“താലിബാൻ അധികാരത്തിൽ വരുന്നതിനു മുൻപ് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുവാൻ കഴിഞ്ഞത് ഭാഗ്യം. പക്ഷെ വൈകാതെ യൂണിവേഴ്സിറ്റികൾ പെൺകുട്ടികൾക്ക് മുന്നിൽ അടക്കപ്പെടും എന്ന് ഞാൻ ഭയക്കുന്നു. പഠിക്കുവാനുള്ള എന്റെ സ്വപ്നം യാഥാർഥ്യമാകുമോ എന്ന് അറിയില്ല,” അഫ്ഗാനിസ്ഥാനിലെ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു പെൺകുട്ടിയുടെ വാക്കുകൾ ആണ് ഇത്. അടുത്തിടെ സർവകലാശാലാ എൻട്രൻസ് എഴുതി പാസായെങ്കിലും മാധ്യമ പ്രവർത്തനം പഠിക്കുവാൻ ഉള്ള അവകാശം പെൺകുട്ടിയായതിന്റെ പേരിൽ മാത്രം നിഷേധിക്കപ്പെട്ട ഈ യുവതിയുടെ വാക്കുകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുമേൽ താലിബാൻ നടത്തുന്ന അതിക്രമങ്ങളുടെ തെളിവാണ്.
മാനസികമായും ശാരീരികമായും വീടിന്റെ നാലു ചുവരുകൾക്കുള്ളിലേയ്ക്ക് സ്ത്രീകളെ ഒതുക്കുന്നതിനുള്ള ശ്രമങ്ങളാണ് താലിബാൻ ഭരണത്തിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്നത്. ഓരോ ദിവസവും ഇവിടെ സ്ത്രീകൾ ഉണർന്നു എഴുന്നേൽക്കുന്നത് തന്നെ ഓരോ പുതിയ നിയന്ത്രണങ്ങൾക്ക് മുന്നിലേക്കാണ്. പ്രതികരിക്കാനോ എതിർക്കാനോ അനുസരണക്കേട് കാട്ടാനോ കഴിയില്ല. അങ്ങനെ ചെയ്താൽ പിന്നെ ജീവനോടെ കാണില്ല. അതാണ് താലിബാൻ നിയമം.
“അഫ്ഗാൻ സ്ത്രീകൾ നിശ്ശബ്ദത പാലിക്കില്ലെന്ന് താലിബാനെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം സ്ത്രീകൾക്കിടയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കിടയിൽ പുസ്തകങ്ങൾ വായിക്കുന്ന സംസ്കാരം വികസിപ്പിക്കുക എന്നതാണ്” എന്നു മനുഷ്യാവകാശ പ്രവർത്തകയായ ആക്ടിവിസ്റ്റ് ലൈല ബാസിം പറയുന്നു. എന്നാൽ ഇത് എത്രത്തോളം നടപ്പിലാക്കാൻ കഴിയും എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കുള്ള ഇടങ്ങൾ കുറയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് താലിബാൻ നിയമം കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരെ തടവിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളടക്കം ഉള്ളവരെ ഫുട്‍ബോൾ സ്റ്റേഡിയത്തിൽ പരസ്യമായി ചാട്ടവാറിനടിച്ച സംഭവം വരെ ഉണ്ടായി.
മറ്റു രാജ്യങ്ങളിൽ സ്ത്രീകൾ ചൊവ്വയിൽ വരെ ഗവേഷണങ്ങൾക്കും മറ്റുമായി പോകുമ്പോൾ ഇവിടെ, താലിബാൻ കീഴിൽ അടിസ്ഥാന അവകാശങ്ങൾ പോലും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുകയാണ്. ഇതിൽ വിദ്യാർഥികളടക്കം ഉള്ളവർ അസ്വസ്ഥരാണ്. “വൈകാതെ തന്നെ സ്ത്രീകൾ വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങരുത് എന്ന നിയമം വരും. താലിബാന്റെ കീഴിൽ അസാധ്യമായത് ഒന്നുമില്ല” വിദ്യാർത്ഥികളായ പെൺകുട്ടികൾ പറയുന്നു.