശമാണ് ഈ ദിനാചരണം നല്‍കുന്നത്. വിപണിയിലെ ദോഷകരമായ പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കാനും തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സാമൂഹ്യ ശക്തികള്‍ക്കെതിരെ പോരാടാനുമുള്ള ശക്തിയും അറിവും എല്ലാ ഉപഭോക്താക്കള്‍ക്കും ഉണ്ടാവേണ്ടതുണ്ട്.

വിഷയം

ഓരോ വര്‍ഷവും ഓരോ വിഷയത്തിന്മേല്‍ ഊന്നിയാണ് ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. കണ്‍സ്യൂമേഴ്സ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത് പ്രകാരം 2024 ലെ വിഷയം ‘ഉപഭോക്താക്കള്‍ക്ക് ന്യായവും ഉത്തരവാദിത്തമുള്ളതുമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്’ എന്നതാണ്. AI യുഗത്തില്‍ ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഈ തീം തിരഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യം.

ചരിത്രം

1962 മാര്‍ച്ച് 15-ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി അമേരിക്കന്‍ പാര്‍ലമെന്റില്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്. 1983 മുതല്‍ എല്ലാവര്‍ഷവും മാര്‍ച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു.

പ്രസക്തി

തുടക്കം മുതല്‍ ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ലക്ഷ്യംവെച്ചുകൊണ്ടാണ്. നല്ലൊരു നാളേക്കായി ഉപഭോക്താക്കള്‍ എന്ന നിലയില്‍ നമ്മളോരോരുത്തരും ബോധപൂര്‍വം തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍

ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്കായി നിലവിലുള്ള സുപ്രധാനമായ നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ഈ നിയമം 1986-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് അവതരിപ്പിച്ചതും പ്രാബല്യത്തില്‍ വരുത്തിയതും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ടെലിഫോണ്‍ സര്‍വീസ്, ഡോക്ടറുടെ സേവനം, വക്കീലിന്റെ സേവനം, ജലവിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റ് നിര്‍മാതാക്കള്‍, ഇന്‍ഡ്യന്‍ റെയില്‍ വേ, ട്രാവല്‍ ഏജന്‍സി, ഹോട്ടല്‍, പോസ്റ്റല്‍ സര്‍വീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊറിയര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്.

 

Latest News