ചന്ദ്രനിലെത്തുക എന്ന ഇന്ത്യയുടെ സ്വപ്നങ്ങൾ ചിറകുമുളച്ച വർഷമായിരുന്നു 2023. ചന്ദ്രയാൻ, ആദിത്യ – എൽ 1, ഗഗൻയാൻ തുടങ്ങിയ പദ്ധതികളിലൂടെ ബഹിരാകാശ ഗവേഷണത്തിൽ നിറസാന്നിധ്യമാകാൻ ഇന്ത്യയ്ക്കു സാധിച്ചു. അഭിമാനകരമായ ഒരു വർഷം കടന്നുപോയപ്പോൾ ശാസ്ത്രരംഗത്തുനിന്ന് രാജ്യത്തിന് അഭിമാനിക്കാൻ കഴിഞ്ഞ ഏതാനും സംഭവങ്ങളെ ഓർത്തെടുക്കാം.
അഭിമാനമായി ചന്ദ്രയാൻ – 3
ആഗസ്റ്റ് 23 -ന്, ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിൽ സ്പർശിച്ചപ്പോൾ രാജ്യത്തുടനീളം വമ്പിച്ച ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആ ആഘോഷങ്ങൾ വിളിച്ചുപറഞ്ഞത്, ഒരു രാജ്യത്തിന്റെ ശാസ്ത്രലോകത്തിന്റെ വളർച്ചയും അതിന് ആ ജനത നൽകിയ ആദരവുമായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നടത്തിയ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യം എന്ന അഭിമാനകരമായ നേട്ടംകൂടെ ഇതിലൂടെ ഇന്ത്യ നേടിയെടുത്തു. “ഇന്ത്യ ചന്ദ്രനിലാണ്” – തങ്ങളുടെ ദൗത്യം വിജയിച്ചപ്പോൾ ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ് പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു.
2023 ജൂലൈ 14 -നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. 75 മില്യൺ ഡോളർ ചെലവായിരുന്നു ഈ ദൗത്യത്തിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടിവന്നത്. ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിലൂടെ സങ്കീർണ്ണമായ ബഹിരാകാശദൗത്യങ്ങൾ സാമ്പത്തികമായി നിർവഹിക്കാനുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിനുമുന്നിൽ പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയെ ഒരു പ്രധാന ഘടകമാക്കി ഉയർത്തുകയും ചെയ്തു.
ആദിത്യ – എൽ 1
തുടർന്നുള്ള മാസങ്ങളിൽ, ഇന്ത്യ ബഹിരാകാശത്തേക്കുള്ള കുതിപ്പ് തുടർന്നു. സൂര്യനിലേക്ക് ഒരു നിരീക്ഷണദൗത്യം അയച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ അടുത്ത നിർണ്ണായകമായ പര്യവേഷണം നടന്നത്. ചന്ദ്രനിലിറങ്ങി ഏതാനും ദിവസങ്ങൾക്കുശേഷം, സൂര്യനിലേക്കുള്ള ആദ്യ നിരീക്ഷണദൗത്യമായ ആദിത്യ – എൽ 1 ഇന്ത്യ വിക്ഷേപിച്ചു. സെപ്റ്റംബർ 2 -ന് പറന്നുയർന്ന ആദിത്യ – എൽ 1 ജനുവരി ആറിന് എൽ വൺ പോയിന്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 125 ദിവസങ്ങൾകൊണ്ട് ഭൂമിയിൽനിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലാൻഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തുന്നത്. ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കുക എന്നതാണ് ആദിത്യ എൽ വണ്ണിന്റെ ലക്ഷ്യം.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണശക്തികൾ പരസ്പരം സന്തുലിതമാക്കുന്ന ബഹിരാകാശത്തെ തന്ത്രപ്രധാനമായ സ്ഥലമാണ് എൽ 1. ലാഗ്രാഞ്ച് പോയിന്റ് 1 -നു ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ഭൂമിയിൽനിന്ന് സൂര്യന്റെ ദിശയിൽ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത് കാണപ്പെടുന്നത്.
ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. 2020 -ലും 2021 -ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ പദ്ധതിപ്രകാരമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ് ഈ വർഷവും ചെയ്തത്. മനുഷ്യനെ അയയ്ക്കുന്നതിനു മുന്നോടിയായി ബഹിരാകാശയാത്രികയായ വനിതാ റോബോട്ട്, വ്യോമമിത്രയെ ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു.
ദൗത്യത്തിന്റെ ഭാഗമായുള്ള വിവിധ പരീക്ഷഘട്ടങ്ങളിലൊന്നായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) പൂർണ്ണ വിജയകരമായിരുന്നു. ഈ ദൗത്യം വിജയത്തിലെത്തിക്കുന്നതിനുള്ള പരീക്ഷണങ്ങളിലൂടെയാണ് രാജ്യത്തെ ബഹിരാകാശ ശാത്രജ്ഞർ കടന്നുപോകുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾക്ക് മാറ്റുകൂട്ടിയ നേട്ടങ്ങളാൽ സമ്പന്നമായിരുന്നു കടന്നുപോകുന്ന ഈ വർഷം. തുടർന്നുള്ള വർഷങ്ങളിലും ഈ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഐ.എസ്.ആർ.ഒ പങ്കുവയ്ക്കുന്നത്. അതിനാൽതന്നെ 2024 -നെ ഏറെ പ്രതീക്ഷയോടെയാണ് ഇവർ വരവേൽക്കുന്നതും.