ലോക ഗിന്നസ് ബുക്ക് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ്, പോർച്ചുഗല്ലിലെ ഒരു പട്ടണമായ അപെലാസാവോയിലെ, തുന്നൽപ്പണികളാൽ നിർമ്മിതമായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ. ഈ ക്രിസ്തുമസ് ട്രീക്ക് 55 അടി ഉയരമാണ് ഉള്ളത്. 211 ദിവസങ്ങൾ, 5000 ത്തിലേറെ മണിക്കൂറുകൾ, എഴുപതിലധികം സ്ത്രീകൾ ഒന്നിച്ചുപ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്.
പോർച്ചുഗല്ലിലെ ഒരു പട്ടണമായ അപെലാസാവോയിൽ അസോസിയേഷൻ ഓഫ് യുണൈറ്റഡ് റെസിഡന്റ്‌സിന്റെ നേതൃത്വത്തിൽ ഈ സംരംഭം മെയ് മാസത്തിലാണ് ആരംഭിച്ചത്. പത്തോ അല്ലെങ്കിൽ പന്ത്രണ്ടോ അടി ഉയരമുള്ള തുന്നൽപ്പണി ചെയ്ത ഒരു മരം നിർമ്മിക്കുക എന്നതായിരുന്നു ഇവരുടെ പ്രാരംഭ ആശയം. എന്നാൽ, മാസങ്ങൾ കഴിയുന്തോറും തുന്നൽപ്പണികൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതോടെ മരവും വളർന്നു. നവംബറോടെ ഈ ക്രിസ്തുമസ് ട്രീ 55 അടി പിന്നിട്ടു. കഴിഞ്ഞ വർഷം ഇക്വഡോറിൽ നിർമ്മിച്ച 52.2 അടി വലിപ്പമുള്ള ഒരു മരത്തിന്റെ ഗിന്നസ് റെക്കോർഡാണ് ഇത് മറികടന്നത്.
ഈ പദ്ധതിയുടെ ആത്യന്തികലക്ഷ്യം പകർച്ചവ്യാധിയെ തുടർന്ന് രണ്ടു വർഷത്തെ അടച്ചുപൂട്ടലിനു ശേഷം ഗ്രാമത്തിലെ പ്രായമായ സ്ത്രീകളെ പരസ്പരം ഇടപഴകിക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിലായിരുന്നു. ഈ ആശയത്തോടുള്ള ആളുകളുടെ പ്രതികരണം ഗംഭീരമായിരുന്നു. 11 മുതൽ 88 വയസു വരെ പ്രായമുള്ള 70- ലധികം സ്ത്രീകൾ ചേർന്നാണ് ടീം രൂപീകരിച്ചത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് അവർ അപെലസാവോ ഇടവകയിലെ അസംബ്ലി ഹാളിൽ ഒത്തുകൂടി തുന്നൽപ്പണികൾ ചെയ്തു. ചതുരാകൃതിയിൽ, അവർ 9,000- ത്തിലധികം ബഹുവർണ്ണ കഷണങ്ങൾ നെയ്തെടുത്തു, തുടർന്ന് ഡിസംബർ മൂന്നിന് മനോഹരമായ ഒരു ക്രിസ്തുമസ് ട്രീ ഉണ്ടാക്കാൻ അവർ അത് കൂട്ടിച്ചേർത്തു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവരും ഈ ക്രിസ്തുമസ് പ്രോജക്റ്റിൽ പങ്കെടുത്തു. അവർ തലമുറകൾക്കിടയിലും സാംസ്കാരികമായും ഇടപഴകി; അവർ ആശയവിനിമയത്തിന്റെ പാലങ്ങൾ സ്ഥാപിച്ചു. 211 ദിവസങ്ങൾ 5,000 ത്തിലേറെ മണിക്കൂറുകളാണ് ഈ സ്ത്രീകൾ ഒന്നിച്ചു പ്രവർത്തിച്ചത്.
55 അടിയിലധികം ഉയരമുള്ള ഈ വലിയ ക്രിസ്തുമസ് ട്രീ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ തുന്നപ്പണികകളാൽ നിർമ്മിതമായ മരമാണ്. ജനുവരി ആറു വരെ ഈ ക്രിസ്തുമസ് ട്രീയുടെ പ്രദർശനം ഉണ്ടായിരിക്കും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