ആസൂത്രിതമായ കൃഷി രീതികളിലൂടെ കാർഷിക മുന്നേറ്റം ലക്ഷ്യമിടുന്നതിൽ കേരളം മികച്ച മാതൃകയാണ് അവകാശപ്പെടുന്നത്. വ്യത്യസ്തതയാർന്ന ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം ഓരോ കാലഘട്ടത്തിലും വിവിധ കാർഷിക രീതികളെ ആശ്രയിക്കുന്നു. 1980 കളിൽ കാർഷിക മേഖലയിൽ വൻ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ സംസ്ഥനത്തിനായിട്ടുണ്ട്. ഈ നാളുകളിൽ കാർഷികോത്പാദനത്തിൽ, പ്രത്യേകിച്ച് നെൽകൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുന്നതിന് കേരളത്തിന് സാധിച്ചിരുന്നു. എന്നാൽ ഏതാനും നൂറ്റാണ്ടുകൾക്കിടയിൽ ഈ മേഖലയിൽ ചില മാറ്റങ്ങൾക്ക് വന്നിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.
കേരളത്തിൽ നെൽവയലുകൾക്കു പേരുകേട്ട കുട്ടനാടിന് പുറമേ മലയോരമേഖലകളിലും നെൽകൃഷി ക്രമേണ കുറഞ്ഞുവരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് വിദഗ്ദ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യ കുറവായ വയനാട് ജില്ലയിലെ നെൽപാടങ്ങളുടെ അവസ്ഥയാണ് ഇതിൽ ഏറ്റവും പരിതാപകരമായി വിലയിരുത്തപ്പെടുന്നത്. ജില്ലയിലെ നെൽകൃഷിയുടെ വിസ്തൃതി അനുദിനം കുറഞ്ഞുവരികയാണ്. 2019-ലെ ലാൻഡ് യൂസിങ് ഡേറ്റപ്രകാരം നിലവിൽ 133.25 ചതുരശ്ര കിലോമീറ്റർ നെൽവലുകളാണ് വയനാട്ടിൽ ശേഷിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും വെളളപ്പൊക്കവും നെൽകൃഷിയിൽ നിന്നും കർഷകരെ പിൻമാറ്റുന്നു ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്.
1, വ്യവസായങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കുമായി നെൽവയലുകൾ വഴിമാറിക്കൊണ്ടിരിക്കുന്നു.
2, കാലാവസ്ഥാ വ്യതിയാനം, അതിലുപരി കൃത്യമായ നിർദ്ദേശങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിലുളള അപര്യാപ്തതയും.
ഇടുക്കി ഏലപ്പാറയിലെ ഒരു കർഷകൻ ഒരു അന്തരീക്ഷശാസ്ത്രജ്ഞനെ ഫോണിൽവിളിച്ചുചോദിച്ചു: ‘‘സർ, അടുത്ത ആഴ്ചയിൽ ചെറിയ മഴപെയ്യാൻ സാധ്യതയുള്ള ദിവസം പറഞ്ഞു തരാമോ? ഏലത്തിന് വളമിടാനാണ്. വെള്ളം വേണം, എന്നാൽ ഇടുന്ന വളം ഒലിച്ചുപോവാനും പാടില്ല.’’ കാലാവസ്ഥയെക്കുറിച്ച് ജനങ്ങൾക്കാവശ്യമുള്ള അറിവുകൾ ഇത്രയും സൂക്ഷ്മമാണ്. അതിനൊത്ത് നമ്മുടെ സംവിധാനങ്ങൾക്ക് വളരാൻ കഴിയുന്നുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.
3, പരമ്പരാഗത നെൽകർഷകർ അവരുടെ നെൽവയലുകൾ വാഴത്തോട്ടങ്ങളാക്കി മാറ്റി തുടങ്ങിയ കാരണങ്ങളാണ് വയനാട് ജില്ലയുടെ നെൽകൃഷി പാരമ്പര്യം എടുത്തുകളയാൻ ഇടയാക്കുന്നത്. നെൽകൃഷിയുടെ ഉല്പാദന ചെലവ് കർഷകർക്ക് താങ്ങാൻ കഴിയാത്തതിലും അധികമായതിനാൽ മറ്റ് കൃഷികളിലേക്ക് പോകുവാൻ അവർ നിർബന്ധിതമാകുന്നു.
