“ഇന്നുവരെ എന്റെ അമ്മ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. തീവണ്ടിയിൽപോലും കയറിയിട്ടില്ല. പാലയ്ക്കപ്പുറം അധിക തവണ യാത്ര ചെയ്തിട്ടില്ല. വീട്, പറമ്പുകൾ, ഇടവകപ്പള്ളി ഇവിടങ്ങളിലൂടെ മാത്രമായിരുന്നു സഞ്ചാരം. വർഷത്തിൽ രണ്ടുമൂന്നു തവണ അമ്മയുടെ വീട്ടിൽ പോകുമായിരുന്നു. അതായിരുന്നു അമ്മയുടെ ലോകം.” ശ്രീ ശങ്കരാചാര്യരുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു: അമ്മ എനിക്കായി സഹിച്ച കഷ്ടപ്പാടുകളില ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ലല്ലോ. അമ്മേ! നിസ്സഹായനായ ഞാൻ അമ്മയുടെ കാല്ക്കൽ ഇതാ ഒന്നു നമസ്ക്കരിക്കുക മാത്രം ചെയ്യുന്നു. മാതൃദിനത്തില്‍ എല്ലാവരും വായിക്കേണ്ട കുറിപ്പ്. ജി. കടൂപ്പാറയില്‍ എഴുതുന്നു.
ഇന്നു വരെ എന്റെ അമ്മ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല; തീവണ്ടിയിൽപോലും കയറിയിട്ടില്ല, പാലയ്ക്കപ്പുറം അധിക തവണ യാത്ര പോലും ചെയ്തിട്ടില്ല. വീട്, ഞങ്ങളുടെ പറമ്പുകൾ, ഇടവകപ്പള്ളിയായ മലയിഞ്ചിപ്പാറ പള്ളി ഇത്രയും ഇടങ്ങളിലൂടെയായിരുന്നു ജീവിതത്തിൽ കൂടുതൽ കാലവും നടന്നത്. പിന്നെ വർഷത്തിൽ രണ്ടുമൂന്നു തവണ പൂഞ്ഞാർ – കല്ലേക്കുളത്തുള്ള അമ്മയുടെ വീട്ടിൽ പോകുമായിരുന്നു. അതായിരുന്നു അമ്മയുടെ ലോകം. അമ്മയ്ക്ക് 90 വയസ്സ് കഴിഞ്ഞു. ഇക്കാലമത്രയും അമ്മ ജീവിച്ചത് അമ്മയ്ക്കുവേണ്ടി ആയിരുന്നില്ല എന്നതാണ് സത്യം.
നീണ്ട 36 വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പ്രഗദ്ഭനായ കടൂപ്പാറയില്‍ കെ എ ജോര്‍ജ് സാറിന്റെ ഭാര്യ എന്ന ലേബലാണ് അമ്മയ്ക്ക് അന്നും ഇന്നും എന്നും. അമ്മ അതില്‍ അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. സ്കൂളും അധ്യാപനവുമായി ചാച്ചന്‍ അനുദിനവും യാത്രയാകുമ്പോള്‍ വീട്ടിലെയും പറമ്പിലെയും എല്ലാ പണികളും അമ്മയുടെ തലയിലാകും. ചാച്ചനും പിന്നെ ഞങ്ങള്‍ ഏഴു മക്കള്‍ക്കുമുള്ള ഭക്ഷണം പാകം ചെയ്യല്‍, ഉച്ചഭക്ഷണത്തിനായി എല്ലാവര്‍ക്കും പൊതിച്ചോര്‍ കെട്ടല്‍, പറമ്പിലെ പണിക്കാര്‍ക്കുള്ള ഭക്ഷണം, വീട്ടിലെ പശുക്കള്‍, ആടുകള്‍, കോഴികള്‍, പന്നികള്‍, പട്ടികള്‍ എന്നിവയുടെ കാര്യങ്ങള്‍ – ഹോ, എന്തുമാത്രം പണികളായിരുന്നു അമ്മ അന്ന് ചെയ്തിരുന്നത്! ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. അമ്മ തന്നെ അദ്ഭുതമാണ്. എല്ലാ അമ്മമാരും അദ്ഭുതങ്ങളാണ്.
അമ്മയ്ക്കൊപ്പം നടന്ന വഴികള്‍
ബാല്യത്തിൽ അമ്മയ്‌ക്കൊപ്പം അമ്മവീട്ടിൽ പോകുന്നത് മനസ്സിൽ വസന്തം വിരിയിക്കുന്ന ഓർമ്മയാണ്. കോട്ടയം ജില്ലയിലെ, പൂഞ്ഞാര്‍ തെക്കേക്കരയിലെ മന്നം എന്ന സ്ഥലത്താണ് ഞങ്ങളുടെ വീട്. മന്നം മുതല്‍ പാതാമ്പുഴ വരെ മണ്ണുറോഡാണ്. അതിലൂടെ നടന്നാണ് യാത്രയുടെ തുടക്കം. പാതാമ്പുഴയിൽ നിന്നും പൂഞ്ഞാർ വരെ പി റ്റി എം എസ് ബസിൽ യാത്ര. അവിടെനിന്നും വീണ്ടും നടപ്പാണ്. കല്ലേക്കുളം വഴി നീലോംമല എന്ന സ്ഥലം വരെ. അവിടെയാണ് അമ്മ ജനിച്ച വീട്.
