വർഷങ്ങളായി തുടരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളും തെറ്റായ സാമ്പത്തിക മാനേജ്‌മെന്റും ഇറാനിലെ മധ്യവർഗ്ഗത്തെയും തൊഴിലാളിവർഗ്ഗത്തെയും പൂർണ്ണമായി തകർക്കുന്നതായി ഇറാനിയൻ മാധ്യമങ്ങളുടെ മുന്നറിയിപ്പ്. യുഎസും ഇസ്രായേലുമായി നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം സാമ്പത്തിക സമ്മർദ്ദം ഇരട്ടിയാക്കിയെങ്കിലും, രാജ്യത്തിന്റെ തകർച്ച ഈ യുദ്ധത്തിനും എത്രയോ മുൻപ് തുടങ്ങിയതാണെന്ന് ഔദ്യോഗിക-പരിഷ്കരണവാദ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
‘എഗ്തിസാദ് ന്യൂസ്’ കഴിഞ്ഞ മെയ് മാസത്തിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2010-കളുടെ തുടക്കത്തിൽ ഇറാന്റെ ആകെ ജനസംഖ്യയുടെ 65 മുതൽ 70% വരെ ഉണ്ടായിരുന്ന മധ്യവർഗ്ഗം, നിലവിൽ ജനസംഖ്യയുടെ പകുതിയോളമായി ചുരുങ്ങിയിരിക്കുകയാണ്. ഇറാൻ ചേംബർ ഓഫ് കൊമേഴ്‌സ് റിസർച്ച് സെന്ററിന്റെ പഠനങ്ങൾ ഉദ്ധരിച്ച് ‘മെഹർ ന്യൂസ് ഏജൻസി’ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും തൊഴിൽ നൽകുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾ ക്രമാനുഗതമായി തകർക്കപ്പെടുകയാണ്. വലിയ സർക്കാർ സ്ഥാപനങ്ങൾ സുരക്ഷിതമായിരിക്കുമ്പോൾ, ചെറുകിട ബിസിനസുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ല.
വർദ്ധിച്ചുവരുന്ന ചെലവുകൾ താങ്ങാനാകാതെ പല കമ്പനികളും പിരിച്ചുവിടലുകൾ നടത്തുകയാണ്. തൊഴിലാളികളെ നേരിട്ട് പിരിച്ചുവിടാതെ അവരുടെ ജോലി സമയം കുറയ്ക്കുക, ശമ്പളം വൈകിപ്പിക്കുക, ദീർഘകാല കരാറുകൾക്ക് പകരം താൽക്കാലിക കരാറുകൾ നൽകുക തുടങ്ങിയ രീതികളാണ് ഇവർ സ്വീകരിക്കുന്നത്. ഇത് തൊഴിലാളികളെ സുരക്ഷിതമല്ലാത്ത അസംഘടിത തൊഴിൽ മേഖലകളിലേക്ക് തള്ളിവിടുന്നു.
വിദ്യാഭ്യാസം, സംരംഭകത്വം, സാമൂഹിക പങ്കാളിത്തം എന്നിവയിൽ എന്നും മുന്നിൽ നിന്നിരുന്ന ഇറാന്റെ മധ്യവർഗ്ഗത്തിന്റെ തകർച്ച രാജ്യത്തിന്റെ സാമൂഹിക വിശ്വാസ്യത തകർക്കുമെന്നും, ഭാവിയിൽ വലിയ ആഭ്യന്തര അസ്ഥിരതയ്ക്ക് കാരണമാകുമെന്നുമാണ് വിദഗ്ദ്ധരുടെ പൊതുവായ മുന്നറിയിപ്പ്.

