Tuesday, November 26, 2024

‘മാത്തർ എക്ലേസിയ’ മോണസ്ട്രി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ അവസാനകാലം ചെലവഴിച്ച വസതി

ബെനഡിക്ട് മാർപാപ്പാ തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവഴിച്ചത് ‘മാത്തർ എക്ലേസിയ’ മോണസ്ട്രിയിലായിരുന്നു. മരണശേഷം ഇന്നലെ ഭൗതികദേഹം വച്ചിരുന്നതും മാത്തർ എക്ലേസിയയിലെ ചാപ്പലിലായിരുന്നു. മാത്തർ എക്ലേസിയയെക്കുറിച്ച് അറിയേണ്ടതെല്ലാം. തുടർന്നു വായിക്കുക.

ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അഭ്യർത്ഥന മാനിച്ചാണ് 1990 – ൽ മാത്തർ എക്ലേസിയ മോണസ്ട്രി നിർമ്മിച്ചത്. 2013 – ൽ വിരമിച്ചതു മുതൽ 2022 – ൽ മരിക്കുന്നതുവരെ ബെനഡിക്ട് പതിനാറാമൻ പാപ്പാ അവിടെയായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായപ്പോഴും അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിനു വൈദ്യപരിചരണം ലഭ്യമാക്കിയത്.

എവിടെയാണ് മാത്തർ എക്ലേസിയ മോണസ്ട്രി സ്ഥിതിചെയ്യുന്നത്?

‘മാത്തർ എക്ലേസിയ’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ‘സഭയുടെ മാതാവ്’ എന്നാണ്. വത്തിക്കാൻ കുന്നിന്റെ മുകളിൽ, പൂന്തോട്ടങ്ങളുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ആശ്രമമാണിത്. ഏകദേശം 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട് ഈ ആശ്രമത്തിന്. ഫ്രാൻസിസ് പാപ്പാ താമസിക്കുന്ന സാന്താ മാർത്തയിൽ നിന്ന് 350 മീറ്റർ മാത്രം അകലെയാണ് ഈ ആശ്രമം.

ഈ ആശ്രമത്തിന്റെ ഉത്ഭവം 

1992- നും 1994- നുമിടയിൽ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അഭ്യർത്ഥനപ്രകാരം, വത്തിക്കാൻ പോലീസ് വിഭാഗത്തിന്റെ മുൻ ഓഫീസ് ഒരു മിണ്ടാമഠമാക്കി മാറ്റുകയായിരുന്നു. മാർപാപ്പക്കും അദ്ദേഹത്തിന്റെ ദൗത്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന സന്യസിനിമാരുടെ ഒരു മിണ്ടാമഠം ഉണ്ടാകണം എന്ന ജോൺ പോൾ മാർപാപ്പയുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ ആശ്രമം. ഏറ്റവും ആദ്യം ഈ ആശ്രമത്തിൽ നിശബ്ദ പ്രാർത്ഥനയ്ക്കായി എത്തിച്ചേർന്നത് ‘പുവർ ക്ലയേഴ്സ്’ സിസ്റ്റർമാർ ആയിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഏതെങ്കിലും പുതിയ സന്യാസിനി സമൂഹത്തെയായിരുന്നു ഈ ദൌത്യം ഏൽപ്പിച്ചിരുന്നത്‌. അതിൻ പ്രകാരം 1999 മുതൽ 2004 വരെ ഡിസ്കാൾഡ് കാർമെലൈറ്റ്സും. 2004 മുതൽ 2009 വരെ ബെനഡിക്റ്റൈൻ സന്യാസിനിമാരും 2009 മുതൽ 2012 അവസാനം വരെ വിസിറ്റേഷൻ സന്യാസിനിമാരുമാണ് ഇവിടെ താമസിച്ചിരുന്നത്.

എന്തുകൊണ്ടാണ് എമിരറ്റസ് പാപ്പാ, ഈ ആശ്രമം താമസിക്കാനായി തെരഞ്ഞെടുത്തത്?

2012 അവസാനത്തോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി വിസിറ്റേഷൻ സന്യാസിനിമാരോട് അവരുടെ ആശ്രമത്തിലേക്ക് മടങ്ങാൻ വത്തിക്കാനിൽ നിന്നും വളരെ രഹസ്യമായി നിർദ്ദേശിച്ചു. ഇറ്റാലിയൻ പത്രപ്രവർത്തകൻ മാസിമോ ഫ്രാങ്കോ തന്റെ പുസ്തകമായ ‘ഇൽ മൊണാസ്റ്റെറോ’ -ൽ (സോൾഫെറിനോ, 2022) ഇത് റിപ്പോർട്ട് ചെയ്യുന്നു. 2013 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമൻ പാപ്പാ അവിടേക്ക് മാറാൻ പദ്ധതിയിട്ടിരുന്നു. അതായിരുന്നു സിസ്റ്റെഴ്സിനോട് മാറാൻ ആവശ്യപ്പെട്ടതിന്റെയും ആശ്രമം നവീകരിക്കാൻ ആരംഭിച്ചതിന്റെയും പിന്നിലെ കാരണം.