യാത്രക്കിടയ്ക്ക് എനിക്ക് ദാഹിക്കും. നടക്കുന്ന വഴിയരികുകളില്‍ അമ്മയ്ക്ക് പരിചയമുള്ള ചില വീടുകളുണ്ട്. അവിടെനിന്നും വെള്ളം കുടിക്കും. ഓണം, ക്രിസ്തുമസ്, മധ്യവേനൽ അവധിക്കാലങ്ങളിലാണ് അമ്മയ്‌ക്കൊപ്പമുള്ള ആ യാത്രകൾ. വേനല്‍കാ ലത്ത് വറ്റിവരളാത്ത കയങ്ങളുള്ള, മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കല്ലേക്കുളം ആറിന്റെ തീരത്തുകൂടിയുള്ള സഞ്ചാരം രസകരമായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും അമ്മ ആറ്റിലിറക്കിയിട്ടില്ല. അപകടം ഉണ്ടാകുമോയെന്ന് അമ്മയ്ക്ക് ഭയമായിരുന്നു. കല്ലേക്കുളം മുതല്‍ അമ്മയുടെ വീടിരിക്കുന്ന നീലോം മല വരെ ഒറ്റക്കയറ്റമാണ്. ആ കയറ്റം അമ്മയോടൊപ്പം കയറാന്‍ എപ്പോഴും എളുപ്പമായിരുന്നു. ഒരിക്കലും ഇനി തിരിച്ചുനടക്കാനാവാത്ത വഴികളായി മാറി അവയെല്ലാം.
അന്ന് അമ്മയുടെ അമ്മയുള്ള കാലമാണ്. അമ്മ അടുത്തുചെല്ലുമ്പോൾ, അമ്മയുടെ അമ്മയുടെ കണ്ണുകളിൽ എപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു. അമ്മ ആ വീട്ടിലെ ഏകമകളായിരുന്നു എന്നതായിരുന്നു അതിന്റെ പിന്നിലെന്ന് എനിക്ക് മനസ്സിസിലായത് വർഷങ്ങൾക്കുശേഷമാണ് – അഞ്ച് ആങ്ങളമാരുടെ ഏകപെങ്ങളായിരുന്നു അമ്മ.
അവിടെ ചെല്ലുമ്പോള്‍ അമ്മയും അമ്മയുടെ അമ്മയും തമ്മിൽ സംസാരിക്കുന്നത് അടുത്തിരുന്നു കേൾക്കാനായിരുന്നു എനിക്കേറെ ഇഷ്ടം. ഞാനൊന്നും സംസാരിക്കാറില്ലായിരുന്നു. അമ്മയുടെ മടിയിലിരുന്ന് ഞാനെല്ലാം കേൾക്കും. ‘കുട്ടി’ എന്നായിരുന്നു അമ്മയെ, അമ്മയുടെ അമ്മ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്ന പൂര്‍ണ്ണനാമത്തിന്റെ വിളിപ്പേര്. എങ്കിലും അമ്മയുടെ ഔദ്യോഗിക പേര് ബ്രിജിറ്റ് എന്നായിരുന്നു. അവര്‍ രണ്ടുപേരുടെയും വാക്കുകളിൽ സ്നേഹമായിരുന്നു.
അമ്മയുടെ മൂന്ന് ആങ്ങളമാരും തൊട്ടടുത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. മൂന്നു വീടുകളിലും പോകും. അവരോടെല്ലാം അമ്മ സംസാരിക്കും. അമ്മയോട് അവർക്കെല്ലാം വലിയ സ്നേഹമായിരുന്നു. ആ സ്നേഹത്തിന്റെ ഒരു പങ്ക് എപ്പോഴും എനിക്കും ലഭിച്ചിരുന്നു. അന്നും ഇന്നും അത് ഒരുപോലെ ലഭിക്കുന്നു. ഞാനെപ്പോഴും കേൾവിക്കാരനായിരുന്നു. എന്തെല്ലാം കാര്യങ്ങളായിരുന്നു അവർ സംസാരിച്ചിരുന്നത്! വീട്ടുകാര്യങ്ങൾ, പഴയ സംഭവങ്ങള്‍, അയല്‍പക്ക വാര്‍ത്തകള്‍, നാട്ടുവിശേഷങ്ങൾ അങ്ങനെ എല്ലാ വിഷയങ്ങളും.
അമ്മയുടെ ഉപദേശങ്ങള്‍
സ്കൂള്‍ പഠനകാലത്ത് ക്ലാസ് വിട്ട് വന്നുകഴിഞ്ഞാല്‍ അമ്മയുടെ ഒപ്പം പലപ്പോഴും പശുവിന് പുല്ലു പറിക്കാനും ആടിനെ തീറ്റാനും ഞാനും പോകുമായിരുന്നു. അവധിദിവസങ്ങളിലും പോകും. അപ്പോഴൊക്കെ അമ്മ നല്ല ഉപദേശങ്ങള്‍ പറഞ്ഞുതരുമായിരുന്നു. മൂത്തവരെ ബഹുമാനിക്കേണ്ടതിന്റെ, പ്രാർഥിക്കേണ്ടതിന്റെ, അവധി ദിവസങ്ങളില്‍ പള്ളിയില്‍ പോകേണ്ടതിന്റെ, ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അവയെല്ലാം.
