ഇക്കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ ഭയന്ന് സുഷ്വികയും സഹോദരന്മാരായ സുഷ്വിനും സുജിലിനും സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക പാമ്പു കടിച്ചെന്ന് പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. രണ്ടാഴ്ച മുമ്പ് മദ്യപാനം ചോദ്യം ചെയ്ത രണ്ടു പെണ്‍മക്കളെ അവരുടെ പിതാവ് അടിച്ചുകൊന്ന വാര്‍ത്തയും ഏവരേയും നടുക്കിയിരുന്നു.
‘എല്ലാം കള്ളിന്റെ പുറത്ത്’
‘അമ്മേ അച്ഛന്‍ വരുന്നു’…. പേടിച്ചരണ്ട ഒരു നിലവിളിയോടെ അച്ഛന്റെ വരവ് അമ്മയെ അറിയിക്കുന്ന മക്കള്‍. നിശബ്ദമായ ആ വീട്ടില്‍ ഒരേ ഒരു വ്യക്തിയുടെ അട്ടഹാസങ്ങളും, ചിലരുടെ ദീന രോദനങ്ങളും. മദ്യപിച്ചു ബോധമില്ലാതെ അയാള്‍ കാട്ടി കൂട്ടുന്ന പ്രവര്‍ത്തികളില്‍ മനം നൊന്തു ആ അമ്മയും മക്കളും. അവരുടെ മനസ്സിനേല്‍ക്കുന്ന ആഴമേറിയ മുറിവുകള്‍ അയാള്‍ അറിയുന്നേയില്ല. ഒരു മദ്യപാനിയുടെ വീട്ടിലെ സ്ഥിരം സായാഹ്നം. ഒരു മദ്യപാനിയും ചിന്തിക്കുന്നില്ല ഈ ദുശ്ശീലത്തിലൂടെ തന്റെ ഭാര്യയുടെ, മക്കളുടെ ജീവിതം എത്ര മാത്രം വ്രണിതപെടുത്തിയിട്ടുണ്ട് എന്ന്. അവന്‍ ചെയ്യുന്ന എല്ലാം തെറ്റുകള്‍ക്കും ബോധം വരുമ്പോള്‍ അവനുണ്ട് ഒരു മറുപടി, ‘എല്ലാം കള്ളിന്റെ പുറത്തു പറ്റിയതാണ്’ എന്ന്.
മദ്യപാനം ഒരു കുടുംബത്തിന്റെ രോഗം
ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും, നിത്യദാരിദ്ര്യ ത്തിലേക്കും, നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.
കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ മുഖ്യപ്രേരണ മദ്യമാണ്. മോല്‍സൂചിപ്പിച്ച വാര്‍ത്തകള്‍ പോലെ പലപ്പോഴും മാതാപിതാക്കളുടെ മദ്യപാനം മൂലം കുട്ടികള്‍ക്ക് ജീവന്‍ പോലും ബലി നല്‍കേണ്ടി വരുന്നു. കുടുംബകലഹങ്ങളില്‍ 85% ഗൃഹനാഥന്റെ മദ്യപാനം മൂലമാണ്. 30% വിവാഹമോചനത്തിന്റെ കാരണവും മദ്യപാനം തന്നെ. മാതാപിതാക്കളുടെ മദ്യപാന ശീലം കുട്ടികളുടെ വ്യക്തി വികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ ബാല്യകാലത്തിലെയോ സന്തോഷങ്ങള്‍ അവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കാതെ വരുന്നു.
വികലമായ വ്യക്തിത്വമുള്ളവര്‍ക്കും ഭാവിയില്‍ ലഹരിശീലത്തിന് അടിമയാകാം എന്നു ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യ രോഗമാണ്. കുട്ടികള്‍ക്ക് ശരിയായ റോള്‍ മോഡല്‍ മദ്യപാനിയായ അച്ഛന്മാരില്‍നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില്‍ ഭാര്യയെ പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടി വരുന്നു. കാരണം അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടിയിട്ടുണ്ടാവാം.
തമ്മില്‍ അടുക്കാത്തവിധം അവര്‍ അകന്നിട്ടുണ്ടാവാം, ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര്‍ കൂലിവേലക്ക് പോയി തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല മദ്യപരുടെ കുട്ടികള്‍ക്ക് സ്‌നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്‌നേഹിക്കുവാനോ വിശ്വസിക്കുവാനോ അവര്‍ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാര മനോഭാവവുമാണു ഇവരില്‍ രൂപപ്പെടുക. കുട്ടികള്‍ സാധാരണ കുടുംബത്തില്‍ സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല്‍ മദ്യപാനിയുടെ കുട്ടികള്‍ കുടുംബത്തില്‍ സ്വരക്ഷക്കുവേണ്ടി പലകാര്യങ്ങളും സ്വയം ഏറ്റെടുക്കുന്നു.
മാതാപിതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ലാത്തതിനാല്‍ ചില കുട്ടികള്‍ ഉത്തരവാദിത്വമുള്ള കുട്ടിയുടെ റോള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടു തന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. ചില കുട്ടികള്‍ തന്നിഷ്ടക്കാരനായി മാറുന്നു. ഏതു രീതിയിലായാലും ആ കുട്ടിയ്ക്ക് അവന്റെ നിഷ്‌കളങ്ക ബാല്യവും നല്ല കൂട്ടുകെട്ടുകളും നഷ്ടമാകുന്നു.
മദ്യാസക്തി ഒഴിവാക്കണം
സമൂഹം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്ക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. അതിലൂടെ മദ്യത്തിനെതിരെയുള്ള ഒരു ബഹുജനമുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യം, പുതു തലമുറയുടേയും.