Tuesday, November 26, 2024

ഇറാനും മതകാര്യ പോലീസും; ഒരു ചെറുചരിത്രം

ഹിജാബ് ശരിയായി ധരിച്ചില്ല എന്ന കാരണത്താൽ 22- കാരിയായ മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തതും തുടർന്നുണ്ടായ അവരുടെ മരണവുമാണ് ഇറാനിലെ പല സർക്കർ അടിച്ചമർത്തലുകളും ലോകത്തിനു മുന്നിൽ വെളിപ്പെടാൻ കാരണമായത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിലുടനീളം ക്രൂരതയുടെ പര്യായമായി നിലകൊണ്ട ഒന്നാണ് ഇറാനിലെ മതകാര്യ പോലീസ്. കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം പിരിച്ചുവിടാൻ തീരുമാനിച്ച ഈ മതകാര്യ പോലീസ് സംവിധാനത്തെയും അതിന്റെ ചരിത്രത്തെയും കുറിച്ച് അറിയാം…

എന്തായിരുന്നു ‘മതകാര്യ പോലീസ്

ഇറാന്റെ മതകാര്യ പോലീസ് രാജ്യത്തിന്റെ പോലീസ് സംവിധാനത്തിന്റെ ഭാഗമാണ്. അത് രാജ്യത്ത് ഇസ്ലാമിക നിയമങ്ങളും ഡ്രസ് കോഡും നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നു. ഇത് യഥാർത്ഥത്തിൽ ഇറാൻ സർക്കാരിന്റെ വിശ്വസ്തരും അർദ്ധസൈനിക വിഭാഗങ്ങളായി സ്വയം കരുതുന്നവരുമായ ഒരു കൂട്ടം ആളുകളാണ്. ഇറാനിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സർക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൽ പൊലീസ് പ്രധാന പങ്ക് വഹിക്കുന്നു.

ഇറാനിൽ 1995- ൽ നിലവിൽ വന്ന നിയമമനുസരിച്ച് 60 വയസു വരെ പ്രായമുള്ള, ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തടവിലിടാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ട്. കൂടാതെ, ഹിജാബ് ധരിക്കാത്തതിന് 74 ചാട്ടയടി മുതൽ 16 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

മതകാര്യ പോലീസിന്റെ ചരിത്രം

ഇറാനിലെ പഹ്ലവി രാജവംശത്തിലെ ആദ്യത്തെ രാജാവായ റെസ ഷാ പഹ്ലവി ആയിരുന്നു 1925 മുതൽ 1941 വരെ ഇറാൻ ഭരിച്ചിരുന്നത്.1936 ജനുവരി എട്ടിന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവിൽ, സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. ആധുനികവും മതേതരവുമായ സമൂഹത്തിന്റെ വക്താവായിരുന്നു ഷാ. അതോടെ ഹിജാബ് നിരോധനം രാജ്യത്ത് കർശനമായി പാലിച്ചു. എന്നാൽ റേസ ഷായുടെ ഈ ഉത്തരവ് അദ്ദേഹത്തിന് തിരിച്ചടിയായി. നാടുകടത്തപ്പെട്ട ഷായ്ക്ക് പകരം മകൻ ചുമതലയേറ്റെടുത്തു.

തുടർന്ന് ഇറാന്റെ പരമോന്നത നേതാവ്, ആയത്തുള്ള ഖൊമേനി അധികാരത്തിലെത്തിയ ശേഷം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി. ഹിജാബ്, വിപ്ലവത്തിന്റെ പ്രതീകമായി അദ്ദേഹം ഉപയോഗിച്ചു. എന്നാൽ ഹിജാബിന്റെയും ബുർഖയുടെയും നിരോധനത്തെ സമൂഹത്തിലെ ചില വിഭാഗങ്ങൾ എതിർത്തിരുന്നു. ഇക്കാരണത്താൽ പുരുഷന്മാർ, തങ്ങളുടെ വീട്ടിൽ നിന്ന് സ്ത്രീകൾ പുറത്തിറങ്ങുന്നത് നിരോധിച്ചു. 1979- ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷം മതകാര്യ പോലീസിന്റെ പല രൂപങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

1979- ലെ ഇറാനിയൻ വിപ്ലവത്തെ തുടർന്ന് 1981- ൽ ഇറാൻ ഒരു നിയമം പാസാക്കി. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കണമെന്ന ഈ ഉത്തരവ് നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല സദാചാര പോലീസിനെ ഏൽപിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന വിധത്തിലുള്ള സംവിധാനം നിലവിൽ വന്നത്.

സാധാരണയായി ഷോപ്പിംഗ് സെന്ററുകൾ, സബ് വേ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ നിരീക്ഷിക്കുക എന്നതാണ് മതകാര്യ പോലീസിന്റെ ജോലി. ബുർഖയും ഹിജാബും ധരിക്കാത്ത സ്ത്രീകളെ കണ്ടാൽ ഉടൻ അവർ കസ്റ്റഡിയിലെടുക്കും. ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ജയിലിലടക്കുന്നത്. ഇനി ജയിൽശിക്ഷ ലഭിക്കാത്ത സ്ത്രീകളെ ഒരു കേന്ദ്രത്തിലേക്ക് അയക്കുന്നു. അവിടെ അവരെ ഹിജാബ് എങ്ങനെ ധരിക്കണമെന്ന് പഠിപ്പിക്കുന്നു.

Latest News