എന്നാലും ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടില്‍ തിരിച്ചു ചെന്നതിനുശേഷം ചേട്ടന്മാരോടും ചേച്ചിമാരോടും വഴക്കുണ്ടാക്കരുത് എന്നതായിരുന്നു. പക്ഷേ, വീട്ടില്‍ തിരികെച്ചെന്ന് കുറച്ചുകഴിയുമ്പോള്‍ ഞാന്‍ അതെല്ലാം മറക്കും; വീട് പോരാട്ടഭൂമിയാകും; ഇളയവനും ചെറിയവനും ആരോഗ്യം കുറഞ്ഞവനുമായ ഞാന്‍ കരയുന്നവനും പരിക്കേറ്റവനുമായി മാറും. അപ്പോഴും അഭയം അമ്മ തന്നെ.
അമ്മ വീണ്ടും ഉപദേശം നല്‍കും. എത്ര പ്രാവശ്യം അനുസരിച്ചില്ലെങ്കിലും അമ്മ പിന്നെയും പിന്നെയും ഉപദേശിക്കുമായിരുന്നു. ഉപദേശത്തിന്റെ കാര്യത്തില്‍ അമ്മയ്ക്ക് മടുപ്പില്ലായിരുന്നു. അത് ഇന്നും അതുപോലെ തുടരുന്നു. അമ്മയുടെ ഉപദേശം അമ്മയല്ലാതെ പിന്നെയാരാണ് നല്‍കുക?
അമ്മ പറഞ്ഞ കഥകള്‍
അമ്മ കഥകൾ പറയുമായിരുന്നു. ആ കേട്ട കഥകൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധരെക്കുറിച്ചും പള്ളികളെക്കുറിച്ചും അമ്പലങ്ങളെക്കുറിച്ചും ആൽമരങ്ങളെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും നല്ല മനുഷ്യരെക്കുറിച്ചും അമ്മ കഥകൾ പറഞ്ഞുതരുമായിരുന്നു. രാത്രികാലങ്ങളില്‍ കാവുകളില്‍ നിന്നും കാവുകളിലേക്ക് സഞ്ചരിക്കുന്ന തേരോട്ടത്തെക്കുറിച്ച് അമ്മ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ആ നാട്ടിലെ ജീവിച്ചിരിക്കുന്നവരെക്കുറിച്ചും മരിച്ചുപോയവരെക്കുറിച്ചുമുള്ള നന്മനിറഞ്ഞ കഥകള്‍ അമ്മ പറയുമായിരുന്നു.
മന്നം എന്നായിരുന്നു ഞങ്ങളുടെ വീടിരുന്ന ഗ്രാമത്തിന്റെ പേര്. മൂന്ന് അമ്പലങ്ങളും ഒരു കുരിശുപള്ളിയും ഒരു പ്രൈമറി സ്കൂളും ചെറിയ ചായക്കടകളും പലചരക്കുകടകളും കള്ളുഷാപ്പും ഉണ്ടായിരുന്ന ഗ്രാമമായിരുന്നു അത്.
പണ്ട് ചെറുപ്പത്തില്‍ ഗ്രാമത്തിലെ രണ്ട് അമ്പലങ്ങളിലെ വിശ്വാസികള്‍ തമ്മില്‍ വഴക്കായി. അമ്പലത്തില്‍ രാത്രി ഉത്സവം നടന്നപ്പോള്‍ തന്നെ വീടുകയറി ആക്രമണവും നടന്നു. ഞങ്ങളുടെ തൊട്ടടുത്തുള്ള വീട് ഹിന്ദുമത വിശ്വാസികളുടേതായിരുന്നു. എങ്കിലും ഞങ്ങളൊക്കെ ഒറ്റവീടു പോലെയാണ് കഴിഞ്ഞിരുന്നത്. രാത്രിയില്‍ ആ വീട്ടിലെ ആണുങ്ങളെല്ലാം അമ്പലത്തില്‍ ഉത്സവത്തിനു പോയി. വീട്ടില്‍ സ്ത്രീകളും കുഞ്ഞുകുട്ടികളും മാത്രമേയുള്ളൂ. രാത്രിയില്‍ കൂട്ടിരിക്കാന്‍ അവര്‍ അമ്മയെ വിളിച്ചു. അമ്മയും ചേട്ടനും കൂടി അടുത്തെ വീട്ടിലെത്തി. അന്ന് അവിടെയെങ്ങും ഇലക്ട്രിസിറ്റി ഇല്ലാത്ത കാലമാണ്. മണ്ണെണ്ണവിളക്കും കത്തിച്ച് അവര്‍ ആ വീടിന്റെ മുറ്റത്ത് ഇരിപ്പായി.
പെട്ടെന്ന് ഇരുട്ടത്ത് മുകളില്‍നിന്ന് ആരോ വിളിച്ചുപറഞ്ഞു: “ചേടത്തി, മാറിക്കോ, ഇല്ലെങ്കില്‍ കല്ലേറുണ്ടാകും.” അമ്മ ഉടനെ ആ വീട്ടിലുള്ളവരെയും വിളിച്ച് അവരുടെ വീടിനുള്ളില്‍ പ്രവേശിച്ചു. നിമിഷനേരങ്ങള്‍ക്കകം ഓടുമേഞ്ഞ ആ വീടിന്റെ മുകളിലേക്ക് കല്ലെറിയല്‍ ആരംഭിച്ചു. അമ്മ എല്ലാവരെയും കൊണ്ട് കട്ടിലിനടില്‍ ഒളിച്ചു. അമ്മയുടെ ആ കൃത്യമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ആ നാലഞ്ചു ജീവനുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് പിന്നീട് നാട്ടുകാര്‍ പറയുമായിരുന്നു.