ലാൻഡ് യൂസേഴ്സ് ഡേറ്റ പ്രകാരം വയനാട്ടിൽ 25.96 ചതുരശ്ര കിലോമീറ്റർ നെൽവയൽ സ്ഥലം വാഴകൃഷിക്കും1.86 ച.കി.മീ. ഇതരകൃഷിക്കും 0.77 ച.കി.മീ. നെൽവയൽ വീട് നിർമാണത്തിനായും തരംമാറ്റിയതായി രേഖകൾ പറയുന്നു. ഭക്ഷ്യസുരക്ഷ വെല്ലുവിളിയാകുന്ന ഇക്കാലത്ത് ലഭ്യമായ സ്ഥലത്തെല്ലാം കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്.
നീർത്തടങ്ങൾ കുറയുന്നുവോ?
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ആയതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശങ്ങളെയാണ് തണ്ണീർത്തടം (Wetland) എന്ന് പറയുന്നത്. അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്.
വയനാട്ടിലെ മാറിയ കൃഷി രീതികൾ നീർത്തടങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്. കൊടും വരൾച്ചയിലേക്കാണ് വയനാട് ജില്ലയുടെ പോക്ക് എന്നും പറയുന്നതിൽ അതിശയോക്തിയില്ല. കൂടാതെ കരഭൂമിയിലെ നികന്നു തീരുന്ന നീർത്തടങ്ങൾ മഴവെള്ള സംഭരണത്തിന് തിരിച്ചടിയായി മാറുകയാണ്. വയലുകളിലെ നെൽകൃഷിയും കരയിൽ തട്ടുതട്ടാക്കിയുള്ള കോണ്ടൂർ മാതൃക കൃഷി രീതികളുമാണ് മഴവെള്ള സംഭരണത്തിന് ഇവിടെ ശക്തി പകർന്നിരുന്നത്. തുലാമഴയിൽ പോലും പെയ്തുവീഴുന്ന മഴവെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറക്കിവിടാനുള്ള ശേഷിയും വയനാട്ടിലെ നെൽവയലുകൾക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം സാദ്ധ്യതകൾ എല്ലാം ഒർമ്മകൾ മാത്രമായി മാറുകയാണ്.
മുമ്പ് കർഷകർ മഴയ്ക്ക് തൊട്ടുമുമ്പ് മൺതിട്ടകൾ വെച്ചുപിടിപ്പിക്കുന്ന ഒരു രീതി നിലനിന്നിരുന്നു. പുതുമഴ പെയ്യുമ്പോൾ മഴവെള്ളം മുഴുവൻ കൃഷിയിടങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് ഇത് സഹായിക്കും എന്നതാണ് ഇതിൻറെ ഗുട്ടൻസ്. എന്നാൽ മാറിയ കൃഷി രീതിയും, അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണവും മഴവെള്ളം ഒഴുകിപ്പോകുന്ന സാഹചര്യത്തിലേക്കാണ് വയനാടിനെ എത്തിക്കുന്നത്.
വ്യപകമാകുന്ന മണ്ണൊലിപ്പ്
വയനാട്ടിൽ അടുത്തിടെ ഉരുൾപ്പൊട്ടൽ ഉൾടെയുള്ളവ തുടർക്കഥയാകുന്ന സാഹചര്യമാണ് കാണുന്നത്. മാറിയ കൃഷിരീതിയും രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന വയലുകളുടെ തരംമാറ്റലും ഇതിന് കാരണമാകുന്നുണ്ട്. മഴക്കാലം വരുന്നതിനു മുമ്പേ കൃഷിയിടങ്ങളിൽ മേൽമണ്ണ് ഇളക്കിയിട്ട് മഴക്കൊയ്ത്ത് നടത്തുന്നതായിരുന്നു പഴയകാലരീതി. കാർഷിക മരവിപ്പ് കൂടി വന്നതോടെ ഇതിൽ നിന്നെല്ലാം കർഷകർ പിൻവാങ്ങിയത് ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാകുന്നു.
ഇനി എന്ത്?
പശ്ചിമഘട്ടത്തിന് അതിര് നിൽക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഡി. തട്ടുതട്ടായുള്ള കൃഷി രീതിയും വയനാടിൻറെ സൗന്ദര്യം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ. അതിനാൽ തന്നെ വൈകി എന്ന് പറയുവാനാവില്ല. ഒരു തിരിച്ചുവരവ് ഇനിയും സാധ്യമാണ്. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കി പഴയ കാർഷിക രീതിയിലേക്ക് മടങ്ങുക എന്നതാണ് ചെയ്യുവാൻ കഴിയുന്ന പ്രധാന കാര്യം.
തയ്യാറാക്കിയത്: രഞ്ചിൻ ജെ തരകൻ