ലോകത്ത് അതിവേഗം പടരുന്ന എബോള രോഗബാധയെ തടഞ്ഞുനിർത്താൻ ആറ് മാസം നീണ്ടുനിൽക്കുന്ന 518 മില്യൺ ഡോളറിന്റെ വൻ പ്രതിരോധ പദ്ധതി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ രോഗം നിയന്ത്രിക്കാനും മറ്റ് അയൽരാജ്യങ്ങളിൽ ശക്തമായ അതിർത്തി പരിശോധനകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കാനും ഈ തുക ഉപയോഗിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ എബോള വ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
തുടക്കത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാതിരുന്നതുകൊണ്ട് തന്നെ നിലവിൽ രോഗവ്യാപനം തടയുക എന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം കോംഗോയിൽ 381 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 62 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ ഉഗാണ്ടയിൽ 19 കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ അംഗീകരിക്കപ്പെട്ട മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത ‘ബുന്ദിബുഗ്യോ’ എന്ന അപൂർവ്വ ഇനം വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
രോഗം കണ്ടെത്താനുള്ള പരിശോധനാ ഫലങ്ങൾ വരാൻ ദിവസങ്ങളോളം സമയമെടുക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ മെഡിക്കൽ സംഘത്തിന് നേരെയും രോഗികളെ ചികിത്സിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെയും പ്രാദേശിക ജനങ്ങളിൽ നിന്നും നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേന മൂന്ന് സുരക്ഷിതമായ വാഹനങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറി.

