വെള്ളത്തിന്റെ നിറം നീലയാണെന്നാണ് പല ആളുകളുടെയും ധാരണ. കടലിന്റെ നിറം നീലയായിട്ടാണ് കാണപ്പെടുന്നത് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് പലരും ഇപ്രകാരം ചിന്തിക്കുന്നത്. എന്നാൽ ജലത്തിന് നിറമില്ല എന്നതാണ് സത്യം. തടാകങ്ങളിലും സമുദ്രങ്ങളിലും മറ്റ് ജലാശയങ്ങളിലും നാം കാണുന്ന നിറം യഥാർത്ഥത്തിൽ ജലത്തിനുള്ളിലെ വിവിധ കണങ്ങളുടെ പ്രകാശത്തിൻ്റെ അപവർത്തനമാണ്.
സമുദ്രത്തിലേക്ക് പ്രവേശിക്കുന്ന മിക്കവാറും എല്ലാ സൂര്യപ്രകാശവും വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ സമുദ്രം നീല നിറത്തിൽ കാണപ്പെടുന്നു. സൂര്യപ്രകാശത്തിൻ്റെ ചുവപ്പ്, മഞ്ഞ, പച്ച എന്നീ തരംഗദൈർഘ്യങ്ങൾ സമുദ്രത്തിലെ ജല തന്മാത്രകളാൽ ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ഇത് എല്ലാ ജലാശയങ്ങൾക്കും ഒരുപോലെയല്ല. ജലാശയങ്ങൾ മഴവില്ലിൻ്റെ എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നു! ലോകത്തിലെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ജലാശയങ്ങൾ ഉണ്ട്. അവ ഏതെന്നും അതിന്റെ കാരണങ്ങളും വായിച്ചറിയാം.
1. കാനോ ക്രിസ്റ്റൽസ്, കൊളംബിയ
വർണ്ണാഭമായ ഈ നദി ഇംഗ്ലീഷിൽ ‘റെയിൻബോ റിവർ’ എന്നാണ് അറിയപ്പെടുന്നത്. വെള്ളത്തിലെ പോഷകങ്ങളുടെയും ചെറിയ കണങ്ങളുടെയും അഭാവം മൂലമാണ് നദിയിലെ ജലം വളരെയധികം തെളിമയുള്ളതായി കാണപ്പെടുന്നത്. നദിക്കടിയിലെ വിവിധ നിറത്തിലുള്ള ജലസസ്യങ്ങളിൽ നിന്നാണ് വിവിധ വർണ്ണങ്ങൾ ഈ നദിക്കുണ്ടാകുന്നത്. ചുവപ്പ്, വെള്ള, കറുപ്പ്, നീല, മഞ്ഞ എന്നിങ്ങനെയാണ് നദിയിലെ വെള്ളത്തിന്റെ നിറമായി കാണപ്പെടുന്നത്.
2. ലഗുണ കൊളറാഡ, ബൊളീവിയ
ഈ ഉപ്പ് തടാകത്തിൽ ബോറാക്സ് കഷ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ചുവപ്പും വെള്ളയും നിറത്തിലാണ് ഈ തടാകം കാണപ്പെടുന്നത്. തടാകത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചുവന്ന അവശിഷ്ടങ്ങളും ആൽഗകളുമാണ് ഇതിന്റെ നിറത്തിനു കാരണം.
3. ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗ്, യുഎസ്എ
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന, ഈ തടാകത്തിനു ചുറ്റും സൂക്ഷമജീവികളുടെ ഒരു പരവതാനിയുണ്ട്. അതിനാൽ തന്നെ ഇതിന്റെ നിറവ്യത്യാസമനുസരിച്ച് പച്ച മുതൽ ചുവപ്പുവരെയുള്ള നിറങ്ങൾ ഇതിലെ ജലത്തിനുണ്ടാകുന്നു.
4. ചോട്ട് എൽ ഡിജെറിഡ്, ടുണീഷ്യ
സഹാറ മരുഭൂമിയുടെ ടുണീഷ്യൻ ഭാഗത്താണ് ഈ വലിയ ഉപ്പ് തടാകം സ്ഥിതി ചെയ്യുന്നത്. ഇത് വർഷത്തിൽ ഭൂരിഭാഗവും വരണ്ടുകിടക്കുന്ന ഒരു സീസണൽ തടാകമാണ്. ഇളം പച്ച മുതൽ ഇളം പിങ്ക്, ഓറഞ്ച് വരെ നിറത്തിൽ ഇതിലെ വെള്ളം കാണപ്പെടുന്നു.
5. നട്രോൺ തടാകം, ടാൻസാനിയ
ഈ ആഴം കുറഞ്ഞ ഉപ്പുവെള്ള തടാകം ചൂടുള്ള കാലാവസ്ഥ കാരണം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് ശേഷിക്കുകയും ചെയ്യുന്നു. ഈ ഉപ്പുരസമുള്ള അവസ്ഥയിൽ സൂക്ഷ്മാണുക്കൾ തഴച്ചുവളരുകയും ഇത് വെള്ളത്തിന് നിറം നൽകുകയും ചെയ്യുന്നു.
6. ബക്‌സ്റ്റണിലെ ബ്ലൂ ലഗൂൺ, യു കെ
മറ്റ് ജലാശയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തടാകം കാണപ്പെടിന്നത് ഇരുണ്ട നിറത്തിലാണ്. തടാകത്തിൽ നീന്തുന്നതിൽ നിന്ന് ആളുകളെ അകറ്റിനിർത്താൻ ഈ നിറത്തിനു കഴിയുന്നു. ചുണ്ണാമ്പുകല്ലിൽ നിന്ന് ഒഴുകുന്ന രാസവസ്തുക്കളിൽ നിന്നാണ് ഈ കടുംനീല നിറം വരുന്നത്.
7. ലഗുണ 69, പെറു
ഇത് കടലിനോട് ചേർന്ന് കിടക്കുന്ന ഒരു ലഗൂൺ ആണ് (കായലിനു സമാനമായത്). അതിന്റെ ഉയരം 14,764 അടിയാണ്. വെള്ളത്തിലെ ധാതുക്കളിൽ നിന്നാണ് ഇതിന് അതിശയകരമായ തിളക്കമുള്ള ഗോമേദക നിറം ലഭിക്കുന്നത്.