ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്റെ നാലാം സ്തംഭമായാണ് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിക്കാറുള്ളത്. ഒരു സംഭവത്തിനു പിന്നിലെ സത്യം കണ്ടെത്താനായി മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ ജീവനും പ്രശസ്തിയും പണയപ്പെടുത്തിക്കൊണ്ട് കര്‍മ്മനിരതരാകാറുണ്ട്. അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിനം പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശത്തെ ആഘോഷിക്കുകയും പത്രപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ അംഗീകരിക്കുകയും ചെയ്യുന്നു.
പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആഘോഷിക്കാനും ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്താനും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും അന്വേഷണത്തിന്റെ ഭാഗമായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകരെ അനുസ്മരിക്കാനുമുള്ള അവസരമായാണ് ഐക്യരാഷ്ട്രസഭ ഈ ദിനത്തെ കണക്കാക്കുന്നത്.
പ്രമേയം
എല്ലാ വര്‍ഷവും ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പ്രത്യേക പ്രമേയം തിരഞ്ഞെടുക്കാറുണ്ട്. ‘എ പ്രസ് ഫോര്‍ ദി പ്ലാനറ്റ്’: പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.
1993-ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി മെയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്. 1991-ല്‍ നടന്ന യുനെസ്‌കോയുടെ 26-ാം ജനറല്‍ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന ശുപാര്‍ശയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 1991-ലെ വിന്‍ഡ്ഹോക്ക് പ്രഖ്യാപനവും ഇതിനൊരു കാരണമായിട്ടുണ്ട്. വിന്‍ഡ്‌ഹോക്കില്‍ നടന്ന യുനെസ്‌കോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആഫ്രിക്കയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ‘സ്വതന്ത്രവും ബഹുസ്വരവുമായ ആഫ്രിക്കന്‍ മീഡിയയെ പ്രോത്സാഹിപ്പിക്കുക’ എന്നതിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഒരു പ്രസ്താവനയായിരുന്നു ഈ ആശയത്തിലേക്ക് നയിച്ചത്.
ചരിത്രം
1993 മെയ് 3നാണ് യുനെസ്‌കോ വിന്‍ഡ്‌ഹോക്ക് പ്രഖ്യാപനം അംഗീകരിച്ചത്. ‘സ്വതന്ത്രവും ബഹുസ്വരവുമായ ഒരു മാധ്യമത്തിന്റെ വികസനം’ എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് യുനെസ്‌കോ പ്രഖ്യാപനം അംഗീകരിച്ചത്. ചൈന, ഉത്തര കൊറിയ, വിയറ്റ്‌നാം, ലാവോസ്, എറിത്രിയ, ജിബൂട്ടി, തുര്‍ക്ക്‌മെനിസ്ഥാന്‍, സൗദി അറേബ്യ, സിറിയ, ഇറാന്‍, ക്യൂബ തുടങ്ങിയ ചില രാജ്യങ്ങളിലെ പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ദിനം ഉയര്‍ത്തിക്കാട്ടുന്നു. ആഗോളതലത്തില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുകയും കാര്യക്ഷമമായ രീതിയില്‍ അവ ഉപയോഗിക്കുകയും ആഗോള പൗരന്മാരില്‍ എത്തിക്കുകയും ഒപ്പം തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ വിഷയമാണ് ഇത്.
നിരവധി പ്രസാധകരും എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും പലപ്പോഴും അവരുടെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തുക കൂടി ചെയ്യുന്ന ദിനമാണ് പത്രസ്വാതന്ത്ര്യദിനം. പലരും പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുള്ള ചരിത്രവും നമുക്ക് മുന്നിലുണ്ട്.