‘അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…’
വീടിന്റെ തൊട്ടടുത്തായിരുന്നു ശ്രീകൃഷ്ണവിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന മന്നം സ്കൂള്‍. ജേക്കബ് തോമസ് ഐ പിഎസ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തില്‍, താന്‍ ഒന്നാം ക്ലാസ് പഠിച്ച സ്കൂള്‍ എന്നു പറഞ്ഞ അതേ സ്കൂള്‍. ഇന്ന് ആ സ്കൂളില്‍ വിദ്യാർഥികളില്ല. അവസാനത്തെ ഭിത്തിയും പൊളിഞ്ഞ് അതവിടെയുണ്ട്. ആ സ്കൂളില്‍ പഠിച്ചവര്‍ക്ക് സങ്കടപ്പെടാനുള്ള ഒരു ഓര്‍മ്മ. ഗ്രാമത്തിലെ വീടുകളും ആളുകളും ഗണ്യമായി കുറഞ്ഞിരിക്കുന്നു. എല്ലാവരും ജോലിയും സൗകര്യങ്ങളുംതേടി ദൂരേയ്ക്കു യാത്രയായിരിക്കുന്നു.
പക്ഷേ, അമ്മയുടെ മനസ്സിലും വാക്കുകളിലും മന്നവും നാടും നാട്ടുകാരും എല്ലാം സജീവമാണ്. മന്നം സ്കൂളിലെ ആദ്യ മണിയടിക്കുന്നതും കുട്ടികള്‍ ഒരുമിച്ചുനിന്ന് ‘അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…’ എന്ന ഈശ്വരപ്രാര്‍ഥന പാടുന്നതും വൈകിട്ട് നാലുമണിക്ക് ‘ജനഗണമന…’ പാടി പിരിയുന്നതും അമ്മ കഴിഞ്ഞമാസം കൂടി പറഞ്ഞതാണ്. അന്ന് മന്നം സ്കൂളില്‍ ഒത്തിരി കുട്ടികളുണ്ടായിരുന്നു. മന്നത്തുനിന്നും ചോലത്തടം ഭാഗത്തുനിന്നും വേങ്ങത്താനം എസ്റ്റേറ്റില്‍നിന്നും കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ടായിരുന്നു. മന്നം പള്ളിക്കൂടത്തിലെ നാലുമണിയടിക്കുമ്പോള്‍ അമ്മ ഞങ്ങള്‍ക്കുള്ള കാപ്പിയുണ്ടാക്കാന്‍ ആരംഭിക്കും. ഞങ്ങളെല്ലാം, മലയിഞ്ചിപ്പാറ – പൂഞ്ഞാര്‍ സ്കൂളുകളിലും അരുവിത്തുറ കോളേജിലും നിന്നെത്തുമ്പോള്‍ കാപ്പി റെഡിയാകണമല്ലോ.
ദീപിക പത്രം
ദീപിക പത്രമാണ് അമ്മയുടെ സ്ഥിരം വായന. എല്ലാ ദിവസവും ആ പത്രം മുഴുവനും വായിക്കും. മറ്റു പത്രങ്ങളും വായിക്കുമെങ്കിലും ദീപികതന്നെ മുഖ്യം. നമ്മുടെ കാര്യങ്ങള്‍ അറിയണമെങ്കില്‍, ആരൊക്കെ മരിച്ചിട്ടുണ്ട് എന്നറിയണമെങ്കില്‍ ദീപിക വായിക്കണം എന്നതായിരുന്നു അമ്മയുടെ ലൈന്‍. വീട്ടില്‍ പിന്നെ മറ്റു പത്രങ്ങളുടെ ആരാധകര്‍ ഏറിയപ്പോള്‍, അമ്മ ദീപിക ഒറ്റയ്ക്ക് മേടിച്ചു വായിച്ചുതുടങ്ങി! ലോകകാര്യങ്ങള്‍ മുഴുവന്‍ അമ്മയ്ക്കറിയാം. മതം, രാഷ്ട്രീയം എല്ലാം നല്ല പിടിപാടാണ്. ഗാന്ധി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ, ജോര്‍ജ് ബുഷ്, സദ്ദാം ഹുസൈന്‍, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, നരേന്ദ്ര മോദി… എല്ലാവരെക്കുരിച്ചും വിശദമായി അറിയാം. മതം, രാഷ്ട്രീയം, സാമൂഹികം, വിജ്ഞാനീയം എല്ലാം നല്ല പരിചയം. പത്രങ്ങളും പുസ്തകങ്ങളും വായിച്ചാണ് എല്ലാ അറിവും; ഈ അടുത്ത കാലത്തായി ടെലിവിഷന്‍ കണ്ടുള്ള അറിവും. ഇപ്പോള്‍ വായന കുറഞ്ഞു.