2013 മേയ് 2 വരെ ആശ്രമത്തിലെ നവീകരണ പ്രവർത്തനങ്ങൾ തുടർന്നു. അതിനു ശേഷം തന്റെ രാജിയെ തുടർന്ന് ബെനഡിക്ട് പാപ്പാ ഈ ആശ്രമത്തിലേക്ക് താമസം മാറി. ഇവിടെ താമസം തുടങ്ങിയതിനു ശേഷം വളരെ ചുരുക്കമായേ അദ്ദേഹം പുറത്ത് പോയിട്ടുള്ളൂ. പൂന്തോട്ടത്തിലെ പതിവ് നടത്തം, അപൂർവ്വമായ ചില ഔദ്യോഗിക കൂടിക്കാഴ്ചകൾ, 2020- ൽ സഹോദരൻ ഫാ. ജോർജിന്റെ മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തെ സന്ദർശിക്കാൻ ജർമ്മനിയിലേക്ക് നടത്തിയ യാത്ര എന്നിവയൊഴികെ ഈ ആശ്രമം വിട്ട് അദ്ദേഹം അധികം പുറത്തു പോയിട്ടില്ല.

ആരൊക്കെയായിരുന്നു ഈ ആശ്രമത്തിലെ മറ്റു താമസക്കാർ? 

ബെനഡിക്ട് പാപ്പയ്ക്കു പുറമെ, അദ്ദേഹത്തിന്റെ സെക്രട്ടറിയും സുഹൃത്തുമായ ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്‌വെയിനും ഈ ആശ്രമത്തിൽ താമസിച്ചിരുന്നു. 1996- ൽ, അന്ന് വിശ്വാസ തിരുസംഘത്തിൽ പ്രവർത്തിച്ചിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗറിനെ സഹായിക്കാൻ എത്തിയതായിരുന്നു ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്‌വെൻ. അവസാനം വരെ അദ്ദേഹം എമിരിറ്റസ് പാപ്പായുടെ കൂടെയുണ്ടായിരുന്നു.

ഈ ആശ്രമത്തിലാണ് ഇറ്റാലിയൻ പ്രസ്ഥാനമായ കമ്മ്യൂണിയൻ ആന്റ് ലിബറേഷന്റെ സമർപ്പിതശാഖയായ മെമോർസ് ഡൊമിനിയുടെ നാല് സന്യാസിനിമാരും ഉള്ളത്. എമിരിറ്റസ് പാപ്പായെ സഹായിക്കുകയായിരുന്നു അവരുടെ ദൌത്യം. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി ബിർഗിറ്റ് വാൻസിനും ഷോൺസ്റ്റാറ്റ് പ്രസ്ഥാനത്തിലെ അംഗമായ ഒരു സന്യാസിനിയും പകൽ ഇവിടെ ജോലി ചെയ്യുമായിരുന്നെങ്കിലും രാത്രി റോമിലേക്കു പോകുമായിരുന്നു.

ബെനഡിക്ട് പാപ്പായുടെ ദൈനംദിന ജീവിതം 

ബെനഡിക്ട് പാപ്പായുടെ സെക്രട്ടറി ആർച്ചുബിഷപ്പ് ഗാൻസ്‌വെയ്‌നും വസതിയിലേക്കു ക്ഷണിക്കപ്പെട്ട ഏതാനും അതിഥികളും റിപ്പോർട്ട് ചെയ്തതല്ലാതെ, പാപ്പായുടെ രാജിക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സമീപവർഷങ്ങളിൽ, മാർപാപ്പ തന്റെ ജീവിതത്തിൽ ഏറിയ സമയവും വായനക്കും പ്രാർത്ഥനക്കുമായിട്ടാണ് ചിലവഴിച്ചിരുന്നത്. ആശ്രമത്തിലെ മറ്റുള്ളവർക്കൊപ്പം എല്ലാ ദിവസവും ചെറിയ ചാപ്പലിൽ ബെനഡിക്ട് പാപ്പാ  വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

വിശാലമായ ലൈബ്രറിയും സമാധാനപരമായ ചുറ്റുപാടുമുള്ളതിനാലാണ് അദ്ദേഹം ഇവിടെ താമസിക്കാൻ ഇഷ്ടപ്പെട്ടത്. ഒരു സംഗീതപ്രേമിയായ പാപ്പാ സംഗീതം കേൾക്കുകയും ചിലപ്പോൾ ഇവിടെയുള്ള പിയാനോ വായിക്കുകയും ചെയ്യുമായിരുന്നു. ആദ്യവർഷങ്ങളിൽ ആഴ്‌ചയിൽ ആറു ദിവസവും അദ്ദേഹം നിരവധി അതിഥികളെ സ്വീകരിച്ചിട്ടുണ്ട്.  പുതിയ കർദ്ദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ആഗസ്റ്റ് 27- ന് ബെനഡിക്ട് പാപ്പയെ സന്ദർശിച്ചിരുന്നു. ഡിസംബറിന്റെ തുടക്കത്തിൽ ‘റാറ്റ്സിംഗർ പ്രൈസ്’ ലഭിച്ചവരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ശാന്തതയുടെയും സമാധാനത്തിന്റെയും ഇടമായിരുന്ന ‘മാത്തർ എക്ലേസിയ’യിൽ നിന്നും അദ്ദേഹമിപ്പോൾ നിത്യസമാധനതിന്റെ ഇടമായ സ്വർഗ്ഗത്തിലേയ്ക്ക് യാത്രയായിരിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

Latest News