ഓരോ വ്യക്തികളുടെയും പ്രത്യേകതകളെ മനസിലാക്കുകയും അവയെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള ആദ്യപടി പൂർണ്ണമാകുന്നത്. മറ്റൊരാളുടെ ഇഷ്ടത്തിനും താല്പര്യത്തിനും വഴങ്ങി ജീവിക്കാൻ ഒരുപരിധിയിൽ കൂടുതൽ നമുക്ക് സാധിക്കുകയില്ല. അതിനാൽ തന്നെ, നമ്മുടെ കുഞ്ഞുങ്ങളെ തനതായ വ്യകതിത്വത്തിൽ വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ശരിയായ വ്യക്തിത്വ വികാസത്തിന് കുഞ്ഞുങ്ങളെ സഹായിക്കുക എന്നത് ഒരു വലിയ വിളിയാണ്.
സ്നേഹത്തിലും സത്യത്തിലും അടിസ്ഥാനപ്പെടുത്തിയ വ്യക്തിത്വ വികസനം
കുടുംബങ്ങൾക്കു വേണ്ടിയുള്ള വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കത്തിൽ, സത്യവും സ്നേഹവുമാണ് ഏറ്റവും ശ്രേഷ്ഠമായതെന്നു പറയുന്നുണ്ട്. കുഞ്ഞുങ്ങളിലെ യഥാർത്ഥ സ്വത്വം രൂപപ്പെടാൻ മാതാപിതാക്കളുടെ സ്നേഹവും സത്യത്തെ അടിസ്ഥാനപ്പെടുത്തിയ ജീവിതവും അഭികാമ്യമാണ്. പരിധികളില്ലാത്ത സ്നേഹത്തിൽ വളരുന്ന കുഞ്ഞുങ്ങൾ ആത്മാഭിമാനം ഉള്ളവരും ദൈവവിശ്വാസത്തിൽ വളർന്നുവരുന്നവരുമായിരിക്കും.
ദൈവം തന്റെ സ്നേഹത്തിന് കണക്കു വയ്ക്കാറില്ല; അതുപോലെ തന്നെയാകണം മാതാപിതാക്കളും. കരുണയും സ്നേഹവും സത്യവും ഒന്നുചേരുമ്പോൾ മാതാപിതാക്കളും മക്കൾക്കു മുൻപിൽ ദൈവത്തിന്റെ നിഴലുകളായി മാറും. നമ്മുടെ യോഗ്യതകൾ നോക്കിയല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. അവിടുത്തെ ആർദ്രതയെയും കാരുണ്യത്തെയുമാണ് മാതാപിതാക്കളും മുഖവിലയ്‌ക്കെടുക്കേണ്ടത്.
യഥാർത്ഥത്തിൽ അവനോ, അവളോ ആകാൻ കുട്ടിക്ക് സ്നേഹം ആവശ്യമാണ്. സത്യം ആവശ്യമാണ്. കുഞ്ഞുങ്ങളോട് കള്ളം പറയുക എന്നാൽ അവരെ തികഞ്ഞ വ്യക്തികളാകാൻ അനുവദിക്കാതിരിക്കുക എന്നതാണ്. സത്യത്തിലൂന്നിയ ജീവിതം നയിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഒരിക്കലും മറ്റൊരു അവലംബം ആവശ്യമില്ല. അതുകൊണ്ടു തന്നെ ‘അതെ’ എന്നോ ‘അല്ല’ എന്നോ പറയാൻ ഈ കുഞ്ഞുങ്ങൾക്ക് ഒരു ഭയാശങ്കയും ഉണ്ടാകില്ല.
വളർച്ചയെന്നത് ഒരു ദിവസത്തെ പ്രക്രിയയല്ല
കൗമാരപ്രായത്തിൽ മക്കളുടെ വ്യക്തിത്വം ഒരു ധർമ്മസങ്കടത്തിലൂടെ കടന്നുപോകുന്ന സമയമാണ്. അവർക്കും അവരുടെ ചുറ്റുമുള്ളവർക്കും അസ്വസ്ഥതയുളവാക്കുന്ന അവസ്ഥയും ഉണ്ടാക്കാറുണ്ട്. മക്കൾ അല്പം ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് ഇടപഴകണം. മാതാപിതാക്കൾ അല്പം ക്ഷമയോടും കരുണയോടും കൂടി പെരുമാറേണ്ടതുണ്ട്. അവരുടെ പ്രായം എന്തുതന്നെ ആയാലും ആവശ്യമുള്ളതിനെ എങ്ങനെ, എപ്പോൾ സ്വീകരിക്കണമെന്നും തള്ളിക്കളയണമെന്നും അറിവുള്ളവരായിരിക്കണം മാതാപിതാക്കൾ.
“ഓരോ പുരുഷന്റെയും സ്ത്രീയുടെയും അഗാധമായ സ്വത്വം സത്യത്തിലും സ്നേഹത്തിലും ജീവിക്കാനുള്ള കഴിവിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഘടനാപരമായ സത്യത്തിന്റെയും സ്നേഹത്തിന്റെയും ആവശ്യകത ഇതിലടങ്ങിയിരിക്കുന്നു. സത്യത്തിന്റെയും സ്നേഹത്തിന്റെയും ഈ ആവശ്യം മനുഷ്യനെയും മറ്റു സൃഷ്ടികളെയും ദൈവത്തിങ്കലേക്ക് തുറക്കുന്നു” – കുടുംബങ്ങൾക്കായുള്ള കത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു. സ്വയം നൽകുന്നതിലൂടെയാണ് ഒരാൾ സ്വയം കണ്ടെത്തുന്നത്.