അമ്മയുടെ കത്തുകള്‍
സെമിനാരിയില്‍ പോകുകയാണ് എന്നുപറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല; പക്ഷേ, ആ മുഖത്ത് സന്തോഷമായിരുന്നു. ഒരു ചോദ്യം മാത്രം ചോദിച്ചു: “പോയിക്കഴിഞ്ഞാല്‍ ചാച്ചനും എനിക്കും ആരാണ്?” എനിക്ക് മറുപടിയുണ്ടായിരുന്നില്ല.
ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നതിന്റെ ആറാം വര്‍ഷമാണ് ചാച്ചന്‍ മരിക്കുന്നത്. അന്നുവരെ എല്ലാ കാര്യങ്ങളിലും ആശ്രയവും അഭയവും ചാച്ചനായിരുന്നു. പെട്ടെന്നത് അമ്മയിലേക്കു മാറി. ചാച്ചനെപ്പോലെ കര്‍ശനസ്വഭാവം അമ്മക്കില്ലായിരുന്നു. ചാച്ചന്‍ മരിച്ചതിനുശേഷമുള്ള ആദ്യത്തെ അവധിക്കു ചെന്നപ്പോള്‍ വീട്ടില്‍ കയറാന്‍ മടിതോന്നി മുറ്റത്തുനിന്നപ്പോള്‍ അമ്മ പറഞ്ഞു:
“ഞാനില്ലേ, വാ.”
ഒരിക്കലും മറക്കാനാവാത്ത വാക്കുകള്‍. പിന്നീട് അമ്മ എഴുത്തുകള്‍ എഴുതുമായിരുന്നു. ചാച്ചന്‍ ഉള്ളപ്പോള്‍ ഒരിക്കലും എഴുതുമായിരുന്നില്ല. പിന്നീടാണ് എനിക്ക് എഴുതാന്‍ തുടങ്ങിയത്. എനിക്കവ ആവശ്യമാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. മാതൃവാത്സല്യത്തിന്റെ ചെറുകുറിപ്പുകളായിരുന്നു ഓരോ കത്തും.
വര്‍ഷങ്ങള്‍ പിന്നിട്ടു. അമ്മയ്ക്കു പ്രായമായി; രോഗമായി. നിരവധി രോഗങ്ങളിലൂടെയും അപകടങ്ങളിലൂടെയും സഹനങ്ങളിലൂടെയും അമ്മ സഞ്ചരിച്ചു. ഞങ്ങള്‍ ഒന്‍പതു മക്കളായിരുന്നു. ഏറ്റവും മൂത്ത രണ്ടുപേര്‍ അവരുടെ ചെറുപ്പത്തില്‍തന്നെ മരിച്ചിരുന്നു; ചാച്ചനും മരിച്ചു. സി. ജെസി 2018 ല്‍ മരിച്ചു. അമ്മ ഇതിലൂടെയൊക്കെ എങ്ങനെ കടന്നുപോയി എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്.
അമ്മയുടെ മനസ്സ് എപ്പോഴും ധീരമായിരുന്നു. എങ്ങനെയാണ് അമ്മയ്ക്ക് ഈ ശക്തിയെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പ്രാര്‍ഥനയാണ് ആ ശക്തിയുടെ പിന്നില്‍ എന്നതാണ് യാഥാര്‍ഥ്യം. അമ്മയുടെ ചെറുപ്പകാലത്ത്, അന്‍പത്തി ആറായിരം പ്രാവശ്യം ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ഥന ചൊല്ലിയാല്‍ പൂര്‍ണ്ണ പാപമോചനം ലഭിക്കുമെന്നും സ്വര്‍ഗത്തില്‍ പോകുമെന്നും അമ്മ കേട്ടിട്ടുണ്ട്. അത് അന്നേ ചെയ്തതായി അമ്മ എന്നോട് കുഞ്ഞുന്നാളില്‍ പറഞ്ഞിട്ടുണ്ട്. അമ്മ, അന്‍പത്തി ആറായിരം പ്രാവശ്യമല്ല, അന്‍പത്തി ആറായിരം ലക്ഷം തവണ അത് ചൊല്ലിയിട്ടുണ്ടെന്ന് ഉറപ്പാണ്. അത്രമാത്രം പ്രാർഥിക്കുന്ന ഒരാളാണ്.
ചാച്ചന്‍ മരിച്ചതിനുശേഷം എല്ലാ ദിവസവും വീട്ടില്‍നിന്നും വളരെ ദൂരെയുള്ള മലയിഞ്ചിപ്പാറ പള്ളിയിലെ കുര്‍ബാന ഒരു ദിവസംപോലും അമ്മ മുടക്കിയിട്ടില്ല. ആഴ്ചയില്‍ ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഉപവാസം. ഓരോ ദിവസവും നിരവധി ജപമാലകള്‍. ഇപ്പോള്‍ ആരോഗ്യം കുറഞ്ഞതിനുശേഷം ശാലോം ചാനലിലെ കുര്‍ബാന. അമ്മ പ്രാര്‍ഥനയിലൂടെ ജീവിക്കുകയാണ്. എല്ലാ നല്ല അമ്മമാരെപ്പോലെ എന്റെ അമ്മയും ഒരു പഠനപുസ്തകമാണ്.
