Friday, June 26, 2026

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം: പശ്ചിമ ബംഗാളിൽ യുവജന ക്യാമ്പ് ആരംഭിച്ചു

ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച നമ്മുടെ ദേശീയ ​ഗാനമായ ‘വന്ദേമാതരത്തിന്റെ’ 150-ാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബ്രെയിൻവെയർ സർവകലാശാലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന യുവജന ക്യാമ്പ് ആരംഭിച്ചു. കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ എന്ന സംഘടനയാണ്, ഈ മാസം 24-ാം തീയതി ആരംഭിച്ച് 30-ാം തീയതി വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ദേശീയ ഒരുമയും രാജ്യസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150-ഓളം യുവാക്കൾ പങ്കെടുക്കുന്നുണ്ട്. ‘ഒരു ഗാനം, ഒരു വികാരം, ഒരു രാജ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഈ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.

നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ വന്ദേമാതര ഗാനവും വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും യുവാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രത്യേക ക്ലാസുകളും ഈ ക്യാമ്പിന്റെ ഭാഗമായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News