Wednesday, November 27, 2024

ജനുവരി 30 ഒരു ഓര്‍മ്മപ്പെടുത്തല്‍; മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75 -ാം വാര്‍ഷികം

ജനുവരി 30 ചരിത്രത്താളുകളില്‍ കുറിച്ചത് ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയ വാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം.

ആശയങ്ങളുടെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഗാന്ധിജി. അധികാരം കൈയാളാതെ തന്റെ ഭാവനയിലൂടെ ഭരണകൂടത്തിന്റെ സ്വഭാവം നിര്‍വചിച്ചയാള്‍. മേല്‍വസ്ത്രം ഉപേക്ഷിച്ച് സ്വന്തം വേഷത്തെ ജാതി-മത -പ്രാദേശിക സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ചും സ്വയം കൃഷിക്കാരനും നെയ്ത്തുകാരനുമാണെന്ന് പ്രഖ്യാപിച്ചും അദ്ദേഹം ജനങ്ങളോട് ചേര്‍ന്നുനിന്നു. അഹിംസയിലൂടെ വിയോജിപ്പിന്റെയും പ്രതിരോധത്തിന്റെയും ധാരണകളെ അദ്ദേഹം അട്ടിമറിച്ചു. ചര്‍ക്കയെയും ഖദറിനെയും സമന്വയിപ്പിച്ച്, മനുഷ്യ പ്രയത്‌നത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നങ്ങളാക്കി മാറ്റി.

എല്ലാത്തരം വര്‍ഗീയതയെയും ഗാന്ധിജി തള്ളിപ്പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന് കീഴ്‌പെടണമെന്ന വാദത്തെ അദ്ദേഹം പുച്ഛിച്ചുതള്ളി. വ്യത്യസ്ത മതത്തിലും വംശത്തിലും ജീവിതരീതികളിലും പെട്ടവരുമായി ഒത്തുപോകുകയേ നിവൃത്തിയുള്ളൂയെന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. ഇതിന്റെയെല്ലാം ഫലമായി ഗാന്ധിജി മൃത്യു ഏറ്റുവാങ്ങിയത് നമ്മള്‍ ജീവിക്കാന്‍ വേണ്ടിയാണ്. ഇക്കാരണത്താല്‍ തന്നെ നാം ഈ രാജ്യത്ത് ജീവിക്കുന്നത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് മിഴിവേകാനാവണം.

ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍…

ഒരു ചര്‍ക്ക, കറുത്ത വട്ടക്കണ്ണട, മുട്ടുവരെയെത്തുന്ന മുണ്ടുടുത്ത മെലിഞ്ഞ ശരീരം, വടി….മഹാത്മാഗാന്ധിയെ കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന രൂപമാണിത്. അഹിംസയിലും സത്യത്തിലും അടിയുറച്ച ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്രയും ലളിതമായി ഒരു വ്യക്തിയ്ക്ക് ജീവിക്കാമെന്ന പാഠവും അദ്ദേഹം പകര്‍ന്നു തന്നു.

കുട്ടിക്കാലവും വിവാഹവും

നാണംകുണുങ്ങിയായിരുന്നു താനെന്ന് ഗാന്ധി തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കരംചന്ദ് ഗാന്ധി-പുത്‌ലിഭായി ദമ്പതികളുടെ ഇളയ മകനായി 1869 ഒക്ടോബര്‍ രണ്ടിന് മോഹന്‍ദാസ് ജനിച്ചു. ഗാന്ധിക്ക് ഏഴു വയസ്സുള്ളപ്പോള്‍ കുടുംബം പോര്‍ബന്തറില്‍ നിന്ന് രാജ്‌കോട്ടിലേയ്ക്കു പോയി. അങ്ങനെ മോഹന്‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഗാന്ധിയുടെ വിവാഹം നടന്നത്. പതിമൂന്നാം വയസില്‍. വധു പോര്‍ബന്ധറിലെ ഒരു വ്യാപാരിയുടെ മകളായ കസ്തൂര്‍ബ. ‘ബാ’ എന്ന വിളിപ്പേര് കൂടിയുണ്ടായിരുന്ന കസ്തൂര്‍ബ മഹാത്മജിയുടെ അയല്‍വാസിയുമായിരുന്നു. ‘മൂന്നു പ്രാവശ്യം എന്റെ വിവാഹ നിശ്ചയം നടത്തിയിട്ടുണ്ടെന്നാണ് ഓര്‍മ്മ. എനിക്കുവേണ്ടി ആലോചിച്ച രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു പോയത്രെ. ആദ്യത്തെ വിവാഹാലോചന എനിക്ക് ഏഴ് വയസുള്ളപ്പോഴാണെന്ന് തോന്നുന്നു’. ഗാന്ധി തന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍’ പറയുന്നുണ്ട്. ബാല്യ വിവാഹം എന്ന അപകടം ഇന്നത്തെ കുട്ടികള്‍ക്ക് ഉണ്ടാകാത്തതില്‍ സന്തോഷിക്കുന്നു എന്നും ഗാന്ധി പില്‍ക്കാലത്ത് ശൈശവ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു.