മറക്കാന്‍ പറ്റാത്ത ഒരു സംഭവം
ഇതിനിടയില്‍ എന്റെ കണ്ണു തുറപ്പിച്ച ഒരു സംഭവം കൂടി അമ്മയില്‍ നിന്നുണ്ടായി. അഞ്ചാറു വര്‍ഷങ്ങളായിക്കാണും അത് നടന്നിട്ട്. ഒരു ദിവസം അവധിക്ക് വീട്ടില്‍ ചെന്ന സമയം. അമ്മയുമായി എന്തോ ചെറിയ കാര്യത്തിന് വാക്കുതര്‍ക്കം. എന്തോ വളരെ നിസ്സാരമായ കാര്യമാണ്. സത്യത്തില്‍ തമാശക്കാര്യമാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ ഏറ്റവും മൂത്തചേച്ചി എന്നോടു ചോദിച്ചു:
“അമ്മയോട് അരിശപ്പെട്ടോ?”
എന്റെ പെട്ടെന്നുള്ള മറുപടി “ഇല്ല” എന്നായിരുന്നു. ചേച്ചി തുടര്‍ന്നു:
“ഏതായാലും അമ്മയ്ക്കു വിഷമമായി. അമ്മ പറഞ്ഞു ചാച്ചന്‍ മരിച്ചതിനുശേഷം ഇന്നുവരെ, എനിക്ക് ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാന്‍വേണ്ടി അമ്മ എല്ലാ ആഴ്ചയിലും മൂന്നുദിവസങ്ങള്‍ ഉപവാസം എടുത്തു പ്രാര്‍ഥിക്കുന്നതാണ്; മറ്റു പല ദിവസങ്ങളിലും ഇറച്ചിയും മീനും കഴിക്കാറില്ലായിരുന്നു.”
ഇതൊരിക്കലും ഞാന്‍ അറിയരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധവുമായിരുന്നു. പക്ഷേ, ഈയൊരു പ്രത്യേക സാഹചര്യത്തില്‍ എന്റെ സഹോദരി എന്നോട് അക്കാര്യം വെളിപ്പെടുത്തി.
ദൈവമേ, ഇങ്ങനെയായിരുന്നോ അമ്മ എനിക്കായി പ്രാര്‍ഥിച്ചിരുന്നത്! അങ്ങനെയെങ്കില്‍ എനിക്കായി എത്ര വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അമ്മ സഹിച്ചു പ്രാര്‍ഥിച്ചു! ഞാന്‍ നിശ്ശബ്ദനായി കണ്ണുകള്‍ താഴ്ത്തിനിന്നു. എനിക്ക് മറുപടിയുണ്ടായില്ല. ഞാന്‍ പഠിച്ചതും വളര്‍ന്നതും അപകടങ്ങളെ അതിജീവിച്ചതുമൊക്കെ എന്റെ ആത്മവിശ്വാസംകൊണ്ടും കഴിവ് കൊണ്ടുമാണ് എന്ന എന്റെ വികലചിന്ത അതോടെ മണ്ണടിഞ്ഞു. ഞാന്‍ മനുഷ്യനായി; അമ്മയുടെ മകനായി. എല്ലാം അമ്മമാരും മക്കള്‍ക്കായി ഇങ്ങനെയൊക്കെയാണ് പ്രാര്‍ഥിക്കുന്നത് എന്നൊക്കെ അറിയാമായിരുന്നെങ്കിലും സ്വന്തം കാര്യത്തില്‍ അറിഞ്ഞപ്പോള്‍ എനിക്കു മറുപടിയുണ്ടായിരുന്നില്ല.
അമ്മ ഇന്നുവരെ വിമാനത്തില്‍ കയറിയിട്ടില്ല
ഇന്നുവരെ എന്റെ അമ്മ വിമാനത്തിൽ കയറിയിട്ടില്ല. തീവണ്ടിയിൽപോലും കയറിയിട്ടില്ല. പാലയ്ക്കപ്പുറം പോലും അധിക തവണ യാത്രപോലും ചെയ്തിട്ടില്ല. വീട്, ഞങ്ങളുടെ പറമ്പുകൾ, ഇടവക പള്ളിയായ മലയിഞ്ചിപ്പാറ പള്ളി ഇത്രയും ഇടങ്ങളിലൂടെയായിരുന്നു ജീവിതത്തിൽ കൂടുതൽ കാലത്തും നടന്നത്. പിന്നെ വർഷത്തിൽ രണ്ടുമൂന്നു തവണ പൂഞ്ഞാർ – കല്ലേക്കുളത്തുള്ള അമ്മയുടെ വീട്ടിൽ പോകുമായിരുന്നു. അമ്മയുടെ ലോകം അതായിരുന്നു. അമ്മയ്ക്ക് 90 വയസ്സു കഴിഞ്ഞു. ഇക്കാലമത്രയും അമ്മ ജീവിച്ചത് അമ്മയ്ക്കുവേണ്ടിയായിരുന്നില്ല എന്നതാണ് സത്യം.
