Tuesday, November 26, 2024

സീറോ കോവിഡ് നയത്തിലെ ഇളവ്; സന്തോഷവും ആശങ്കയും നിറച്ച് ചൈന

“ഒറ്റരാത്രികൊണ്ട് ലോകം മാറി, അത് ശരിക്കും അത്ഭുതകരമാണ്. ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്, കാരണം ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയില്ലെങ്കിൽ, എനിക്ക് എന്റെ മനസ്സ് നഷ്ടപ്പെട്ടേക്കാം.” ബെയ്ജിംഗിലെ ഒരു ടെക് കമ്പനിയിലെ മാനേജരായ എക്കോ ഡിംഗ് എന്ന മുപ്പതുകാരന്റെ വാക്കുകളാണ് ഇത്. ചൈനയിൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് സീറോ കോവിഡ് നയത്തിൽ വരുത്തിയ ഇളവിന്റെ ആശ്വാസത്തിലാണ്‌ ഡിംഗിനെ പോലെ തന്നെയുള്ള ആളുകൾ. എന്നാൽ ആശ്വാസത്തോടൊപ്പം നിരവധി ആശങ്കകളും നിറയുകയാണ് ചൈനയിൽ.

ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം രക്ഷാപ്രവർത്തനം തടസപ്പെടുകയും കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ പത്തോളം ആളുകൾ മരണമടയുകയും ചെയ്ത സംഭവത്തോടെയാണ് സീറോ കോവിഡ് നയത്തിനെതിരെ ഉള്ള പ്രതിഷേധം ജനങ്ങളിൽ ഉയരുന്നത്. വൈകാതെ തന്നെ ചൈനയിൽ ഉടനീളം ഈ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഓരോ ദിവസവും കൂടുതൽ ശക്തമാകുന്ന പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നയത്തിൽ അൽപ്പം ഇളവ് അനുവദിക്കുവാൻ തയ്യാറായത്. എന്നാൽ ഈ ഇളവ് നൽകൽ ചൈനയിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനത്തിൽ വന്ന കുറവ്, വാക്സിനേഷൻ നിരക്ക്, വൈറസിനോട് പ്രതികരിക്കുന്നതിൽ ചൈനയുടെ അനുഭവ നിലവാരം എന്നിവ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയതെന്നാണ് ചൈനയുടെ ആരോഗ്യപ്രവർത്തകർ വെളിപ്പെടുത്തുന്നത്. എന്നാൽ, കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള അഭൂതപൂർവമായ പ്രതിഷേധത്തിന്റെ ചുവടുപിടിച്ച് വരുന്ന മാറ്റങ്ങൾ, എല്ലാ അണുബാധകളെയും തുടച്ചുനീക്കാൻ ദീർഘനാളായി ശ്രമിക്കുന്ന ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.

കോവിഡ് നിയന്ത്രണങ്ങൾ ലഘുവാക്കുമ്പോഴും അതിന്റെ വകഭേദങ്ങൾ തങ്ങൾക്കു പിടിപെട്ടാലോ എന്ന ചിന്ത ജനങ്ങളെ വിട്ടകലുന്നില്ല. ഒമിക്രോൺ ബാധിച്ചാൽ എന്ത് ചെയ്യണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള നിർദ്ദേശങ്ങളും കമ്പനിക്കുള്ള മരുന്നുകൾ വാങ്ങി കൂട്ടുവാൻ ഉള്ള ജനങ്ങളുടെ ഓട്ടവും എല്ലാം ആളുകളുടെ ഉള്ളിലെ ആശങ്കയെ ആണ് വെളിപ്പെടുത്തുന്നത്. രാജ്യത്ത് ഉടനീളം അടച്ചുപൂട്ടലുകൾ സൃഷ്ടിക്കുന്നതല്ലാതെ രോഗം ബാധിച്ചാൽ ചെയ്യേണ്ട മുന്നറിയിപ്പുകളും കയ്യിൽ കരുതേണ്ട മരുന്നുകളും സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പലർക്കും അറിയില്ലായിരുന്നു. ഈ അവബോധം ജനങ്ങൾക്ക് മുൻപേ നൽകേണ്ടതായിരുന്നു എന്ന് ബീജിംഗിലെ അഭിഭാഷകനായ സാം വാങ് പറയുന്നു.

“എനിക്ക് എന്നെത്തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹമുണ്ട്, കാരണം എന്റെ ആദ്യത്തെ അണുബാധയ്ക്ക് ശേഷം എനിക്ക് സുഖമായിരിക്കാം, എന്നാൽ രണ്ടോ മൂന്നോ പ്രാവശ്യം വീണ്ടും രോഗബാധിതനായാൽ, അത് എന്റെ ശരീരത്തിന് എന്ത് ദോഷം വരുത്തുമെന്ന് എനിക്ക് അറിയില്ല” അധ്യാപികയായ അറോറ വെളിപ്പെടുത്തുന്നു.

ചൈനയ്ക്കുള്ളിൽ കോവിഡ് -19 ന്റെ ആഘാതത്തെക്കുറിച്ചുള്ള ഭയം നിറയുകയാണ്. ഒരു വിഭാഗം സ്വാതന്ത്ര്യത്തിനായി കൊതിക്കുമ്പോൾ മറ്റൊരു വിഭാഗം കോവിഡ് അണുബാധ സമ്മാനിക്കുന്ന ദുരിതങ്ങളുടെ ദൂഷ്യഫലങ്ങൾ കുറിച്ച് ആശങ്കാകുലരായിരിക്കുകയാണ്. യുവതലമുറയിലെ ആളുകളാണ് കൂടുതലും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് എങ്കിലും അവർക്കിടയിലെ ഒരു മുൻകരുതൽ സ്വീകരിക്കണം എന്ന ബോധ്യം ഉണ്ട്.

സീറോ കോവിഡ് നയം ശക്തിപ്പെടുത്തിയപ്പോഴും ദിവസേന ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു രാജ്യം. പെട്ടെന്ന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ എന്താകും അവസ്ഥ എന്ന ആശങ്ക എല്ലാവരിലും ഉണ്ട്. ഒപ്പം സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ മുന്നോട്ട് ഉണ്ടാകാൻ സാധ്യത ഉള്ള രോഗ വ്യാപനവും. ചൈന ഇപ്പോൾ നേരിടുന്നത് സമ്മിശ്ര പ്രതികരണങ്ങളും അനുഭവങ്ങളും ആണ്. കാത്തിരുന്നു കാണാം എന്താണ് സംഭവിക്കുന്നതെന്ന്.

Latest News