‘കസ്തൂര്‍ബാ ഗാന്ധി’യും ആട്ടിന്‍ പാലും

വിവാഹ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പോയ കസ്തൂര്‍ബ, ഗാന്ധിയ്‌ക്കൊപ്പം പല സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്തത് വിദേശ രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് കസ്തൂര്‍ബ. കസ്തൂര്‍ബയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് ഗിരിരാജ് കിഷോര്‍ രചിച്ച ‘കസ്തൂര്‍ബാ ഗാന്ധി’. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലോ ഗാന്ധിജിയെ കുറിച്ചുള്ള മറ്റുപുസ്തകങ്ങളിലോ ഏറെയൊന്നും വെളിപെടാത്ത ഒരു കസ്തൂര്‍ബയെയാണ് ഗ്രന്ഥകാരന്‍ തുറന്നുകാട്ടുന്നത്.

ഗാന്ധി എങ്ങനെ ആട്ടിന്‍ പാല്‍ കുടിക്കാന്‍ തുടങ്ങി എന്നത് പുസ്തകത്തില്‍ ഒരിടത്ത് ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. ആരോഗ്യം ക്ഷയിച്ച് അവശനായിരുന്ന ഗാന്ധിജിയ്ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. പക്ഷേ ശരീരം പുഷ്ടിപ്പെടാതെ ശസ്ത്രക്രിയ നടത്താന്‍ പറ്റില്ലെന്ന് ഡോകടര്‍ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കാനായി ഗാന്ധിജിയോട് പാല്‍ കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും കറവ പശുക്കളോട് കാണിക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് പാല്‍ കുടിക്കുന്നത് അദ്ദേഹം നേരത്തെ ഉപേക്ഷിച്ചിരുന്നു. ഇത് കസ്തൂര്‍ബയെ പ്രതിസന്ധിയിലാക്കുന്നു. ഗാന്ധിയുടെ തീരുമാനങ്ങള്‍ക്ക് കോട്ടം തട്ടാതെ അദ്ദേഹത്തെ പാല്‍ കുടിപ്പിക്കാന്‍ കസ്തൂര്‍ബ കണ്ടു പിടിച്ച സൂത്രമായിരുന്നു പശുവിന്‍ പാലിനു ബദലായി ആട്ടിന്‍ പാല്‍ നല്‍കാം എന്നത്. ഡോക്ടറും ഗാന്ധിജിയും അതിന് സമ്മതം മൂളുകയും ചെയ്തുവത്രേ.

പോരാട്ടവീര്യം പകര്‍ന്ന സംഭവം

കുട്ടിക്കാലത്ത് കണ്ട ഹരിശ്ചന്ദ്രന്‍ എന്ന നാടകത്തിലെ ഹരിശ്ചന്ദ്രനെ പോലെ സത്യസന്ധനാകണമെന്ന ഉറച്ച മനസ്സാണ് ഗാന്ധിജിയെ സത്യത്തിന്റെ ആള്‍രൂപമാക്കിയത്. രാജ്‌കോട്ടിലെ വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തിനായി 18 ാം വയസില്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയി. 1891 ല്‍ ബാരിസ്റ്ററായി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നിന്നു പ്രിട്ടോറിയയിലേക്കു ട്രെയിന്‍ യാത്രക്കിടെയാണ് വെള്ളക്കാര്‍ കറുത്ത വര്‍ഗക്കാരോടു കാണിക്കുന്ന അവഹേളനത്തിന്റെ തീവ്രത നേരിട്ട് അനുഭവിക്കേണ്ടി വന്ന സംഭവം നടക്കുന്നത്. ഒന്നാം ക്ലാസ് കംപാര്‍ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന അദ്ദേഹത്തോട് താഴ്ന്ന ക്ലാസിലുള്ള കംപാര്‍ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും തയാറാകാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയും ചെയ്തു. അധികാരികളുടെ വിവേചനവും അവഹേളനവുമാണ് ഗാന്ധിജിയുടെ മനസ്സില്‍ ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരത്തിന്റെ വിത്ത് പാകിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷവും അദ്ദേഹം പോരാട്ടവും ജനസേവനവും തുടര്‍ന്നു.

ലളിതം, സുന്ദരം ആ ജീവിതം

ജാതിമതഭേതമന്യേ ഇന്ത്യയൊട്ടാകെ നടത്തിയ വിവിധ കര്‍മമേഖലകളിലൂടെ അദ്ദേഹം യാതന അനുഭവിക്കുന്നവരുടെ നേതാവായി. യങ് ഇന്ത്യ, ഹരിജന്‍, ഇന്ത്യന്‍ ഒപ്പീനിയന്‍, നവജീവന്‍ എന്നീ പത്രങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളോട് അദ്ദേഹം സംസാരിച്ചു. എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും അഹിംസ എന്ന ആയുധം മാത്രമാണ് ഗാന്ധിജി ഉപയോഗിച്ചത്. മഹാത്മ, ബാപ്പു എന്നീ പേരുകളിലും അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. 1948 ജനുവരി 30 ന് ഡല്‍ഹിയില്‍ ബിര്‍ളാ ഹൗസില്‍ പ്രാര്‍ഥനാ യോഗത്തിനിടെയാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറയുകയുണ്ടായി, ‘ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. അത്രമാത്രം ലളിതവും സുന്ദരവുമായിരുന്നു ഗാന്ധിജിയുടെ ജീവിതം’ .

 

Latest News