പക്ഷേ, ഞാൻ കയറിയ വിമാനങ്ങളിലും തീവണ്ടികളിലും അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ സഞ്ചരിച്ച പാതകളിലെല്ലാം അമ്മ എന്നോടൊപ്പം നടക്കുന്നുണ്ടായിരുന്നു. എന്റെ പഠനമേഖലകളിലെല്ലാം അമ്മ എന്നോടൊപ്പം അധ്വാനിക്കുന്നുണ്ടായിരുന്നു. എന്റെ സങ്കടങ്ങളിലെല്ലാം അമ്മ എന്നോടൊപ്പം കരഞ്ഞു. എന്റെ സന്തോഷങ്ങളില്‍ അമ്മ എന്നെക്കാളെറെ ആഹ്ളാദിച്ചു. അമ്മ എന്റെ ആനന്ദവും ആശ്വാസവും അഭിമാനവുമാണ്.
എങ്കിലും അമ്മ എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരികെ നൽകാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. അതിനു സാധിക്കുമെന്നും തോന്നുന്നില്ല.
അമ്മമാരുടെ പാദം തൊട്ടു നമസ്ക്കരിക്കേണ്ട മക്കള്‍
ശ്രീ ശങ്കരാചാര്യര്‍ക്ക് സ്വന്തം അമ്മയെ വലിയ ഇഷ്ടമായിരുന്നു. എനിക്കും അമ്മയെ വലിയ ഇഷ്ടമാണ്. ശങ്കരാചാര്യര്‍ സ്വന്തം അമ്മയെക്കുറിച്ചു രചിച്ചിട്ടുള്ള അഞ്ച് ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം.’ അതിലെ ഒന്നാം ശ്ലോകത്തില്‍ അദ്ദേഹം സ്വന്തം മാതാവിനെ വന്ദിക്കുന്നത് ഇങ്ങനെയാണ്:
‘ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ
ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ’
അതീവഹൃദ്യമാണ് അതിന്റെ അർഥം.
“അമ്മേ, എന്നെ പ്രസവിച്ച സമയത്ത് അമ്മ അനുഭവിച്ച സഹിക്കാൻ കഴിയാത്ത വേദന അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക?
എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ പലതരത്തിലുള്ള കഷ്ടപ്പാടുകൾ, അനുഭവിച്ചിരുന്നല്ലോ. ആഹാരത്തിനു രുചിയില്ലായ്മ, തുടര്‍ച്ചയായ ഛർദി, ശരീരം മെലിയൽ…
പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങള്‍ വീണ് മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലായിരുന്നല്ലോ അമ്മയുടെ കിടപ്പ്,
എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തകൊണ്ട്
അമ്മ രാത്രിയില്‍ നന്നായി ഉറങ്ങിയിരുന്നില്ലല്ലോ,
എന്നെ വളർത്തിവലുതാക്കാൻ അമ്മ സഹിച്ച ക്ലേശങ്ങൾ എത്ര വലുതാണ്.
പലപ്പോഴും അമ്മ ഒന്നും കഴിക്കാതെ പട്ടിണികിടന്ന്, കുഞ്ഞായിരുന്ന എനിക്ക് ആഹാരം തന്ന് എന്നെ പോഷിപ്പിച്ചുവല്ലോ.
ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെ പോറ്റിവളർത്താൻ എന്തുമാത്രം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.
മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്ടി സഹിച്ച ആയിരമായിരം ത്യാഗങ്ങളിൽ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിയില്ല.”
ശങ്കരാചാര്യര്‍ തുടരുന്നു:
“ഞാനിപ്പോൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ ജഗദ്ഗുരുവാണ്, ആചാര്യവര്യനാണ്, വിശ്വപ്രസിദ്ധനാണ്, എല്ലാവരുടെയും ബഹുമാനാദരങ്ങൾക്ക് പാത്രീഭൂതതാണ്, അദ്വൈത ബ്രഹ്മനിഷ്ഠനാണ്. ഇതെല്ലാമുണ്ടായിട്ട് എന്തു കാര്യം? ഇപ്രകാരമെല്ലാമുള്ള ഞാൻ വിചാരിച്ചിട്ടുപോലും അമ്മ എനിക്കുവേണ്ടി സഹിച്ച കഷ്ടപ്പാടുകളില്‍ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ലല്ലോ. അമ്മേ! നിസ്സഹായനായ ഞാൻ അമ്മയുടെ കാല്‍ക്കല്‍ ഇതാ ഒന്നു നമസ്ക്കരിക്കുക മാത്രം ചെയ്യുന്നു.”
ഏത് അമ്മയുടെ മുന്‍പില്‍ നിന്നാലും മക്കള്‍ക്ക് ഇതില്‍കൂടുതല്‍ ഒന്നും പറയാനുണ്ടാവില്ല; എനിക്കും.
ഞാന്‍ ഈ എഴുതിയത് ഇക്കഴിഞ്ഞ നാളുകളിലൊന്നില്‍ അമ്മ വായിച്ചുകേട്ടു.
‘ഇതൊക്കെ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടോ’ എന്നതായിരുന്നു ആഹ്ളാദത്തോടെയുള്ള അമ്മയുടെ പ്രതികരണം.
ഞാന്‍ ശ്വസിക്കുന്ന വായുവും ഈ ശരീരവും രക്തവും എല്ലാം എല്ലാം അമ്മയില്‍നിന്നും വന്നതല്ലേ. ആ ഉദരത്തിലല്ലായിരുന്നോ ഞാന്‍ പത്തുമാസം സുഖമായി കിടന്നത്. അമ്മയാണ് ആനന്ദവും ആഹ്ളാദവും അഭിമാനവും.
ഇത്രയുമെങ്കിലും പെറ്റമ്മയെക്കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ജീവിച്ചിരിക്കുന്നത്. അമ്മമാര്‍ ജീവിച്ചിരിക്കുന്ന മക്കളെല്ലാം ഇന്ന് അവരുടെ അമ്മമാരോട് ഫോണില്‍ സംസാരിക്കുകയോ, പോയി കാണുകയോ ചെയ്യുക. കാരണം, അമ്മ ചെയ്തതിനൊന്നും പകരം ചെയ്യാന്‍ നമുക്ക് സാധിക്കുകയില്ല.
അമ്മയെ വണങ്ങാതെ ജീവിതമില്ല
1992 ലിറങ്ങിയ ‘മന്നന്‍’ എന്ന തമിഴ് സിനിമയിലെ അമ്മയെക്കുറിച്ചുള്ള മനോഹരമായ ഒരു ഗാനത്തെക്കുറിച്ചുകൂടി എഴുതി അവസാനിപ്പിക്കാം. അമ്മ എന്ദ്രഴിക്കാത്ത ഉയിരില്ലയേ, അമ്മവെ വണങ്കാതെ ഉയര്‍വില്ലയേ…
അങ്ങനെയാണ് വാലി എഴുതി, ഇളയരാജ സംഗീതം നല്‍കി, യേശുദാസ് ആലപിച്ച് രജനീകാന്തും ബന്ദരിബായിയും അഭിനയിച്ചിരിക്കുന്ന ആ ഗാനം തുടങ്ങുന്നത്.
അമ്മയെ വിളിക്കാത്ത ഒരു ജീവിയുമില്ല.
അമ്മയെ വണങ്ങാതെ ഒരു കീർത്തിയും ലഭിക്കില്ല.
നമ്മുടെ മുൻപിൽ നിന്നുകൊണ്ട് നമ്മോടു സംസാരിക്കുന്ന ജീവനുള്ള ദൈവമാണ് അമ്മ. നമ്മെ പ്രസവിച്ച അമ്മയല്ലാതെ വേറെ ദൈവമുണ്ടോ?
എല്ലാ ദേവതകളും – അഭിരാമി, ശിവകാമി, കരുമാരി, മഹാമയി –
ഈ ദേവതകളെയെല്ലാം അമ്മേ, അങ്ങയില്‍ ഞാന്‍ കാണുന്നു
അമ്മേ, ദിവസവും അമ്മയ്ക്ക് പുണ്യസ്നാനവും പുണ്യനിവേദ്യവും
സമര്‍പ്പിക്കുന്ന ശിഷ്യനാണ് ഞാൻ.
ഞാൻ ഭൗതികമായ പ്രതിഫലം നോക്കുന്ന ആളല്ല,
അമ്മയുടെ അനുഗ്രഹങ്ങൾ മാത്രമാണ് അമ്മേ എനിക്കാവശ്യം.
എപ്പോഴെങ്കിലും എനിക്ക് ഒരു പുനർജന്മം ഉണ്ടായാൽ
ഒരിക്കൽ കൂടി അമ്മയുടെ മകനായി ജനിക്കാനുള്ള അനുഗ്രഹം എനിക്കു നല്‍കണേ
ശുദ്ധസ്വര്‍ണ്ണം, പുതിയ വെള്ളി, മുത്തുകൾ, വജ്രം ഇവയെല്ലാം ഒരമ്മയുമായി താരതമ്യം ചെയ്യാൻ കഴിയുമോ? ഞങ്ങൾ ഉയർന്ന വിലകൾ വാഗ്ദാനം ചെയ്താലും ഒരു അമ്മയെ ഒരിക്കലും ലഭിക്കില്ല. പത്തുമാസങ്ങള്‍ അമ്മ എനിക്കായി അനുഭവിച്ച വേദനകൾ എനിക്കറിയാം അമ്മേ. ഞാൻ അനേകം ജന്മങ്ങൾ എടുത്താലും ആ ജന്മങ്ങളിലെല്ലാം കഠിനാധ്വാനം ചെയ്താലും അമ്മ എനിക്കായി ചെയ്തതിന്റെ കടം വീട്ടാൻ എനിക്ക് കഴിയുമോ? അമ്മേ, അമ്മ കാരണം മാത്രമാണ് ഞാൻ ജനിച്ചത്.
ഇതാണ് ആ ഗാനത്തിന്റെ ഏകദേശ മലയാള അർഥം. മനോഹരമായ ഗാനം. നമ്മള്‍ ഓരോരുത്തരും നമ്മുടെ അമ്മമാരോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ പാട്ട് നമ്മില്‍ ഉണര്‍ത്തുന്നു.
സ്വന്തം അമ്മയെ വേദനിപ്പിക്കുന്നവരോട് അമ്മ ക്ഷമിച്ചേക്കാം. പക്ഷേ, ദൈവം ക്ഷമിക്കണമെന്നു നിര്‍ബന്ധമില്ല. എല്ലാ മക്കള്‍ക്കും അവരുടെ അമ്മമാരെക്കുറിച്ച് നല്ല ഓര്‍മ്മകളുണ്ടായിരിക്കും. ആ നല്ല ഓര്‍മ്മകളോട് ഞാന്‍ എന്റെ ചിന്തകളും ചേര്‍ത്തുവയ്ക്കുന്നു.
ജി. കടൂപ്പാറയിൽ